പ്രായം അമ്പത് പിന്നിട്ടെങ്കിലും എല്ലാത്തിലും കുസൃതി നിറച്ചാണ് കൈകാര്യം ചെയ്യുക, പുറത്ത് പരിപാടികൾ‌ക്ക് പോകുമ്പോൾ വിദേശികളിൽ‌ നിന്നും ശോഭനയെ രക്ഷിച്ച് കൊണ്ടുപോകുന്നത് ഞങ്ങളാണ്; ശോഭനയെകുറിച്ച് വാചാലനായി മുകേഷ്

മലയാളത്തിന്റേത് എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിന് വേണ്ടിയും വെള്ളം പോലെ മാറാൻ കഴിയുന്ന അഭിനേത്രിയാണ് ശോഭന. നടപ്പിലും എടുപ്പിലും നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും നായിക സങ്കൽപങ്ങളെ പരിപൂർണമാക്കുന്ന അഭിനേത്രിയാണ് താരം. ശോഭനയെ പോലെ മറ്റൊരു നടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം.സഹതാരങ്ങളുടെ രസകരമായ കഥകൾ നർമ്മം കലർത്തി ആരാധകർക്ക് മുന്നിൽ എപ്പോഴും മുകേഷ് പറയാറുണ്ട്. ശോഭനയുടെ രസകരമായ കുസൃതികളെ കുറിച്ച് കിടിലം എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് പറഞ്ഞത്.

വിദേശികൾ പലപ്പോഴും ശോഭനയെ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും അവിടെ നിന്നെല്ലാം നടിയെ രക്ഷിച്ചിരുന്നത് ഒപ്പം പോകുന്ന താൻ അടക്കമുള്ളവരാണെന്നും മുകേഷ് പറയുന്നു. ‘ശോഭനയ്ക്കൊപ്പം പ്രോ​ഗ്രാമിന് പോകുമ്പോൾ നമുക്ക് അറിയാം യാത്ര ചെയ്യുമ്പോൾ അടക്കം ശോഭന മുദ്രകളും ഡാൻസ് സ്റ്റെപ്പുകളും കാണിച്ചുകൊണ്ടാണ് നടക്കുക എന്നത്.’ ‘പ​ക്ഷെ എയർപോട്ടിലൊക്കെ ചെല്ലുമ്പോൾ‌ ചില വിദേശികളൊക്കെ ശോഭനയെ ഇങ്ങനെ തുറിച്ച് നോക്കി പരസ്പരം കുശുകുശുക്കുന്നത് കേൾക്കാം. കാരണം പോകുമ്പോഴും വരുമ്പോഴുമെല്ലാം ശോഭന മുദ്രകൾ കാണിക്കുന്നുണ്ടാകും. ശോഭന കാണിക്കുന്നത് എന്താണെന്ന് നമ്മുടെ നാട്ടു​കാർക്ക് മനസിലാകും.’

‘പക്ഷെ വിദേശികൾ ശോഭനയെ നോക്കി തെറ്റിദ്ധാരണയോടെ സംസാരിക്കും. ഇത് ഞങ്ങൾ കേൾക്കുമ്പോൾ വിദേശികൾക്ക് തിരുത്തി കൊടുക്കും. ശോഭനയെ തെറ്റിദ്ധരിക്കരുത് നർത്തകിയായതുകൊണ്ട് മുദ്രകൾ ഓർമിച്ചെടുക്കുന്നതാണെന്ന് അവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കും. അപ്പോൾ അവർ പറയും തങ്ങൾ ചേഷ്ഠകൾ കണ്ട് തെറ്റിദ്ധരിച്ചുവെന്ന്.’

‘ഇത്തരത്തിൽ ശോഭനയെ എപ്പോഴും രക്ഷിച്ച് കൊണ്ടുപോകുന്നത് തങ്ങളാണെന്നും’, മുകേഷ് നർമ്മം കലർത്തി പറഞ്ഞു. പ്രായം അമ്പത് പിന്നിട്ടെങ്കിലും എല്ലാത്തിലും കുസൃതി നിറച്ചാണ് ശോഭന കൈകാര്യം ചെയ്യുക. അടുത്തിടെ ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് അവാർഡ് സ്വീകരിച്ച് മടങ്ങുമ്പോൾ തുള്ളിച്ചാടി നൃത്തം ചെയ്താണ് ശോഭന പോയത്. ആ വീഡിയോ വളരെ അധികം വൈറലായിരുന്നു.

വിവാഹത്തോട് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് താരം. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത്. 2011ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകൾ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്.

Articles You May Like

x