ക്രോണിക്ക് ബാച്ചിലർ സമയത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഭാവന, ഇത്രയും ചെറിയൊരു പെൺകുട്ടി എൻ്റെ നായികയായാൽ ശരിയാവുമോ എന്ന സംസാരമുണ്ടായിരുന്നു,എന്നാൽ….; മനസ് തുറന്ന് മുകേഷ്

മമ്മൂട്ടിക്കൊപ്പം മുകേഷ് അഭിനയിച്ചതിൽ‌ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ക്രോണിക്ക് ബാച്ചിലർ. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. ഇന്നും ചിത്രത്തിലെ ​ഗാനങ്ങൾക്ക് ആരാധകരുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ സ്വയംവര ചന്ദ്രികേ എന്ന ​ഗാനത്തിൽ മുകേഷിനും ഭാവനയ്ക്കും പുറമെ മമ്മൂട്ടിയും രംഭയും അഭിനയിച്ചിരുന്നു.

എന്നാൽ തുടക്കത്തിൽ താനും ഭാവനയും മാത്രമാണ് ആ പാട്ട് സീനിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതെന്നും മമ്മൂട്ടിയും രംഭയും സംവിധായകന്റെ നിർബന്ധപ്രകാരം അഭിനയിച്ചതാണെന്നുമാണ് മുകേഷ് പറയുന്നത്. മഴവിൽ മനോരമയിൽ‌ സംപ്രേഷണം ചെയ്യുന്ന കിടിലം പരിപാടിയിൽ പഴയ ഷൂട്ടിങ് ഓർമകൾ പങ്കുവെക്കവെയാണ് ക്രോണിക്ക് ബാച്ചിലർ സിനിമയെ കുറിച്ച് മുകേഷ് സംസാരിച്ചത്. ‘ക്രോണിക്ക് ബാച്ചിലർ എന്ന പടത്തിൽ ഞാനും ഭാവനയും ഒരുമിച്ച് പാടുന്ന പാട്ടാണ് സ്വയംവര ചന്ദ്രികേ. ഞാൻ പാട്ടൊക്കെ കാണാതെ പഠിച്ച് ത്രില്ലിലാണ് ഷൂട്ടിന് എത്തിയത്. അപ്പോഴാണ് റെഡിയായി സ്റ്റൈലിൽ മമ്മൂക്ക സെറ്റിൽ നിൽക്കുന്നത് കണ്ടത്.’

‘എന്റെയും ഭാവനയുടെയും സോങ് ഷൂട്ടാണെന്ന് പറഞ്ഞിട്ട് മമ്മൂക്ക എന്തിനാണ് വന്നതെന്ന ചിന്ത എനിക്കുണ്ടായി. കുറച്ച് കഴിഞ്ഞപ്പോൾ രംഭയും വന്നു. അപ്പോൾ സംഭവം എന്താണെന്ന് മനസിലാവാതെ ഞാൻ കാര്യം സംവിധായകൻ സിദ്ദിഖിനോട് തിരക്കി.”അപ്പോഴാണ് അദ്ദേഹം പറഞ്ഞത് സിനിമയിൽ മമ്മൂക്കയ്ക്ക് പാട്ടില്ലെന്നും അതുകൊണ്ട് സ്വയംവര ചന്ദ്രികേയുടെ നാല് വരി അദ്ദേഹവും രംഭയും ചേർന്ന് പാടിക്കോട്ടെയെന്ന് താൻ തീരുമാനിച്ചതാണെന്നും പറഞ്ഞത്. അന്നൊക്കെ സിനിമയുടെ റിലീസിന് മുമ്പ് ചിത്ര​ഗീതത്തിൽ പാട്ട് റിലീസ് ചെയ്യും. അങ്ങനെ വരുമ്പോൾ നാലുപേരും ഉള്ളതാണ് കൂടുതൽ ഇംപാക്ട് തരികയെന്നും സിദ്ദിഖ് പറഞ്ഞു.’

‘അത് കേട്ടപ്പോൾ കുറച്ചൊരു വിഷമം എനിക്ക് വന്നെങ്കിലും ഞാൻ തീരുമാനത്തോട് യോജിച്ച് പാട്ട് സീൻ ഷൂട്ടിന് തയ്യാറായി. അപ്പോഴാണ് മമ്മൂക്ക എന്റെ അടുത്ത് വന്ന് പാട്ട് സീനിൽ ഉൾപ്പെടുത്തിയതിന് പരാതി പറഞ്ഞത്. കാരണം മമ്മൂക്കയ്ക്ക് പാട്ട് സീനിൽ‌ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ ആ സോങിന്റെ കാര്യത്തിൽ‍ ഞാനും മമ്മൂക്കയും ഒരുപോലെ ദു:ഖിതരായിരുന്നു. എനിക്ക് സോങ് പോയതിലും മമ്മൂക്കയ്ക്ക് സോങ് കിട്ടിയതിലുമായിരുന്നു സങ്കടമെന്നും’, മുകേഷ് പറയുന്നു. ഭാവന സ്‌കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു മുകേഷിന്റെ നായികയായി ക്രോണിക്ക് ബാച്ചിലറിൽ അഭിനയിച്ചത്. ഭാവന ആദ്യമായി ഒരു വലിയ പ്രോജക്ടിന്റെ ഭാഗമായത് മുകേഷിന്റെ നായികയായിട്ട് ആയിരുന്നു.

‘ക്രോണിക്ക് ബാച്ചിലർ സമയത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഭാവന. ചിത്രത്തിൽ എന്റെ നായികയായി ഭാവനയെ തീരുമാനിച്ചപ്പോൾ ഒരു സംസാരമുണ്ടായിരുന്നു… ഇത് ശരിയാവുമോ എന്റെ നായികയായിട്ട് ഇത്രയും ചെറിയൊരു പെൺകുട്ടി വന്നാൽ എന്നതിനെ ചൊല്ലി.’ ‘അന്ന് ഞാൻ ഞാൻ സിദ്ധിഖിനോട് പറഞ്ഞു… എനിക്ക് കോൺഫിഡൻസുണ്ട്. പിന്നെ ബാക്കി നമുക്ക് നോക്കണ്ട ആവശ്യമില്ലെന്ന്. പക്ഷെ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒരു ടെൻഷൻ ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ ഈ ജോഡി ശരിയായി വന്നില്ലെന്ന് പറയുമോയെന്ന്. പക്ഷെ സിനിമ ഇറങ്ങിയ സമയത്ത് ആൾക്കാർ അതൊക്കെ മറന്നുവെന്നുമാണ്’, മുകേഷ് മുമ്പൊരിക്കൽ പറഞ്ഞത്.

Articles You May Like

x