ഉമ്മൻചാണ്ടി സാറിനായി ആ ഒരു കാര്യം ചെയ്തില്ലല്ലോ എന്ന വേദനയുണ്ട്, എൻ്റെ അമ്മ മരിച്ചപ്പോൾ സാർ വിളിച്ചിരുന്നു, നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്; ലാലു അലക്സ് പറയുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ വികാരാധീനനായി നടൻ ലാലു അലക്സ്. തന്റെ മകന്റെ വിവാഹച്ചടങ്ങിൽ ഉമ്മൻചാണ്ടി പങ്കെടുത്തതും അമ്മ മരിച്ചപ്പോൾ അദ്ദേഹം ഫോൺ ചെയ്തതും ലാലു അലക്സ് അനുസ്മരിച്ചു. തമിഴ്നാട്ടിലെ ജയലളിതയും എംജിആറും മരിച്ചപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ജനബാഹുല്യം ഉമ്മൻചാണ്ടിയുടെ അന്ത്യ യാത്രയിൽ ഉണ്ടായിരുന്നുവെന്നും ലാലു അലക്സ് പറഞ്ഞു. സെക്കൻഡ് ക്ലാസ് ട്രെയിനിലും വിമാനത്തിൽ ഇക്കോണമി ക്ലാസിലും സഞ്ചരിച്ച മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്. അദ്ദേഹത്തെക്കുറിച്ച് ആരോപണം ഉണ്ടായപ്പോൾ, ‘അദ്ദേഹം അങ്ങനെ ചെയ്യില്ല, അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം’ എന്നു പറയാൻ താനടക്കം ഒരാൾ പോലും മുന്നോട്ടു വന്നില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നുവെന്നും ലാലു അലക്സ് പറഞ്ഞു. പിറവത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഉമ്മൻചാണ്ടി സാറുമായി വളരെ അടുത്ത് ഇടപഴകാനോ എപ്പോഴും കാണാനോ സംസാരിക്കാനോ ഉള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ കിട്ടിയ അവസരങ്ങൾ എല്ലാം അമൂല്യങ്ങൾ ആയിരുന്നു. പലപ്പോഴും കാണുമ്പോൾ, ‘‘എന്താ ലാലു?’’ എന്ന് ചോദിച്ചു കഴിഞ്ഞാൽ അടുത്ത സെക്കൻഡ് സർ ബിസിയാകും. അടുത്ത കാര്യങ്ങളുമായി സാർ പോകും.

എന്റെ മൂത്ത മകന്റെ കല്യാണത്തിന് സാബു എന്നോടു പറഞ്ഞു, ‘‘സാറേ, നമുക്ക് ഉമ്മൻചാണ്ടി സാറിനെയും കൂടെ വിളിക്കാം’’. സർ ഭയങ്കര തിരിക്കായിരിക്കില്ലേ എന്ന് ഞാൻ ചോദിച്ചു. നമുക്കൊന്ന് വിളിച്ചു നോക്കാമെന്ന് സാബു പറഞ്ഞു. അങ്ങനെ സാബു നമ്പർ തന്നിട്ട് ഞാൻ വിളിച്ചു. സാർ എന്റെ വീട്ടിൽ എത്തി. സാബുവും സാറും ഞങ്ങളെല്ലാം കൂടി നിന്ന് ഫോട്ടോ എടുത്തു. സാർ വന്നത് എന്റെ മോന്റെ കല്യാണത്തിന്റെ ചന്തം ചാർത്തൽ പരിപാടിക്കാണ്. അതുകഴിഞ്ഞ് എന്റെ അമ്മ മരിച്ചപ്പോൾ സാറിന്റെ ഫോൺകോൾ വന്നു. അത് ഞാൻ പ്രതീക്ഷിച്ചതല്ല. അപ്പോഴേക്കും സാറിന്റെ ശബ്ദത്തിനൊക്കെ മാറ്റം വന്നിരുന്നു. എങ്കിലും സാർ എന്നെ വിളിച്ചു. ആ രണ്ടുമൂന്നു സംഭവങ്ങൾ എന്റെ മനസ്സിനെ വളരെയധികം സ്പർശിച്ചു.

പക്ഷേ അതിനെക്കാൾ എല്ലാം ഉപരിയായി കേരളത്തിൽ ജീവിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് പ്രിയപ്പെട്ട രാഷ്ട്രീയക്കാരനായിരുന്നു ഉമ്മൻചാണ്ടി സർ. ഒരു ആവശ്യം വന്നാൽ ഞാൻ വിളിച്ചാൽ അദ്ദേഹം എന്തെങ്കിലും ചെയ്യും എന്ന് എനിക്ക് ഉറപ്പുള്ള ഒരാളായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർ കഴിഞ്ഞദിവസം നമ്മെ വിട്ടുപോയി. ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും ഈ ലോകം വിട്ടു പോകണം. ഒരാൾ ചെയ്ത നന്മ കൊണ്ട് ആ വ്യക്തിയെ നമ്മൾ ഓർമിക്കുന്നുവെങ്കിൽ അദ്ദേഹം എത്രയോ വലിയവനാണ്.

