ഡ്രെയ്നേജിൽ ഇറക്കി നിർത്തിയപ്പോൾ‍ ഞാൻ നിർത്താതെ കരയാൻ തുടങ്ങി, എല്ലാവരും പേടിച്ച് ഓടി വന്നു, ചെളി പിടിച്ച എന്നെ രാജു അങ്കിൾ എടുത്തു, അതിന് ശേഷം രാജു അങ്കിളിനോട് എനിക്കുള്ള ഇഷ്ടം കൂടിയിട്ടെയുള്ളൂ; മീനാക്ഷി

മലയാളത്തിൽ ഇപ്പോഴുള്ള ബാലതാരങ്ങളിൽ പ്രേക്ഷകർക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള മിടുക്കിയാണ് മീനാക്ഷി അനൂപ്. ടോപ് സിങർ പോലുള്ള റിയാലിറ്റിഷോയിൽ അവതാരക കൂടി ആയതോടെ മീനാക്ഷിയോട് കുടുംബപ്രേക്ഷകർക്കുള്ള ഇഷ്ടം കൂടി. മീനാക്ഷി അനൂപിന്റെ മുഖം കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് അമർ അക്ബർ അന്തോണിയിലെ പാത്തുവിനെയാണ്. നാദിർഷ സംവിധാനം ചെയ്ത ഈ സിനിമ തന്നെയാണ് മീനാക്ഷിക്ക് കരിയർ ബ്രേക്കായതും. ചിത്രത്തിലെ ഇന്നോ ഞാനെന്റെ എന്ന ​ഗാനത്തിന് ഇന്നും ആരാധകരുണ്ട്.

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കെപിഎസി ലളിത, നമിത പ്രമോദ് തുടങ്ങി താരസമ്പന്നമായിരുന്നു അമർ അക്ബർ അന്തോണി. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിൻ ജോർജിന്റെയുമായിരുന്നു തിരക്കഥ. അമർ അക്ബർ അന്തോണിയുടെ കഥ മീനാക്ഷിയുടെ പാത്തു എന്ന കഥാപാത്രത്തിന് ഒപ്പമാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ ഒരു വിങ്ങലായി മീനാക്ഷിയുടെ പാത്തു എന്ന കഥാപാത്രം അവശേഷിക്കും.

സിനിമയുടെ ഭാ​ഗമായപ്പോൾ താൻ വളരെ ചെറിയ കുട്ടിയായിരു‌ന്നതിനാൽ പല കാര്യങ്ങളിലും ഭയമുണ്ടായിരുന്നുവെന്നും ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ സമ്മതിക്കാതെ താൻ കരഞ്ഞ് നിലവിളിച്ചുവെന്നും അവസാനം ഷൂട്ടിങ് നിർത്തിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായിയെന്നും മീനാക്ഷി അനൂപ് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു. മീനാക്ഷി അനൂപ് ഒരു കടുത്ത പൃഥ്വിരാജ് ഫാനാണ് അതിന് പിന്നിലെ കാരണവും താരം അഭിമുഖത്തിനിടെ വെളിപ്പെടുത്തി. ‘ഞാൻ അഭിനയിച്ചിട്ടുള്ള ബി​ഗ് ബജറ്റ് സിനിമകളിൽ ഒന്നായിരുന്നു അമർ അക്ബർ അന്തോണി. വലിയ ബാനറിലുള്ള സിനിമയായിരുന്നു.’

