വണ്ണം വച്ച് ഇതെങ്ങോട്ട് പോകുന്നു? ടിവിയിൽ കാണുമ്പോൾ ഇതിലും കളറുണ്ടല്ലോ? ആദ്യമായി കണ്ടയാളുടെ ചോദ്യത്തെക്കുറിച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും. ഇപ്പോഴിതാ തനിക്കുണ്ടായൊരു മോശം അനുഭവം വെൡപ്പെടുത്തുകയാണ് മഞ്ജു.

ഞാൻ വളർന്നു വരുമ്പോൾ എന്റെ വണ്ണത്തേയും എന്റെ നിറത്തേയും എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്. ഇതിൽ നിന്നും ഇപ്പോഴും പൂർണമായി പുറത്തു കടന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറയില്ല. എവിടെയെങ്കിലും പോവുകയാണെങ്കിലും അത്തരം അനുഭവമുണ്ടാകും. ഈയ്യടുത്ത് മാഹിയിൽ പോയിരുന്നു. വളരെ രസകരമായൊരു അനുഭവമുണ്ടായി. പരിപാടി ആറരയ്ക്ക് തുടങ്ങുമെന്ന് പറഞ്ഞിട്ട് തുടങ്ങുമ്പോൾ എട്ടരയായി. എനിക്ക് ഒമ്പതേ കാലിനാണ് ട്രെയിൻ. പക്ഷെ ട്രെയിൻ പതിനഞ്ച് മിനുറ്റ് വൈകി. അങ്ങനെ ഒമ്പതര വരെ കിട്ടി.

പൊതുപരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ എന്നെ സ്റ്റേജിൽ കയറ്റി. ഞാൻ സംസാരിക്കുകയും ഒരു പാട്ട് പാടുകയും ചെയ്തു. നിന്ന വേഷത്തിൽ തന്നെ, വലിയ ജിംകയും പട്ടുസാരിയും ഇതിലും വലിയൊരു മാലയുമാക്കെയുണ്ട്, ഓടി വന്ന് ട്രെയിനിൽ വലിഞ്ഞു കയറി. ഓടിക്കയറുമ്പോൾ മുടിയൊക്കെ സ്‌പ്രെ ചെയ്ത് പിരിച്ച് വച്ചിരിക്കുകയാണ്. അങ്ങനെ സീറ്റിൽ എത്തി ബാഗ് ഒക്കെ ഉള്ളിൽ വച്ച് ഒന്ന് നിവർന്നിരുന്ന് ശ്വാസം വിട്ടു. ബർത്തിന്റെ സൈഡിൽ ഒരു ചേട്ടൻ ഇരിപ്പുണ്ടായിരുന്നു

ആ ചേട്ടൻ എന്നെ നോക്കി, ഹും മറ്റേ ആളല്ലേ? മഞ്ജുവാണെന്ന് മനസിലായിട്ടാണെന്ന് എനിക്ക് മനസിലായി. അങ്ങനെ സംഭവിക്കാറുണ്ട്. അതെ എന്ന് ഞാൻ പറഞ്ഞു. ഇത് എന്തുവാ വണ്ണം വച്ച് ഇതെങ്ങോട്ട് പോകുന്നു? ജീവിതത്തിൽ ആദ്യമായിട്ടാണ് അയാളെ ഞാൻ കാണുന്നത്. ഒന്നാമതേ ഞാൻ ഫ്രസ്റ്റ്രേറ്റഡ് ആയി ഇരിക്കുകയാണ്. എന്നെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എന്തിന് കാണണം, കണ്ടാൽ അറിഞ്ഞൂടേ എന്നായി അയാൾ. ഒരു ദയയുമില്ലാതെ, ഒരു സഹജീവി മുന്നിൽ വന്ന് നിൽക്കുമ്പോൾ ചോദിക്കുകയാണ്.

അത് കഴിഞ്ഞു. ഇത്ര നിറമില്ലല്ലോ ടിവിയിൽ കാണുമ്പോൾ, കറുപ്പിച്ചാണല്ലോ വെക്കുന്നത്. കണ്ടാൽ മനസിലാകില്ല കെട്ടോ! എന്നായി. അവിടെ നിൽക്കുന്തോറും എനിക്ക് തല പൊട്ടിപ്പോകുന്നത് പോലെ തോന്നി. സത്യം! ഇതെന്ത് മനുഷ്യനാണ്. എവിടെയെങ്കിലും ഇരുന്ന് കാണുമ്പോൾ അയാൾ ഇത് കാണുന്നുണ്ടെങ്കിൽ മനസിലാക്കണം. ഒരുപക്ഷെ ഈ മനുഷ്യൻ വളരെ നിഷ്‌കളങ്കനായിരിക്കണം, അതാകും ഒരാളോട് ഇങ്ങനെ സംസാരിക്കുന്നത്.

