കണ്ണൂരിൽ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിൻ്റെ അഭ്യാസം, കഴുത്തില്‍ വരിഞ്ഞ് മുറുക്കി പാമ്പ്, രക്ഷയ്‌ക്കെത്തി പെട്രോള്‍ പമ്പ് ജീവനക്കാരന്‍, വൈറൽ വിഡിയോ

കണ്ണൂര്‍: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്‌കന് അത്ഭുത രക്ഷ. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡില്‍ കണ്ട പെരുമ്പാമ്പിനെ ദേഹത്തിട്ടത്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ ഇടപെടലാണ് ചന്ദ്രന് രക്ഷയായത്.

ഇന്നലെ രാത്രി വളപട്ടണം ടോള്‍ ബൂത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. പാമ്പിനെ തോളിലിട്ടെത്തിയ ചന്ദ്രന്‍ പമ്പ് ജീവനക്കാരോട് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ പാമ്പ് കഴുത്തില്‍ മുറുക്കുകയായിരുന്നു. പെരുമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതോടെ മദ്യലഹരിയിലായിരുന്ന ചന്ദ്രന്‍ നിലതെറ്റി താഴെ വീണു. ഇതോടെ പെരുമ്പാമ്പ് ചന്ദ്രന്റെ കഴുത്തില്‍ കൂടുതല്‍ ശക്തമായി വരിഞ്ഞുമുറുക്കി.

സമീപത്തുണ്ടായിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരനാണ് രക്ഷയ്‌ക്കെത്തിയത്. ജീവനക്കാരനായ അഭിലാഷ് പാമ്പിനെ കഴുത്തില്‍ നിന്നും വലിച്ചുമാറ്റുകയായിരുന്നു. പാമ്പ് ഉടന്‍ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. ചന്ദ്രന് പരിക്കേറ്റില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

Articles You May Like

x