”മരണം തോളില്‍ കൈയ്യിട്ട് കൂടെയുണ്ട്, കാരവാനില്‍ ഒറ്റയ്ക്കിരിക്കാന്‍ വരെ പേടിയാണ്; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്‌

ലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടനാണ് ഇന്ദ്രന്‍സ്. 1990കളിലെ സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായാണ് സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ തന്റെ അഭിനയ പാടവം കാഴ്ച്ച വെച്ചു. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏത് കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ല്‍ അപ്പോത്തിക്കരിയിലെ അഭിനയത്തിലൂടെ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടിയ 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2019-ൽ  വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. 350 ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.തന്റെ ഷൂട്ടിംങ് സമയത്തെ അനുഭവത്തെക്കുറിച്ചുള്ള ഇന്ദ്രന്‍സിന്റെ തുറന്ന് പറച്ചിലാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മരണം തോളില്‍ കൈയ്യിട്ട് തന്റെ കൂടെയുണ്ടെന്നും കാരവാനില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണെന്നും ഇന്ദ്രന്‍സ് പറയുന്നു.

”കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്. എനിക്ക് ജാഡയൊന്നും ഇല്ല.ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല.

സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്.പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും.പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ”-ഇന്ദ്രന്‍സ് പറഞ്ഞു.

ഗവണ്മെന്റ് ഹൈസ്കൂൾ കുമാരപുരത്താണ് ഇന്ദ്രൻസ് പഠിച്ചത്. നാലാംഫോറം വരെ മാത്രമേ അദ്ദേത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. പഠിപ്പു നിർത്തിയ ഇന്ദ്രൻസ് തന്റെ അമ്മാവന്റെ തുന്നൽക്കടയിൽ ജോലിയെടുക്കാൻ തുടങ്ങി. നാടകങ്ങളോട് താത്പര്യമുണ്ടായിരുന്ന ഇന്ദ്രൻസ് അമച്വർ നാടക സമിതികളിൽ ചേർന്നു നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്” എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 2004 ൽ കഥാവശേഷൻ എന്ന സിനിമയിലെ അഭിനയം ഒരു സ്വഭാവനടൻ എന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഥാനായകൻ എന്ന സിനിമയിൽ ഇന്ദ്രൻസ് പാടിയിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Articles You May Like

x