ഞാൻ ഒന്നും പറയാൻ പോയില്ല. എനിക്ക് ഇത്ര നിറമേയുള്ളൂ ചേട്ടാ എന്ന് പറഞ്ഞ് ഞാൻ പെട്ടിയൊക്കെ വച്ച് മാറി വന്നു. അപ്പോൾ അയാൾ കിടക്കാൻ പോവുകയാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഞാൻ മാറണമായിരിക്കും എന്നായി അയാൾ. മാറിയാൽ കൊള്ളാം എനിക്ക് സുഖമായി കിടക്കാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് അയാളോട് എന്തെങ്കിലും പറയാഞ്ഞിട്ട് സമാധാനം കിട്ടുന്നില്ല. അയാൾ ബർത്ത് വിരിക്കുന്നതിനിടെ ഞാൻ പോയി തോളിൽ തട്ടി വിളിച്ചു. ചെറിയൊരു ടിപ്പ് പറഞ്ഞു തരട്ടെ ചേട്ടന് എന്ന് ചോദിച്ചു. എന്താ എന്ന് അയാൾ മറുപടി നൽകി.

ആരെയെങ്കിലും ആദ്യമായി കാണുമ്പോൾ സുഖമാണോ എന്ന് ചോദിച്ചു നോക്കൂ. നിങ്ങൾക്കും സുഖമായിരിക്കും കേൾക്കുന്നവർക്കും സുഖമായിരിക്കും എന്ന് ഞാൻ പറഞ്ഞു. പക്ഷെ അയാൾക്ക് എന്നിട്ടും മനസിലായില്ല. ഇതിപ്പോൾ എന്തിനാണ് എന്നോട് ചോദിച്ചത് എന്ന ഭാവമായിരുന്നു. അങ്ങനെയുള്ള മനുഷ്യന്മാരാനുള്ളത്. ഒരു കല്യാണത്തിന് പോയപ്പോൾ എന്റെ അടുത്തൊരു പയ്യൻ ഇരുന്നിരുന്നു. അവനിത്തിരി വണ്ണമുണ്ട്. അവനോട് വണ്ണം കുറയ്ക്കണം കെട്ടോ അസുഖങ്ങൾ വരുമെന്ന് പറഞ്ഞ് വരുന്നവരും പോകുന്നവരും അവനെ തട്ടിക്കൊണ്ടിരിക്കുകയാണ്.

ഞാൻ പറഞ്ഞു, ഒന്ന് നിർത്തുമോ? ഞങ്ങൾ ദിവസവും കണ്ണാടി നോക്കുന്നുണ്ട്. വണ്ണം വച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. അത് നിങ്ങളേക്കാൾ നന്നായി ഞങ്ങൾക്കറിയാം. ചിലർക്ക് ഇത് കുറയില്ല. എന്ത് ചെയ്യാൻ പറ്റും! എന്തിനാണ് ഇതൊരു അത്ഭുതമായി നോക്കുന്നത്? ഇതിൽ നിന്നും പുറത്തു കടക്കുക ഭയങ്കര പാടാണ്. എന്നോട് ഒരുപാട് പെൺകുട്ടികൾ ചോദിച്ചിട്ടുണ്ട് നിറം വെക്കാൻ എന്താ ചെയ്യാൻ പറ്റുക ചേച്ചി എന്ന്. എന്റെ അമ്മയൊക്കെ ചെയ്തിട്ടുണ്ട്, കൊച്ചുണ്ടായാൽ നോക്കാൻ പോയി വന്നിട്ട് ചെവി കറുത്തതാണ്, കൊച്ച് കറക്കും എന്ന് പറയും. ഇവർ കൊച്ചിനെ കാണാൻ പോകുമ്പോൾ കൊച്ചിന് ആരോഗ്യമുണ്ടോ എന്നല്ല ചെവി കറുത്തതാണോ എന്നാണ് നോക്കുക.

Articles You May Like

x