‘എമ്പുരാന്‍’ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് വിദേശത്ത്; വീഡിയോ ശ്രദ്ധേയമാകുന്നു

മലയാള സിനിമയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയില്‍ വെച്ച് പ്രേക്ഷകരില്‍ നീണ്ട കാത്തിരിപ്പ് ഉയര്‍ത്തിയ പ്രോജക്റ്റുകളില്‍ ഒന്നാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനുകളും അത്രത്തോളം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കാറ്. മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്‍’ അതിൻ്റെ അവസാനഘട്ട പണിപ്പുരയിലാണ്. ഇപ്പോഴിതാ പൃഥ്വിയും സംഘവും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിങിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ്. നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആണ് റീൽ വിഡിയോയിലൂടെ ഈ വിശേഷം തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോഷ്യേറ്റ് ഡയറക്ടർ വാവ കൊട്ടാരക്കര തുടങ്ങിയവരുമുണ്ട്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്. മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫറി’ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

Articles You May Like

x