അഞ്ചു ദിവസം മുൻപിട്ട പോസ്റ്റിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, അപ്പോഴേക്കും ദേ ഇക്ക പിന്നേം…. ; സോഷ്യൽ മീഡിയയിൽ വീണ്ടും തീ പടർത്തി മമ്മൂക്ക, തരംഗമായി പുതിയ ചിത്രങ്ങള്‍

പ്രായം എത്രയൊക്കെ ആയെങ്കിലും വയസ്സ് റിവേഴ്‌സ് ഗിയറിലോടുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഏറ്റവും സ്റ്റൈലിഷ് ആയി ഡ്രസ് ചെയ്യുന്ന മലയാള സിനിമാ താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ മമ്മൂട്ടി ഇല്ലാത്ത ഒരു ലിസ്റ്റ് അപൂര്‍ണ്ണമായിരിക്കും, ഇപ്പോഴും എപ്പോഴും. സിനിമയ്ക്ക് അകത്ത് കഥാപാത്രത്തിനുവേണ്ടി പലപ്പോഴും മേക്ക് ഡൌണ്‍ ചെയ്തിട്ടുള്ള മമ്മൂട്ടി സിനിമയ്ക്ക് പുറത്തുള്ള സ്റ്റൈലിംഗില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. ഒരു മുണ്ടും ഷര്‍ട്ടും ധരിച്ച് പോലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോകളും എന്നും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കും. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കുകയാണ്.

വൈറ്റ് ആന്‍ഡ് വൈറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടില്‍ എംബ്രോയ്ഡറി വര്‍ക്ക് ഉണ്ട്. വൈറ്റ് പാന്‍റ്സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്. ഫ്രെയ്മില്‍ ഒപ്പമുള്ള ഒരു പഴയ മോഡല്‍ ലാന്‍ഡ് റോവര്‍ വാഹനമാണ് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

നിരവധി കമെന്റുകളാണ് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പോസ്റ്റിന് താഴെ നിറഞ്ഞത്. അഞ്ചു ദിവസം മുൻപിട്ട പോസ്റ്റിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, അപ്പോഴേക്കും ദേ ഇക്ക പിന്നേം…,വയസ് ഇന്നും മനസാണെന്ന് തെളിയിക്കുന്ന പ്രതിഭാസം ആണ് മമ്മൂക്ക, ഡോ ഒരു മാതിരി പിള്ളേരെ പോലെ കളിക്കല്ലേട്ടാ… ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള അനീതി, ഞങളെ പോലുള്ള സിനിമാക്കാരെ മാനസികമായി തകർത്തു കളയുകയാണല്ലോ ഇക്ക തുടങ്ങി ഒട്ടനവധി കമ്മന്റുകളാണ് ആരാധകരുടെ ഭാഗത്തു നിന്നും മറ്റു താരങ്ങളുടെ ഭാഗത്തു നിന്നും പോസ്റ്റിനു താഴെ നിറയുന്നത്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടെ അവസാന റിലീസ്. ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്റേതായി പുറത്തെത്താനുള്ളത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്‍റെ കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന ഫീച്ചര്‍ ചിത്രങ്ങള്‍. എംടി വാസുദേവന്‍ നായരുടെ കൃതികളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു ഭാഗത്തിലും മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്. ഇനിയും ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ സംവിധാനം രഞ്ജിത്ത് ആണെന്നാണ് വിവരം. അതേസമയം കാതല്‍ ദി കോര്‍ ആയിരിക്കും ഇക്കൂട്ടത്തില്‍ ആദ്യം എത്തുക. ജ്യോതികയാണ് ഈ ചിത്രത്തില്‍ നായികയായി മമ്മൂട്ടിക്കൊപ്പം എത്തുക.

Articles You May Like

x