ഒന്നര വയസായ കുട്ടി വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ഐഫ രക്ഷിക്കാനായി കിണറിലേക്ക് എടുത്ത് ചാടുകയായിരുന്നു; കിണറില്‍ വീണ കുഞ്ഞിന് രക്ഷകയായി മാതൃസഹോദരി

ളിക്കുന്നതിനിടയില്‍ കിണറില്‍ വീണ ഒന്നര വയസുകാരനെ സാഹസികമായ രക്ഷപ്പെടുത്തിയ മാതൃസഹോദരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഐഫ ഷാഹിനയാണ് ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത്. പട്ടാമ്പി നാഗലശ്ശേരിയിലാണ് സംഭവം നടന്നത്. ചാല്‍പ്രം മണിയാറത്ത് വീട്ടില്‍ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും മകനായ മുഹമ്മദ് ഹിസം സഹനാണ് കിണറ്റില്‍ വീണത്. ചെറിയ ആള്‍മറയുള്ള വീട്ടിലെ കിണറിന്റെ അടുത്തിരുന്ന് കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

കുട്ടി വീഴുന്ന ശബ്ദം കേട്ട് കുട്ടിയുടെ മാതൃ സഹോദരിയായ ഐഫ ഷാഹിന ഓടിയെത്തുകയും ഉടനടി കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്ത് ചാടുകയുമാണ് ചെയ്തത്. 18 കോല്‍ ആഴമുള്ള കിണറായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ കരച്ചില്‍ കേട്ട് അയല്‍വാസികളും സംഭവസ്ഥലത്ത് ഓടിയെത്തി. ഈ സമയം കുഞ്ഞിനേയും എടുത്ത് വെള്ളത്തില്‍ നീന്തി മറുകൈ കൊണ്ട് വെള്ളത്തില്‍ തുഴഞ്ഞ് നില്‍ക്കുകയായിരുന്നു ഐഫ. ഉടന്‍ തന്നെ അയല്‍വാസികളായ ഹമീദും അബ്‌റാറും കിണറ്റിലേക്കിറങ്ങി. കുഞ്ഞിനെ ഇവര്‍ ഉയര്‍ത്തി നിര്‍ത്തി.ചാലിശ്ശേരി ജനമൈത്രി പൊലീസും പട്ടാമ്പിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റും എത്തി കുഞ്ഞിനേയും മറ്റ് മൂന്ന് പേരേയും കിണറില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു. വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായി മുകളിലെത്തിക്കുകയായിരുന്നു.തുടര്‍ന്ന്, പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ആർക്കും ഗുരുതര അപകടം സംഭവിക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും അഗ്നിരക്ഷ സേനയും പൊലീസും. ചാലിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടിയും ഉമ്മയും. അതിനിടയിലാണ് അപകടം സംഭവിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഐഫയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ ഐഫയെ നാട്ടുകാരും ചാലിശ്ശേരി പൊലീസും അഭിനന്ദിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ടി അബ്ദുൾ കരീം, ലോക്കൽ സെക്രട്ടറി വി പി അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാഹിദ റിയാസ് എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് ഫറൂഖ് കോളേജിലെ എംബിഎ വിദ്യാർഥിനിയും  സിപിഐ എം ചാൽപ്രം ബ്രാഞ്ചംഗവുമാണ് ഐഫ ഷാഹിന.ഐഫയുടെ ധീരതയ്ക്ക് വലിയ അഭനന്ദമാണ് വന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളായാല്‍ ഇങ്ങനെയാകണം, സല്യൂട്ട് യു എന്നുള്ള തരത്തില്‍ നിരവധി കമന്റുകളും ഉയരുന്നുണ്ട്.

Articles You May Like

x