ക്വാറികളിൽ കല്ല് ചെത്തി കൂലിപ്പണിയെടുത്ത് സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടി; നിത്യച്ചെലവിനുള്ള പണം പോലും കണ്ടെത്താൻ വകയില്ലാത്ത കുടുംബത്തിൽ നിന്നും പൊരുതി ജയിച്ച അനൂപിൻ്റെ ജീവിത കഥ ഇങ്ങനെ

സംസ്‌കൃതത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി വിജയകരമായി പൂർത്തിയാക്കി മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലെ മലക്കൽപ്പടി സ്വദേശി അനൂപ്. ചെങ്കൽ ക്വാറികളിൽ ചെത്തിയെടുക്കുന്ന കല്ലുകൾ തലച്ചുമടായി ലോറികളിലെത്തിക്കുന്ന അനൂപിന് മുന്നിൽ സംസ്‌കൃത പഠനമൊന്നും വലിയ ബുദ്ധിമുട്ടായിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പലവിധ കൂലിപ്പണികളെടുത്ത് ജീവിക്കുന്ന വ്യക്തിയാണ് അനൂപ്. ഒടുവിൽ കല്ല് ചെത്തി പടുത്തെടുക്കുന്നതുപോലെ തന്റെ അക്കാദമിക് കരിയറും അനൂപ് പടുത്തുയർത്തിയിരിക്കുകയാണ്.

കൂലിപ്പണിക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും അഞ്ച് സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ദളിത് കുടുംബത്തിന് അനൂപ് അഭിമാനമായി മാറിയിരിക്കുകയാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തും പലതരത്തിലുള്ള കൂലിപ്പണി എടുത്തുമായിരുന്നു അച്ഛൻ ചാത്തപ്പൻ കുടുംബം നോക്കിയിരുന്നത്. നിത്യച്ചെലവിനുള്ള പണം പോലും കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ പത്താം ക്ലാസിനപ്പുറമുള്ള വിദ്യാഭ്യാസമൊന്നും അവർ സ്വപ്‌നം കണ്ടിരുന്നില്ല.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലെ കുട്ടികളെല്ലാം പത്താം ക്ലാസ് പഠനം കഴിഞ്ഞാൽ പിന്നീട് വീട് നോക്കാനുള്ള തത്രപ്പാടിലേക്ക് ഇറങ്ങും. ബസ്സിൽ ക്ലീനറായും സിമന്റ് തേപ്പു സഹായിയായും ബേക്കറികളിൽ ജ്യൂസ് അടിച്ചുമെല്ലാം അവർ ജീവിതത്തെ നേരിടും. അനൂപിന്റെ സഹോദരനും പത്താം ക്ലാസ് പഠനത്തിന് ശേഷം അച്ഛനോടൊപ്പം ഇതുപോലെ ഒരു കൂലിപ്പണിക്കിറങ്ങി. ബിഎച്ച്എസ്എസ് മാവണ്ടിയൂരിലെ പത്താം ക്ലാസായിരുന്നു ചേച്ചിമാരുടേയും വിദ്യാഭ്യാസ യോഗ്യത. എന്നാൽ, അനൂപ് വഴിമാറി നടന്നു. ജോലിക്കൊപ്പം പഠനവും എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആ പത്താം ക്ലാസുകാരൻ ആഗ്രഹിച്ചത്. മാവണ്ടിയൂർ സ്‌കൂളിലെ പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രിക്ക് പട്ടാമ്പി കോളേജിൽ ചേർന്നു. സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. അവധി ദിവസങ്ങളിലെല്ലാം ജോലിക്ക് പോയാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തേപ്പ് പണിക്കും തെങ്ങിൻ തോട്ടം കിളയ്ക്കാനുമെല്ലാം പോയി. അതിൽനിന്ന് കിട്ടുന്ന പൈസ ഹോസ്റ്റൽ ഫീ അടയ്ക്കാനും വീട്ടിലെ ചെറിയ ആവശ്യങ്ങൾക്കുമെല്ലാം ഉപയോഗിച്ചു.

പട്ടാമ്പി കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം അനൂപ് മുഴുവൻ സമയ കൂലിപ്പണിക്കാരനായി മാറി. വീട്ടിലെ സാഹചര്യവും എന്തു പഠിക്കണമെന്ന് പറഞ്ഞുകൊടുക്കാൻ ആരുമില്ലാത്തതിനാലും ജോലി എന്നത് അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആ സമയത്ത് മുഴുവനായും ചെങ്കൽ ക്വാറിയിലെ ലോഡിങ് തൊഴിലാളിയായി മാറി. കോളേജിലെ നീണ്ട വരാന്തകൾക്ക് പകരം ചെങ്കല്ലിന്റെ പൊടി നിറഞ്ഞ വഴികളിലൂടെയായി അനൂപിന്റെ യാത്ര. ഇതിനിടയിൽ പട്ടാമ്പി കോളേജിൽ പഠിപ്പിച്ചിരുന്ന സത്യൻ മാഷിന്റെ വീട്ടിൽ അനൂപ് പോകുന്നത്. അവിടെ വീടിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അവിടേക്ക് കല്ല് ഇറക്കാൻ ചെല്ലാൻ മാഷ് തന്നെയാണ് അനൂപിനെ വിളിച്ചുപറഞ്ഞത്. ആ യാത്ര ജീവിതത്തിലെ വഴിത്തിരിവായി.’ഞാൻ വണ്ടിയിലാണെന്നും ജോലിക്ക് പോകാ എന്നും മാഷ്‌ക്ക് അറിയാം. വീടുപണി ആയപ്പോ കല്ലിനായി എന്നെ വിളിച്ചു. അവിടെ ലോഡ് ഇറക്കിയ ശേഷം മാഷ് കുറേ കാര്യങ്ങൾ സംസാരിച്ചു. ഇങ്ങനെ ലോഡിങ്ങിന് പോയിട്ട് കാര്യമില്ല. പഠിക്കണം എന്നൊക്കെ പറഞ്ഞു. പിജിക്ക് തിരുനാവായയിൽനിന്ന് വിളിച്ച കാര്യവും പറഞ്ഞു.’ അനൂപ് പറയുന്നു.

