ഏവരുടെയും കണ്ണ് നിറഞ്ഞ നിമിഷം; ശ്രീനിവാസനെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ നൽകി മോഹൻലാൽ, വീഡിയോ കാണാം

മലയാള സിനിമയിൽ തിരക്കഥാകൃത്തായും, നടനായും, സംവിധായകനായും എല്ലാ മേഖലയിലും വ്യകതിമുദ്ര പതിപ്പിച്ച വ്യകതിയാണ് ശ്രീനിവാസൻ. ഈ അടുത്തിടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചില വിഷമകരമായ ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്ന് പോയത്. അതിനെ സംബന്ധിച്ച് മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും തങ്ങളുടെ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു. ആരോഗ്യവസ്ഥ വളരെ കാര്യമായി ശ്രീനിവാസനെ ബാധിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ആരാധകർക്കും അത് വലിയ വേദന സൃഷ്ടിച്ച വാർത്തയായിരുന്നു. ഇപ്പോഴിതാ കുറേ നാളുകൾക്ക് ശേഷം പൊതുവേദിയിൽ തങ്ങളുടെ പ്രിയ താരത്തെ നേരിൽ കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ പങ്കെടുക്കുവാനായിരുന്നു ശ്രീനിവാസനെത്തിയത്. അസുഖം കുറഞ്ഞ് ശ്രീനിവാസൻ്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്ന് എല്ലാവർക്കും ഇന്നലെയാണ് മനസിലായത്. ഇപ്പോഴിതാ വേദിയിൽ അദ്ദേഹം നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. രമേശ് പിഷാരടി, ഹണി റോസ്, അജു വർഗീസ് തുടങ്ങിയ താരങ്ങളെല്ലാം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധിവരെ മറികടന്ന് നോർമൽ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നിരിക്കുന്ന ശ്രീനിവാസനെ വേദിയിലേക്ക് ആനയിക്കുകയും, അദ്ദേഹത്തെ ചേർത്ത് പിടിച്ച് കൊണ്ട് വരുന്നതും സഹപ്രവർത്തകനായ മണിയൻ പിള്ള രാജുവാണ്. വേദിയിലെത്തിയ തൻ്റെ പ്രിയ കൂട്ടുകാരന് മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിച്ചത്. സത്യൻ അന്തിക്കാട്, സിദ്ദിഖ് എന്നിവരും വേദിയിലുണ്ടായിരുന്നു. ശ്രീനിവാസനെ വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകരും. ഇരുപത് ദിവസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്ത് അദ്ദേഹത്തെ വീട്ടിലേയ്ക്ക് എത്തിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാ‍ർച്ചിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയതോടെ ബൈപാസ് സര്‍ജറി നടത്തുകയായിരുന്നു. ആരോഗ്യം പഴയത് പോലെ ആയതിന് ശേഷം ഏപ്രിൽ അവസാന ആഴ്ചയിൽ ആശുപത്രി വിട്ട് വീട്ടിലെത്തുകയും ചെയ്തു. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സമയത്ത് ഭാര്യ വിമലയ്‌ക്കൊപ്പമുള്ള ശ്രീനിവാസൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തന്നെ കാണാനെത്തിയവരെ  വയ്യാതിരിക്കുന്ന സമയത്തും കൈകളുയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് വൈറലായി മാറിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തെ ഒരിക്കൽ കൂടെ ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, പഴയതിനേക്കാളും കൂടുതൽ ഊർജ സ്വലനായി, ആരോഗ്യപ്രശനങ്ങളെല്ലാം മാറി തിരിച്ച് വരാൻ കഴിയട്ടെയെന്നാണ് സഹപ്രവർത്തകരും, ആരാധകരും പറയുന്നത്. മോഹൻലാൽ സ്നേഹത്തോടെ തൻ്റെ സുഹൃത്തിനെ ഉമ്മ കൊടുക്കുന്ന ചിത്രങ്ങൾ ആ പഴയ ദാസനെയും, വിജയനെയും തങ്ങൾക്ക് തിരിച്ച് കിട്ടി എന്ന അടിക്കുറിപ്പോടെയാണ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഈ വീഡിയോ എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.

Articles You May Like

x