ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീയാണ് അമ്മ, എന്റെ ജീവിതത്തിൽ മറ്റൊരു ശക്തി അമ്മ കഴിഞ്ഞിട്ടേയുള്ളൂ, എനിക്കറിയില്ല, ലോകത്ത് എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാവും എന്ന്: പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

മല്ലിക വസന്തം @50 എന്ന പരിപാടിയിൽ മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂർണിമയും എല്ലാം പങ്കെടുത്തു. ചടങ്ങിൽ പൃഥ്വി അമ്മയെ കുറിച്ച് സംസാരിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ചിരിച്ച് കളിച്ച്, അമ്മയെ കുറിച്ചുള്ള തമാശകൾ പറഞ്ഞുകൊണ്ടാണ് പൃഥ്വി തുടങ്ങുന്നത്, എന്നാൽ ആ വാക്കുകൾ അവസാനിക്കുമ്പോൾ പൃഥ്വിയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു, കേട്ടു നിൽക്കുന്നവരുടെയും കണ്ണൊന്ന് നിറഞ്ഞു.

സ്വന്തം തൊഴിൽ മേഖലയിൽ, അതും സിനിമ എന്നല്ല, മറ്റേതൊരു മേഖലയിൽ ആയാലും അൻപത് വർഷക്കാലം സജീവമായി പ്രവൃത്തിയ്ക്കുക എന്ന് പറഞ്ഞാൽ ചുരുക്കം ചിർക്ക് മാത്രം കിട്ടുന്ന അത്യപൂർവ്വമായ സംഭവമാണ്. സിനിമയിൽ പ്രത്യേകിച്ചും. ഇന്ന് സിനിമയിൽ രണ്ട് ദശാബ്ധങ്ങൾ പിന്നിട്ടു നിൽക്കുന്ന എന്നെയും ചേട്ടനെയും പോലുള്ള പുതിയ ജെനറേഷൻ ആളുകൾക്ക് തീർച്ചയായും മനസ്സിലാക്കാൻ സാധിയ്ക്കും, അൻപത് വർഷം എന്നാൽ എത്ര വലിയ അച്ചീവ്‌മെന്റാണ് എന്ന്.

അതിൽ ഏറ്റവും വലിയ അത്ഭുതം എന്ന് പറയാവുന്നത്, ഇടയിൽ ഒരു കാൽ നൂറ്റാണ്ട് അമ്മ സിനിമയിൽ നന്നും പൂർണമായും വീട്ടു നിന്നിരുന്നു. വീട്ടമ്മ എന്ന നിലയിൽ കുടുംബവും കുട്ടികളുമൊക്കെയായി മാറി നിന്ന കാലം. എന്നിട്ടും തിരിച്ചുവന്ന് ഒരു ഗംഭീര റീ സ്റ്റാർട്ട് അമ്മയ്ക്ക് അമ്മയുടെ കരിയറിൽ നൽകാനായി സാധിച്ചു. എനിക്കറിയില്ല, ലോകത്ത് എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാവും എന്ന്. ഒരു പക്ഷെ ഞാൻ മാത്രമായിരിക്കും അമ്മയ്‌ക്കൊപ്പം അഭിനയിക്കുകയും, അമ്മയെ സംവിധാനം ചെയ്യുകയും, അമ്മ അഭിനയിച്ച സിനിമ നിർമിയ്ക്കുകയും ചെയ്ത മകൻ. അതിൽ ഞാൻ അഭിമാനിക്കുന്നു.

ചേട്ടൻ പറഞ്ഞതുപോലെ, അമ്മയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴും, അമ്മയെ സംവിധാനം ചെയ്യുമ്പോഴും, മോണിറ്ററിൽ അമ്മയുടെ ഷോട്ടുകൾ വീണ്ടും വീണ്ടും കാണുമ്പോഴും എനിക്ക് തന്നെ ഉണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട്, അമ്മ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റ്. അമ്മയുടെ കഴിവിന് ഇനിയും കുറേ കാര്യങ്ങൾ അമ്മയ്ക്ക് സിനിമയിൽ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറം, അമ്മ എന്ന ആർട്ടിസ്റ്റിനെ കുറിച്ച് പറയാനുള്ള വളർച്ചയൊന്നും ഞാൻ എന്ന നടനില്ല.

എന്റെ അമ്മ എന്ന നിലയ്ക്ക്, ഞാൻ നാൽപത്, നാൽപത്തിയൊന്ന് വർഷം കാണുന്ന വ്യക്തിയാണ് അമ്മ. ഞാൻ കണ്ട ഏറ്റവും ധീരയായ സ്ത്രീയാണ് എന്റെ അമ്മ. അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്റെ ജീവിതത്തിൽ മറ്റൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്. അച്ഛൻ മരിച്ച്, ഞങ്ങൾ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലൻസിൽ ആയിരുന്നു. അമ്മ ഒറ്റയ്ക്ക് മറ്റൊരു വണ്ടിയിലാണ് പോകുന്നത്. അന്ന് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു, അയ്യോ അമ്മ എന്ത് ചെയ്യും എന്ന്. അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനെ നിൽക്കുന്നത്-

Articles You May Like

x