പഴയ കാലമല്ല, പുതിയ ടെക്നോളജികൾ വന്നു. ആർക്കും ഒന്നിനും സമയമില്ല എന്റെയൊക്കെ കുട്ടിക്കാലത്ത് കുറെ കൂടി സമയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആർക്കും ഒന്നിനും സമയമില്ല. ആ സമയമില്ലായ്മയിൽ ഇത്രയും കാര്യങ്ങൾ ചെയ്ത് ഓടിക്കൊണ്ടിരുന്ന ആളാണ് ഉമ്മൻചാണ്ടി സർ. അദ്ദേഹം ഒരു സൂര്യൻ ആയിരുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രഭ കൂടുകയാണ് ചെയ്തത്. സൂര്യൻ അസ്തമിക്കുമ്പോൾ നമ്മൾ ഇരുട്ടിലേക്കാണ് സാധാരണ പോകുന്നത്. പക്ഷേ ഉമ്മൻചാണ്ടി സർ ഇരുട്ടിലേക്ക് നമ്മെ വിടില്ല, സൂര്യന്റെ പ്രകാശം ഇങ്ങനെ നിൽക്കുകയാണ് ഭൂമിയാണ് ഉരുണ്ടുകൊണ്ടിരിക്കുന്നത്. നമ്മളിൽ ഉണ്ടായിട്ടുള്ള കുറെ കുഴപ്പങ്ങൾ കാരണം നമ്മൾ അന്ധകാരത്തിൽ പോവുകയാണ്.

അദ്ദേഹം നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്. സെക്കൻഡ് ക്ലാസ് ട്രെയിനിൽ പോവുക, ഉദ്യോഗസ്ഥരുമായി വിദേശത്ത് പോകുമ്പോൾ അവരൊക്കെ ബിസിനസ് ക്ലാസിലും സാറ് ഇക്കണോമി ക്ലാസിലും ആയിരിക്കും. ഇതൊക്കെ നേരത്തേ അറിയിക്കേണ്ടതായിരുന്നു. ഇന്ന് ഈ പരിപാടിക്കു വന്നു നിൽക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ചെറിയ ഒരു വിഷമം തോന്നുന്നു. ഓരോ മലയാളിക്കും അറിയാവുന്ന പേരാണ് ഉമ്മൻചാണ്ടി. ഇത്രയും അറിവുള്ള ഞാൻ ഉൾപ്പെടെയുള്ളവർ ഒരു കാര്യം ചെയ്തില്ലല്ലോ എന്നൊരു വേദന എനിക്കുണ്ട്.

കാരണം ഉമ്മൻചാണ്ടി സർ ഇത്രയും നല്ലൊരു വ്യക്തി ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസ് എന്ന ഒരു ചെറിയ വീട് മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ അനുഭവമുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയാൻ. തമിഴ്നാട് പോലെ രാഷ്ട്രീയക്കാരോട് സിനിമാതാരങ്ങളോടും വലിയ ആരാധനയുള്ളവരല്ല കേരളത്തിലെ ജനങ്ങൾ. ജയലളിത മരിച്ചപ്പോഴും എംജിആർ മരിച്ചപ്പോഴും നടന്നതിനേക്കാൾ വലിയ സംസ്കാരച്ചടങ്ങായിരുന്നു. ഇപ്പോഴും ആ കല്ലറയിൽ പോയി പ്രാർഥിക്കുന്നവരും മെഴുകുതിരി കത്തിക്കുന്നവരും എത്രയെത്ര പേരുണ്ട് എന്നത് വലിയൊരു മഹത്വം തന്നെയാണ്. അങ്ങനെ എല്ലാം ആയിരുന്ന ഈ ഉമ്മൻചാണ്ടി സർ ആരോപണ വിധേയനായപ്പോൾ ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ‘ഉമ്മൻചാണ്ടി സാർ അങ്ങനെയൊന്നും ചെയ്യില്ല എനിക്ക് അദ്ദേഹത്തെ അറിയാം’ എന്ന് അന്നു പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അന്ന് എനിക്കും അങ്ങനെ പറയാൻ കഴിഞ്ഞില്ല.

ഞാനും എന്റെ കുടുംബവും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തത് ഇവിടെ ഈ സ്റ്റേജിൽ നിന്നാണ്. എന്റെ മകന്റെ കല്യാണ ആൽബത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ട്. നമ്മളിൽ നിന്നും വിട്ടു പോയ അദ്ദേഹത്തിന് ദൈവത്തിന്റെ സന്നിധിയിൽ വലിയ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഉറപ്പാണ്. കാരണം അദ്ദേഹം അദ്ദേഹത്തിനു വേണ്ടി ജീവിക്കാതെ നമുക്ക് വേണ്ടിയാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ഓർമ നമുക്കെന്നും ഉണ്ടാവട്ടെ. ’’–ലാലു അലക്സ് പറഞ്ഞു.

Articles You May Like

x