അന്ന് കരഞ്ഞത് പക്വതക്കുറവ് മൂലം, അമ്പിളി ദേവി ജയിച്ചിട്ടും ഞാൻ ഒന്നും ചെയിതില്ലെന്ന് വിളിച്ചു പറഞ്ഞത് ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു: നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്.

2001ലെ തൊടുപുഴ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കരഞ്ഞ സന്ദര്‍ഭത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അന്നത്തെ തന്‍റെ പക്വതക്കുറവായിരുന്നു എല്ലാത്തിനും കാരണമെന്നും ജയിച്ച കുട്ടി ഒന്നും ചെയ്തില്ലെന്ന് താൻ വിളിച്ചു പറഞ്ഞത് ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും നവ്യ പറഞ്ഞു.

കാലടിയില്‍ സിബിഎസ്‌ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് 2001ലെ സ്കൂള്‍ കലോത്സവത്തെക്കുറിച്ച്‌ നടി പ്രതികരിച്ചത്. അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്‍റെ കണ്ണു നിറയാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തില്‍ മത്സരത്തില്‍ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തില്‍ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന് അങ്ങനെ പെരുമാറിയത്. പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നില്‍ക്കുന്നതിനിടെ മോണോ ആക്ടില്‍ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാള്‍ അന്നു സങ്കടപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു.
എന്നാല്‍, അന്നു ജയിച്ച അമ്പിളി പിന്നീട് അടുത്ത സുഹൃത്തായെന്നും തന്‍റെ വിവാഹത്തിന് അമ്പിളിയുടെ അമ്മ തനിക്കായി ക്ഷേത്രത്തില്‍ വഴിപാടു നടത്തിയെന്നും നവ്യ പറഞ്ഞു. അന്നത്തെ കരച്ചില്‍ പക്ഷേ, ജീവിതത്തില്‍ വഴിത്തിരിവായി. കരയുന്ന ചിത്രം പത്രത്തില്‍ കണ്ടു കണിയാര്‍കോടു നിന്നു ശിവശങ്കരൻ എന്നു പരിചയപ്പെടുത്തിയ വ്യക്തി പോസ്റ്റ്കാര്‍ഡില്‍ കത്തയച്ചു.

തോല്‍വിയില്‍ തളരരുതെന്നും ആ ചിത്രത്തില്‍ തനിക്കു മഞ്ജു വാര്യറെ പോലെ കലോത്സവ വേദിയില്‍ നിന്നു സിനിമയിലേക്കു വളര്‍ന്ന നടിയെയാണു കാണാൻ കഴിഞ്ഞതെന്നും കുറിച്ചിരുന്നതായി നവ്യ പറഞ്ഞു. ഒരു ദിവസത്തെ കലാപ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മാര്‍ക്കിനെയോ വിജയത്തെയോ ആശ്രയിച്ചല്ല കലയെ പ്രണയിക്കുന്നവരുടെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. കലോത്സവത്തില്‍ ഗ്രൂപ്പിനത്തില്‍ തന്‍റെ മകൻ മത്സരിക്കുന്നുണ്ടെന്നും അതേ കലോത്സവം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും നവ്യ പറഞ്ഞു.

2001ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകപട്ടം നടി അമ്പിളി ദേവിയ്ക്കായിരുന്നു ലഭിച്ചത്. ഇത് കൈവിട്ടുപോയതിലെ സങ്കടം നവ്യ തുറന്നു പറയുന്ന വീഡിയോ പല കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Articles You May Like

x