വീട് നമ്മുടെ ഒരു ആയുഷ്കാലത്തേക്കുള്ളതാണ്, അത് നമ്മുടെ ഇഷ്ടത്തിന് പണിതില്ലെങ്കിൽ പിന്നെ എന്ത് കാര്യം, ഓരോ ഇഞ്ചും എൻ്റെ വിയർപ്പിൻ്റെ വിലയാണ്; ആശിച്ചു കൊതിച്ച്‌ സ്വപ്നം കണ്ട് പണിത വീടിനെ കുറിച്ച് മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. അടുത്തിടെയാണ് സ്വന്തം അധ്വാനത്തിലൂടെ മഞ്ജു പത്രോസ് മനോഹരമായ ഒരു വീട് നിർമിച്ചത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചതിനെ കുറിച്ച്‌ മഞ്ജു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷമാണ് സ്വന്തമായി ഒരു വീടെന്ന സ്വപനത്തിലേക്ക് താരം എത്തിയത്. മാസങ്ങൾക്ക് മുമ്പാണ് വീടിന്റെ ഗൃഹ പ്രവേശന ചടങ്ങ് നടത്തിയത്. ഒരുപാടു പേരുടെ സ്നേഹവും സഹകരണവും കൊണ്ടാണ് തനിക്ക് സ്വന്തമായി ഒരു വീടുണ്ടായതെന്ന് മഞ്ജു പറഞ്ഞിരുന്നു.

വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്ന് മഞ്ജു പറയുന്നു. സ്വന്തം വീടിനുള്ളിൽ നിൽക്കുമ്പോൾ സന്തോഷവും സംതൃപ്തിയുമുണ്ട്. എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചാണ് വീട് പണിതിരിക്കുന്നത്. ഇത്രയും കാലം അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. അവിടെ അമ്മയും പപ്പയും സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്. എല്ലാവരും ഉള്ളതുകൊണ്ട് മകൻ ബെർണാച്ചന് സ്വന്തമായി ഒരു റൂം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. അവനു സ്വന്തമായി ഒരു റൂം വേണമെന്ന ആഗ്രഹം കൂടിയാണ് ഇപ്പോൾ സാക്ഷാത്കരിച്ചത് മഞ്ജു പറയുന്നു. 10 സെന്റിൽ മൂന്ന് ബെഡ്‌റൂമുകളുള്ള മോഡേൺ വീടാണ് മഞ്ജുവിന്റേത്. അധ്വാനിച്ചുണ്ടാക്കിയ പണവും കുറച്ചു ബാങ്ക് ലോണും എടുത്താണ് വീട് വച്ചത്.

വീട് വച്ചിട്ട് അവിടെ താമസിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. ജോലിത്തിരക്കുള്ളതിനാൽ വീട്ടിൽ വരവ് എപ്പോഴും നടക്കാറില്ല. ഇതുവരെ മുഴുവനായി അവിടേക്ക് മാറിയിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കി. വെള്ള, മഞ്ഞ, ആഷ് എന്നിങ്ങനെ മൂന്ന് നിറത്തിലാണ് വീടിന് പെയിന്റടിച്ചിരിക്കുന്നത്. ഒരുതുറന്ന വീടായിരിക്കണം എന്ന് ആർക്കിടെക്റ്റിനോട് പറഞ്ഞിരുന്നു. ബെഡ്റൂമിന് മാത്രം മതി ഭിത്തികൾ ബാക്കി വീട് മുഴുവൻ കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ തുറന്നു കിടക്കണം. വലിയ വലിയ ജനാലകൾ വേണം, ലൈറ്റ് ഇട്ടില്ലെങ്കിലും വീട് മുഴുവൻ പ്രകാശമാനമായിരിക്കണം. ബെഡ്‌റൂമിൽ ഗ്ലാസ് ഡോർ വേണം, ഒരു കുഞ്ഞുബാൽക്കണി വേണം എന്നെല്ലാം പറഞ്ഞിരുന്നു.

മുന്നിലും പിന്നിലുമായി വലിയ മുറ്റമുണ്ട്. മരങ്ങളും ചെടികളും ഒക്കെ വച്ച്‌ പിടിപ്പിക്കണം. വീട്ടിൽ തടി കൊണ്ടുള്ള ഒന്നും വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഒരു പണിക്കും തടി ഉപയോഗിച്ചിട്ടില്ല. മെറ്റൽ കൊണ്ടാണ് വാതിലും ജനലും നിർമ്മിച്ചിരിക്കുന്നതെന്നും മഞ്ജു പറഞ്ഞു. എനിക്ക് വേണ്ടത് എന്റെ സ്വപ്നത്തിലുള്ള വീടായിരുന്നു. അതുകൊണ്ടു ഒരു വിട്ടു വീഴ്ചയ്ക്കും തയാറായില്ല. വീട് നമ്മുടെ ഒരു ആയുഷ്കാലത്തേക്കുള്ളതാണ്. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച്‌ ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു ജീവിതകാലത്ത് ഒരു വീടായിരിക്കും പണിയാൻ കഴിയുക. അത് നമ്മുടെ ഇഷ്ടത്തിന് ചെയ്തു കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യമെന്നും മഞ്ജു ചോദിക്കുന്നു. വീടിന്റെ ഓരോ മുക്കും മൂലയും എനിക്ക് ഇഷ്ടമാണ്. വീടിന്റെ ഓരോ ഇഞ്ചും എന്റെ വിയർപ്പിന്റെ വിലയാണ്.

ഞാൻ ആശിച്ചു കൊതിച്ച്‌ സ്വപ്നം കണ്ടു പണിത വീടാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാം എനിക്ക് പ്രിയപ്പെട്ടതാണെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വീടിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീടിന്റെ പാലു കാച്ചലിന് ഭർത്താവ് സുന്നിച്ചനെ കാണാതിരുന്നതിനെ തുടർന്ന്, ഇവർ പിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

Articles You May Like

x