എന്തിനാണ് ദൈവം എന്നെ സൃഷിച്ചത് ? ആരാണ് എന്നെ സ്നേഹിക്കാനുള്ളത് ? സിൽക്ക് സ്മിതയുടെ വൈറലായ ആത്മഹത്യ കുറിപ്പിന് പിന്നിൽ ?

വെള്ളിത്തിരയിലെ ആരെയും മയക്കുന്ന നൃത്ത ചുവടുകൾ കൊണ്ടും, വശ്യമായ ഉടൽ സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഒന്നാകെയുള്ള സിനിമ ആസ്വാദകരുടെ മനം കവർന്ന നടിയാണ് സിൽക്ക് സ്മിത. മരണം വരെയും ആരെയും കൊതിപ്പിക്കുന്ന അവരുടെ ശരീരത്തെ മാത്രമാണ് എല്ലാവരും എക്കാലവും ചർച്ച ചെയ്തത്. വികാരം പൂർണമായി ആവാഹിച്ചെടുത്ത സിൽക്കിൻ്റെ കണ്ണുകളെ കുറിച്ച് വാചാലാരായവർ ആരും തന്നെ അവരുടെ കണ്ണുനീരിന് വില കൽപ്പിച്ചിരുന്നില്ല. ജീവിതം മടുത്ത അവസ്ഥയിൽ അവർ ഈ ലോകത്തോട് തന്നെ വിട പറയുമ്പോൾ സ്വയം മരിക്കാൻ ഒരുങ്ങിയതാണോ … അതോ സമൂഹം അവരെ അതിന് നിർബന്ധിതയാക്കുകയായിരുന്നോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

1996 – സെപ്റ്റംബറിലാണ് ജനലക്ഷങ്ങളുടെ ഇഷ്ട നായിക സിൽക്ക് സ്മിത വിടവാങ്ങുന്നത്. മോഹൻലാൽ നായക വേഷത്തിലെത്തിയ സ്ഫടികം ചിത്രത്തിൽ വേഷമിട്ട് ഒരു വർഷത്തിന് ശേഷമാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സിൽക്കിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഇന്ത്യൻ സിനിമ ലോകം വരെ വലിയ വിവേചനമായിരുന്നു അവരോട് കാണിച്ചത്. പൂമാലകളോ, പുഷ്പചക്രങ്ങളോ, എന്നു വേണ്ട അന്ത്യോപചാര സൂചകങ്ങളായ ഒന്നും തന്നെയായി അവസാനം അവരെ ഒരു നോക്ക് കാണുവാനോ, അന്ത്യാഞ്ജലി അർപ്പിക്കുവാനോ ആരും വന്നില്ല. വ്യകതിപരമായ വളർച്ചയ്ക്ക് പോലും സിൽക്ക് സ്മിത എന്ന പേരിനെ ഉപയോഗിച്ചവർ പോലും അവർക്കരികിലെത്തിയില്ല. സ്ക്രീനിലെ അവരുടെ ഉടലാട്ടങ്ങളെ ഒളിച്ചും, പാർത്തും കണ്ട് ആസ്വദിച്ചവർ പോലും നിശ്ചലമായ മൃതശരീരത്തിന് മുൻപിൽ അറപ്പ് പ്രകടിപ്പിച്ചവരാണ്.

ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സിൽക്ക് സ്മിതയ്ക്ക് പ്രായം 62. വികാരം ആറ്റികുറുക്കിയ വലിയ കണ്ണുകളും, മനോഹരമായ ചിരിയുമാണ് ഒരു കാലത്ത് യുവാക്കളെ കൂടുതലായി അവരിലേയ്ക്ക് ആകർഷിച്ചിരുന്ന ഘടകങ്ങൾ. അഭിനയ ജീവിതത്തിലെ സിനിമ എന്ന മായ ലോകത്ത് ചതിക്കുഴികളിൽ അകപ്പെട്ടുപോയ സിൽക്ക് സ്മിത എന്ന ഇതിഹാസ നായികയുടെആത്മഹത്യ കുറിപ്പ് ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഈ ലോകത്തോട് അവർ ചോദിച്ച ചില ചോദ്യങ്ങളാണ്.

സിൽക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പിൻ്റെ പൂർണരൂപം

‘ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമെ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല.’ ‘ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അൽപം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എൻ്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.’ ‘ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ എവിടെ ചെന്നാലും എനിയ്ക്ക് സമാധാനമില്ല.’

‘ഓരോരുത്തരുടെയും പ്രവർത്തികൾ എൻ്റെ മനസമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം മരണം എന്നെ വശീകരിക്കുന്നത്. എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ. എന്നിട്ടും എൻ്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ. ദൈവമേ…’ ‘ഇതെന്തൊരു ന്യായമാണ്? ഞാൻ സമ്പാദിച്ച സ്വത്തിൻ്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു… പ്രേമിച്ചു…ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.’ ‘എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു.’

‘അവരവർ ചെയ്യുന്നത് ന്യായമാണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തിൽ തന്നെ… എൻ്റെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ച് തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.’ ‘ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു?. രാമുവും, രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേയ്ക്ക് അവർ തള്ളിയിടുകയായിരുന്നു.’ എൻ്റെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എൻ്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം.

ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരാൾ എനിയ്ക്കൊരു ജീവിതം തരാമെന്ന് പറഞ്ഞിരുന്നു.’ ‘ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ?. പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ വയ്യ.’ ‘ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്ക് ലഭിക്കാൻ പോകുന്നു? എനിക്കറിഞ്ഞുകൂടാ…’ ഒരു കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സിൽക്ക് സ്മിതയുടെ ആത്മഹത്യ കത്തിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. സ്‌ക്രീനിൽ അവർ ആടിയും, പാടിയും തകർത്തപ്പോൾ വ്യകതി ജീവിതത്തിൽ എങ്ങും എത്താതെ പൂർണമായി തകർന്നു പോവുകയായിരുന്നു.

Articles You May Like

x