15 വർഷമായി കിടപ്പിൽ; 90 വയസുകാരി സരസ്വതി അമ്മാൾ ഒരു ദിവസം കഴിക്കുന്നത് നാൽപതിലധികം നാരങ്ങാ മിഠായികൾ

പ്രായമാകുമ്പോൾ ചിലർക്ക് ചില ഭക്ഷണങ്ങളോട് ഒരു പ്രത്യേക താൽപര്യം തോന്നുമെന്ന് പറയാറുണ്ട്. പ്രത്യേകിച്ച് പ്രമേഹവും മറ്റുമുള്ളവർക്ക് മധുരം കഴിക്കുവാൻ ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. എന്നാൽ വയസ്സായി കഴിയുമ്പോൾ അസുഖങ്ങളെയും മുന്നോട്ടുള്ള ജീവിതത്തെയും കണക്കാക്കി പലരും തങ്ങളുടെ ഇഷ്ടങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇവിടെ 90 വയസ്സുകാരിയായ സരസ്വതി അമ്മാൾ ഇതിൽനിന്നൊക്കെ അല്പം വേറിട്ട് നിൽക്കുകയാണ്. കഴിഞ്ഞ 15 വർഷക്കാലമായി കിടപ്പുരോഗിയായ സരസ്വതി അമ്മ ഒരു ദിവസം കഴിക്കുന്നത് 40 ലധികം മിഠായികളാണ്.ആ മിഠായികളുടെ കാര്യത്തിലും ചില പ്രത്യേകതയുണ്ട്. നാരങ്ങ മിട്ടായി മാത്രമാണ് ഈ മുത്തശ്ശി കഴിക്കുന്നത്. 20 വർഷമായി സരസ്വതി അമ്മാളിന്റെ പ്രധാന ഭക്ഷണമാണ് നാരങ്ങ മിട്ടായി. ദിവസം നാല്പത്തിലധികം മിഠായിയാണ് ഈ അമ്മ അകത്താക്കുന്നത്.

മിഠായി കിട്ടിയില്ലെങ്കിൽ കാര്യം വഷളാകും. അതുകൊണ്ടുതന്നെ മകൻ ശങ്കരനാരായണൻ എന്ന കണ്ണൻ സ്വാമി നാരങ്ങാ മിഠായി ഹോൾസെയിൽ ആയി വീട്ടിൽ വാങ്ങി വെച്ചിരിക്കുകയാണ്. 150 എണ്ണം വീതം ഉള്ള ഒരു കുപ്പി മിഠായി അമ്മയ്ക്ക് നാല് ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്രയൊക്കെ മധുരം അകത്താക്കിയിട്ടും പ്രമേഹമോ മറ്റു രോഗങ്ങളോ ഒന്നും സരസ്വതി അമ്മാളിൽ ഇല്ലെന്നതും അത്ഭുതകരമായ കാര്യമാണ്. ഉറക്കമില്ലായ്മക്കുള്ള മരുന്ന് മാത്രമാണ് ഇവർ ആകെ കഴിക്കുന്നത്. ശരീരഭാരം കൂടുകയും കാലുകൾക്ക് ഭാരം താങ്ങാൻ ആവാതെ വരികയും ചെയ്തതോടെയാണ് സരസ്വതി അമ്മാൾ നിൽക്കാനോ നടക്കാനോ സാധിക്കാതെ കിടപ്പിലായത്. കിടക്കയിൽ എഴുന്നേറ്റിരിക്കുമെങ്കിലും ബാക്കി ആവശ്യങ്ങൾക്ക് എല്ലാം 68 വയസ്സുകാരനായ കണ്ണൻ സ്വാമിയുടെ സഹായം ഈ അമ്മയ്ക്ക് ആവശ്യമാണ്

കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തൻ മഠത്തിൽ പരേതനായ സുബ്രഹ്മണ്യസ്വാമിയുടെ ഭാര്യയാണ് സരസ്വതി അമ്മാൾ. നാരങ്ങാ മിഠായിക്ക് പുറമേ സരസ്വതി അമ്മാൾ ഒരു ദിവസം കഴിക്കുന്നത് ഉച്ചയ്ക്ക് അരച്ചട്ടകം ചോറ്, 3 മണിക്ക് അര ഗ്ലാസ് ഹോർലിക്സ്, വൈകിട്ട് ഒരുപിടി ചോറിൽ പാലും ശർക്കരയും ചേർത്ത് മിക്സിയിൽ അടിച്ച കഞ്ഞി എന്നിവയാണ്. മറ്റൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നാരങ്ങ മിഠായി നിർബന്ധമാണ്. ബ്ലോക്ക് ഓഫീസിൽ ക്ലാസ് ഫോർ ജീവനക്കാരൻ ആയിരുന്ന സുബ്രഹ്മണ്യ അയ്യർ സരസ്വതി അമ്മ ദമ്പതികൾക്ക് കണ്ണൻ സ്വാമി അടക്കം ഏഴ് മക്കളാണ് ഉള്ളത്. മൂത്തമകൾ അനന്തലക്ഷ്മി മരിച്ചുപോയി. മറ്റു മക്കളെല്ലാം പല സ്ഥലങ്ങളിലായി ജോലി ചെയ്തുവരികയാല്‍ അമ്മയുടെ പരിചരണ ചുമതല കണ്ണൻ സ്വാമിക്കാണ്.

Articles You May Like

x