എൻ്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു, നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല; ഉമ്മന്‍ ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നടൻ വിനായകന്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് സിനിമാനടന്‍ വിനായകനെതിരേ പരാതി. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് നടനെതിരേ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഇന്നലെ രാത്രി ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്.

എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്”-തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

 

Articles You May Like

x