ഇന്ദ്രൻസിന്റെ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല: സുരേഷ് ഗോപി

ഇന്ദ്രൻസിന് ലഭിച്ച നാഷണൽ അവാർഡിൽ താൻ തൃപ്തനല്ലെന്ന് നടൻ സുരേഷ് ഗോപി. ഇന്ദ്രൻസ് തന്റെ കൂടെ ഒരുപാട് കോമഡി വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നും അപ്പോത്തിക്കിരിയിൽ മിന്നും പ്രകടനം കാഴ്‌ചവെച്ച നടൻ ഇന്ദ്രൻസാണെന്നും സുരേഷ് ഗോപി പറയുന്നു.

അപ്പോത്തിക്കിരിയിലെ ഇന്ദ്രൻസിന്റെ പ്രകടനത്തിന് നാഷണൽ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുപോലെ ഒരുപാട് സിനിമകളിലെ പ്രകടനത്തിന് അദ്ദേഹത്തിന് അംഗീകാരം ലഭിക്കുമെന്ന് കരുതിയിരുന്നെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇന്ദ്രൻസിന്റെ അവാർഡ് നേട്ടത്തിൽ
അദ്ദേഹം സാറ്റിസ്‌ഫൈഡ് ആവുമെന്നും എന്നാൽ താൻ തൃപ്തനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മൊണോട്ടണി(monotony) ഒരിക്കലും ഫീൽ ചെയ്തിട്ടില്ലാത്ത ഒരു നടനാണ് ഇന്ദ്രൻസ്. എന്റെ കൂടെ ഇന്ദ്രൻസ് ഒരുപാട് സിനിമകളിൽ കോമാളി വേഷങ്ങളൊക്കെ ചെയ്തു കണ്ടിട്ടുണ്ട്. അപ്പോത്തിക്കിരിയിലെ ഞാൻ കണ്ട എക്സലന്റ് ആക്ടർ ഇന്ദ്രൻസ് ആണ്. ഞാൻ അന്ന് ശരിക്കും ഇന്ദ്രൻസിന് നാഷണൽ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കഴിഞ്ഞ് ഒരുപാട് സിനിമകളിൽ എനിക്ക് തോന്നിയിരുന്നു.

ഹോം സിനിമയുടെ അഭിനയത്തിന് ഞാൻ അങ്ങോട്ട് വിളിച്ച് പറഞ്ഞതാണ്. ആ സിനിമയിൽ അവാർഡ് കിട്ടുമെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ ഈ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല, എനിക്കത് തൃപ്തികരമല്ല. പക്ഷെ അയാൾ സാറ്റിസ്‌ഫൈഡ് ആവും. കാരണം അദ്ദേഹം ഇതിലും വലുത് അർഹിക്കുന്നുണ്ട്. അത്രയ്ക്ക് എസൻസ് ഉള്ള നടനാണ് ഇന്ദ്രൻസ്,’ സുരേഷ് ഗോപി പറയുന്നു.

16 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അരുൺ വർമ ഒരുക്കുന്ന ഗരുഡൻ. ക്രിസ്ത്യൻ ബ്രദേഴ്സിൽ ആയിരുന്നു മുൻപ് ഇരുവരും ഒന്നിച്ചത്. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നൊരു പ്രത്യേകത കൂടി ഗരുഡന് ഉണ്ട്. ചിത്രത്തിൽ സിദ്ധിഖ്, അഭിരാമി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Articles You May Like

x