‘ഒട്ടനവധി താരങ്ങൾ ഉണ്ടായിരുന്നു സിനിമയിൽ. മാത്രമല്ല അന്നും ഇന്നും ഞാനൊരു കടുത്ത പൃഥ്വിരാജ് ഫാനാണ്. അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. താന്തോന്നി, പോക്കിരി രാജ തുടങ്ങിയ രാജു അങ്കിളിന്റെ ആ സമയത്തെ കുറെ സിനിമകൾ ‍ഞാൻ സിഡിയിട്ട് നിരന്തരം റിപ്പീറ്റ് കാണുമായിരുന്നു. ആ പ്രായത്തിൽ കാർട്ടൂൺ കുട്ടികൾ കാണുന്നത് പോലെയാണ് ഞാൻ രാജു അങ്കിളിന്റെ സിനിമകൾ റിപ്പീറ്റ് കണ്ടിരുന്നത്. നാദിർ‌ഷ അങ്കിൾ എന്നെ കണ്ടശേഷം പറഞ്ഞത് ഇതാണ് എന്റെ പാത്തുവെന്നാണ്. എനിക്കൊരു പുതിയ സിനിമ അഭിനയിക്കാൻ കിട്ടിയ സന്തോഷമെ ഉണ്ടായിരുന്നുള്ളു. എന്നാൽ അച്ഛനും അമ്മയ്ക്കും നാദിർഷ അങ്കിളിന്റെ സിനിമയിൽ എനിക്ക് അവസരം കിട്ടിയതിൽ ഭയങ്കര സന്തോഷമായിരുന്നു.’

‘രാജു അങ്കിളും ഇന്ദ്രൻ അങ്കിളും ജയൻ അങ്കിളും എനിക്കൊപ്പം അഭിനയിക്കുന്നുണ്ടെന്ന് അവസാനമാണ് അറിഞ്ഞത്. പലരും എന്നെ പറഞ്ഞ് പേടിപ്പിച്ചിരുന്നു രാജു അങ്കിൾ അങ്ങനെ മിണ്ടില്ലെന്നും നീ അങ്ങോട്ട് പോയി സംസാരിച്ച് പ്രശ്നങ്ങളുണ്ടാക്കരുതെന്നും പറഞ്ഞ്. അതുകൊണ്ട് ഞാൻ പേടിച്ചാണ് സെറ്റിൽ ചെന്നത്. പക്ഷെ സെറ്റിൽ ചെന്നപ്പോൾ രാജു അങ്കിൾ ഭയങ്കര കൂട്ടായിരുന്നു. എപ്പോഴും കളിയും ചിരിയുമായിരുന്നു. അതുപോലെ തന്നെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ഭയങ്കര കരച്ചിലായിരുന്നു. കാരണം ഡ്രെയ്നേജ് സെറ്റിടുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ സെറ്റിലെ ചിലർ എന്നെ പറഞ്ഞ് പേടിപ്പിച്ചു. ഒറിജിനൽ കാനയാണെന്നും കൈവിട്ടാൽ മുങ്ങിപ്പോകുമെന്നും എല്ലാവരും കളയുന്ന വേസ്റ്റ് ഇവിടെയാണ് വരുന്നത് എന്നെല്ലാമാണ് അവർ പറഞ്ഞത്.’

അതെല്ലാം കേട്ട് പേടിച്ച് പോയതിനാൽ ഷൂട്ടിന് വേണ്ടി ഡ്രെയ്നേജിൽ ഇറക്കി നിർത്തിയപ്പോൾ‍ ഞാൻ നിർത്താതെ കരയാൻ തുടങ്ങി. എല്ലാവരും പേടിച്ച് ഓടി വന്നു. ചെളി പിടിച്ച എന്നെ രാജു അങ്കിൾ എടുത്തു. അവസാനം ഞാൻ കാര്യം പറഞ്ഞപ്പോൾ ഡ്രെയ്നേജിൽ എന്നെയും എടുത്ത് രാജു അങ്കിൾ ഇറങ്ങി നിന്നു. പിണ്ണാക്കും ആരോറൂട്ട് ബിസ്ക്കറ്റും പൊടിച്ചാണ് ചെളി ഉണ്ടാക്കിയതെന്നുമെല്ലാം എനിക്ക് പറഞ്ഞ് തന്നു. അന്ന് ഞാൻ കരഞ്ഞ് തളർന്നതിനാൽ ഷൂട്ടിങ് നിർത്തിവെച്ചു. അതിന് ശേഷം രാജു അങ്കിളിനോട് എനിക്കുള്ള ഇഷ്ടം കൂടിയിട്ടെയുള്ളൂവെന്നും’, മീനാക്ഷി അനൂപ് പറയുന്നു.

Articles You May Like

x