ഭാ​ഗ്യയുടെ വിവാഹത്തിനെത്തിയ ഈ അച്ഛനെ ഓർമ്മയുണ്ടോ, ഒരച്ഛൻ മകളുടെ വിവാഹം നടത്തുന്നത് കൺനിറയെ കാണാനാണ് വന്ദനയുടെ അച്ഛൻ മോഹൻദാസ് ഭാഗ്യയുടെ വിവാഹത്തിനെത്തിയത്: ടിനി ടോം

ഡോക്ടർ വന്ദന ദാസിന്റെ അച്ഛൻ കെ.ജി. മോഹൻദാസിനെ സന്ദർശിച്ച് നടൻ ടിനി ടോം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടതെന്ന് ടിനി ടോം പറയുന്നു. ഒരച്ഛൻ മകളുടെ വിവാഹം നടത്തുന്നത് കൺനിറയെ കാണാനാണ് വന്ദനയുടെ അച്ഛൻ മോഹൻദാസ് ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. വിവാഹത്തിനെത്തിയ ആരും വന്ദനയുടെ അച്ഛനെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്ന് അവിടെ എത്തിയവരിൽ മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് വന്ദനയുടെ അച്ഛൻ ആയിരുന്നുവെന്നും ടിനി ടോം പറയുന്നു.

ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടർ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.

ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ. ഞാൻ വിലാസം മേടിച്ചു, ഇപ്പോ വീട്ടിൽ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറകോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടിൽ വരുക. ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്

2023 മേയ് 10ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ലഹരിക്കടിമയായ രോഗിയുടെ ആക്രമണത്തിൽ വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Articles You May Like

x