എൻ്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു, ആക്രമണങ്ങൾ, വേദനിപ്പിക്കുന്ന ​ഗോസിപ്പുകൾ, എൻ്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുന്നു; ദയ അശ്വതിക്കെതിരെ പരാതി നൽകി അമൃത സുരേഷ്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗായിക അമൃത സുരേഷ് പൊലീസിൽ പരാതി നൽകി. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷമായി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായാണ് അമൃതയുടെ പരാതി. പരാതി പാലാരിവട്ടം പൊലീസ് സൈബർ പൊലീസിന് കൈമാറി. സൈബർ പൊലീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടിയിലേക്ക് കടക്കുക.

സോഷ്യൽ മീഡിയ വഴി ദയ അശ്വതി കഴിഞ്ഞ രണ്ട് വർഷമായി തന്നെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചാണ് അമൃത സുരേഷിന്റെ പരാതി. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തനിക്ക് ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ അമൃത കുറിച്ചു. ദയ അശ്വതിയെ കൂടാതെ മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയും അമൃത പരാതി നൽകിയിട്ടുണ്ട്. ‘അമൃതയുടെ മകൾ മരിച്ചു’ എന്ന തരത്തിൽ ഒരു വ്യാജ വാർത്ത ഈ ചാനലിൽ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകൾ മരിച്ച വാർത്തയാണ് യൂട്യൂബ് ചാനൽ അമൃതയുടെ മകൾ എന്ന തരത്തിൽ പ്രചരിപ്പിച്ചത്.

‘എൻ്റെ കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാർത്തകൾ, ആക്രമണങ്ങൾ, വേദനിപ്പിക്കുന്ന ​ഗോസിപ്പുകൾ..എല്ലാം വളരെ കാലമായി ഞാൻ സഹിക്കുകയാണ്. എൻ്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എൻ്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുക ആണ്. എന്നെയും എൻ്റെ കുടുംബത്തെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാൻ എല്ലാവർക്കും ശ്രമിക്കാം’, അമൃത കൂട്ടിച്ചേർത്തു.

Articles You May Like

x