അന്ന് മാഷുടെ വീട്ടിൽ നിന്ന് തിരിച്ചുള്ള യാത്രക്കിടെ ലോറിയിലിരുന്ന് അനൂപ് ആലോചിച്ചത് മുഴുവൻ നിലച്ചുപോയ പഠനം തുടരുന്നതിനെ കുറിച്ചായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും പിജിക്ക് ജോയിൻ ചെയ്യും എന്നുള്ള കാര്യം അനൂപ് മനസിലുറപ്പിച്ചിരുന്നു. പഠിക്കാൻ താത്പര്യം ചരിത്രം ആയിരുന്നു. എന്നാൽ, തിരുനാവായയിലുള്ള കാലടി സംസ്‌കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ ചരിത്രവും മലയാളവുമെല്ലാം അഡ്മിഷൻ പൂർത്തിയായിരുന്നു. പിന്നെ അവശേഷിക്കുന്നത് സംസ്‌കൃതം മാത്രമായിരുന്നു. ഒടുവിൽ സത്യൻ മാഷിനെ തന്നെ അനൂപ് വിളിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. സംസ്‌കൃതം സാഹിത്യം എടുക്കാനായിരുന്നു മാഷുടെ ഉപദേശം. അങ്ങനെ ഇംഗ്ലീഷിൽ എൻട്രൻസ് എഴുതി പിജി സംസ്‌കൃത സാഹിത്യത്തിൽ അനൂപ് പ്രവേശനം നേടി.

ഡിഗ്രി വരെ സംസ്‌കൃതവുമായി ഒരു വിദൂരബന്ധം പോലും ഇല്ലാതിരുന്ന അനൂപ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടിയെപ്പോലെയാണ് തിരുനാവായ കോളേജിലെത്തിയത്. സംസ്‌കൃതത്തിലെ അക്ഷരങ്ങൾ പോലും അറിയാത്തതിനാൽ ആകെ അങ്കലാപ്പിലായിരുന്നു. എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥ. എന്നാൽ പ്രാദേശിക കേന്ദ്രത്തിലെ ഹെഡ് ആയിരുന്ന ഡോ. സി.കെ. ജയന്തി ടീച്ചർ അനൂപിന് പുതിയ വഴി വെട്ടിക്കൊടുത്തു. അനൂപ് എന്ന വ്യക്തിയെ രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ആദ്യം സംസ്‌കൃതം അക്ഷരങ്ങളാണ് പഠിച്ചത്. ടീച്ചർ എല്ലാവിധത്തിലും സഹായിച്ചു. ക്ലാസ് സമയം കഴിഞ്ഞും അനൂപ് കോളേജിലിരുന്ന് പഠിച്ചു. ഹിന്ദി നേരത്തെ അറിയാവുന്നതിനാൽ അക്ഷരങ്ങൾ വേഗത്തിൽ മനസിലാക്കാൻ കഴിഞ്ഞു. രണ്ട് ഭാഷകളും ദേവനാഗരി ലിപിയിൽ ആയിരുന്നതിനാലാണ് അത് എളുപ്പമായത്.

‘എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ജയന്തി ടീച്ചറോടാണ്. ഇന്നത്തെ അനൂപിനെ രൂപപ്പെടുത്തി എടുത്തത് അവരാണ്. എന്നെ ഒരു മകനെപ്പോലെയണ് കണ്ടത്. വീട്ടിൽ ആരും പത്താം ക്ലാസിന് അപ്പുറം പഠിക്കാത്തതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. ടീച്ചർ കൂടെനിന്ന് ഗവേഷണം പൂർത്തിയാക്കാനും സഹായിച്ചു. ഗവേഷണം പറയുമ്പോൾ ടീച്ചറെ പറയാതെ കടന്നുപോകാൻ കഴിയില്ല. ടീച്ചർ തന്നെയായിരുന്നു എന്റെ ഗൈഡും.’ അനൂപ് പറയുന്നു.

പിജി പഠനത്തിന് ശേഷം കാലടി സർവകലാശാലയിൽ എൻട്രസ് എഴുതി ഇന്റഗ്രേറ്റഡ് എംഫിൽ പിഎച്ച്ഡി നേടി. 2014-ലായിരുന്നു അത്. എംഫിലിന് ഗവേഷണ പ്രബന്ധം സമർപ്പിക്കണം. ‘നിളാ തീരത്തിന്റെ ശാസ്ത്ര പാരമ്പര്യം’ ആയിരുന്നു വിഷയം. പിഎച്ച്ഡിക്ക് വിഷയം ‘മലപ്പുറം ജില്ലയുടെ സംസ്‌കൃത പാരമ്പര്യം’ ആയിരുന്നു.

 

x