മകൻ്റെ വിവാഹത്തിന് 200 മദ്രസ വിദ്യാർത്ഥികൾക്ക് സദ്യ വിളമ്പി നൽകി കരുണാകരൻ, ഇത്തവണയും പതിവ് തെറ്റിച്ചില്ല; മതസൗഹാർദ്ദത്തിന് ഉത്തമ ഉദഹരണമെന്ന് സോഷ്യൽ മീഡിയ

മൂവാറ്റുപുഴ ഇടശ്ശേരിക്കുടി കരുണാകരൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കരുണാകരൻ തൻ്റെ മകൻ്റെ കല്യാണ ചടങ്ങിൽ ആദ്യ പന്തിയിൽ തന്നെ തൊട്ടടുത്തുള്ള മദ്രസയിലെ 200 കുട്ടികൾക്കും ഒരുമിച്ച് ഭക്ഷണം നൽകി. തന്റെ മകളുടെ വിവാഹത്തിനും, വീട്ടിലെ വിശേഷങ്ങൾക്കുമെല്ലാം തൊട്ടടുത്തുള്ള മദ്രസ വിദ്യാർത്ഥികൾക്ക് ഭക്ഷണം കരുണാകരൻ നൽകുന്നത് പതിവാണ്.

ഈ പതിവ് തെറ്റിക്കാതെയാണ് കഴിഞ്ഞദിവസം മകൻറെ വിവാഹ ദിവസവും കരുണാകരൻ പാലിച്ചത്. പായിപ്ര സെൻട്രൽ ജുമാമസ്ജിദിന്റെയും, മുനവിറുൽ ഇസ്ലാം മദ്രസയുടെയും അയൽവാസിയാണ് കരുണാകരൻ. ഞായറാഴ്ചയായിരുന്നു കരുണാകരന്റെ മകൻ മനോജിന്റെയും, ഞാറക്കാട് സ്വദേശിനിയായ അനിതയുടെയും വിവാഹം. വിവാഹത്തിന് മദ്രസയിൽ നിന്നും ക്ലാസ് കഴിഞ്ഞ് എത്തിയ 200 ഓളം വിദ്യാർത്ഥികൾക്ക് കരുണാകരൻ ആദ്യ പന്തിയിൽ തന്നെ ഇരുത്തി സദ്യ വിളമ്പി.

കല്യാണ തിരക്കുകൾക്കിടയിലും വിദ്യാർത്ഥികളെ സ്വീകരിക്കാൻ കരുണാകരൻ കാത്തുനിന്നു. കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ ഊട്ടി വിളമ്പിയും കരുണാകരൻ സന്തോഷിപ്പിച്ചു. രണ്ടുവർഷം മുൻപ് ആയിരുന്നു മകൾ മഞ്ജുഷയുടെ വിവാഹം. അന്നും അദ്ദേഹം വിദ്യാർത്ഥികൾക്കായി സദ്യ ഒരുക്കിയിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങൾക്കും തൊട്ടടുത്തുള്ള മദ്രസ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുക എന്നതാണ് കരുണാകരന്റെയും ഭാര്യ ഷൈലടെയും പതിവ്.

പായിപ്ര ജുമാ മാസ്ജിതിന് സമീപം താമസിക്കുന്ന കരുണാകരൻ ചെറുവട്ടൂരിൽ കർപെന്റെർ വർക്ഷോപ് നടത്തി വരികയാണ്. പായിപ്ര സെൻട്രൽ ജുമാ മാസ്ജിദ്ദിൽ എത്തി ഇമാമിനെ കൊണ്ട് പ്രാർതഥിപിക്കാറുമുണ്ട്. വിദ്യാർത്ഥികൾക്കൊപ്പം തന്നെ മഹല്ല് പ്രസിഡന്റ് എം.എ മുഹമ്മദ്‌, സെക്രട്ടറി പി.വി ഹസ്സൻ,മദ്രസസെക്രട്ടറി ഇ.പി അബൂബക്കർ, ഇമാം സിദ്ധിക്ക് റഹ്മാനി, മദ്രസ അദ്ധ്യാപകനായ അൻഷാദ് ബാഖവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Articles You May Like

x