”അവള്‍ ചെറുപ്പത്തില്‍ കുസൃതിയായിരുന്നു, നല്ല അടിയും കൊടുത്തിട്ടുണ്ട്, ചെറുപ്പത്തില്‍ വിളിച്ചാല്‍ അവളെ കാണില്ല”;കെപിഎസി ലളിതയെ ക്കുറിച്ച് അന്ന് അമ്മ പറഞ്ഞത്‌

റര പതിറ്റാണ്ടോളം നീണ്ട അഭിനയ മുന്നേറ്റങ്ങള്‍ക്ക് വിരാമം കുറിച്ച് കെ പി എ സി ലളിത ഓര്‍മ്മയാകുമ്പോള്‍ ആ അഭിനയ സപര്യയുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം. കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി. നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ അമൃത ടി വി സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ കെ പി എ സി ലളിതയും അമ്മ ഭാര്‍ഗവിയമ്മയും വന്നപ്പോള്‍ നെടുമുടി വേണുവിന്റെ ലളിതയെറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആ അമ്മ നല്‍കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്.

” അവള്‍ ചെറുപ്പത്തില്‍ കുസൃതിയായിരുന്നു. അതുകൊണ്ട്തന്നെ നല്ല അടിയും കൊടുത്തിട്ടുണ്ട്. ചെറുപ്പത്തില്‍ വിളിച്ചാല്‍ അവളെ കാണില്ല. ഓട്ടവും ചാട്ടവുമൊക്കെ ആയിരുന്നു. ചെറുപ്പത്തില്‍ അവള്‍ നാടത്തില്‍ അഭിനയിക്കാന്‍ പോകുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ, നാടകത്തില്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഇഷ്ടം തോന്നി. അവള്‍ അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടുണ്ട്. ഭരതന്റെയും എല്ലാ സിനിമകളും കണ്ടു. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥും എന്റെ കാതില്‍ പിടിച്ച് കളിയാക്കാറുണ്ട്. കൂടെ ഞാന്‍ താമസിക്കാന്‍ ചെല്ലാത്തതിന് എന്നെ എപ്പോഴും ലളിത വഴക്ക് പറയും”- ഭാര്‍ഗവിയമ്മ
പറയുന്നു.

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി.തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. 1970-ൽ റിലീസായ കൂട്ടുകുടുംബം സിനിമ വിജയിച്ചതോടെ പിന്നീട് ഇറങ്ങിയ ഏകദേശം എല്ലാ സിനിമകളിലും ലളിതയ്ക്ക് വേഷം കിട്ടി.

1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് താത്കാലികമായി ഒഴിവായെങ്കിലും 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവ സാന്നിധ്യമായി മാറി. അഭിനയത്തിലെ അനായാസതയായിരുന്നു കെ.പി.എ.സി ലളിതയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥയാക്കിയ ഘടകം. ഏതു വേഷങ്ങളും ചെയ്യാൻ കഴിവുള്ള ഒരു അഭിനേത്രി കൂടിയായിരുന്നു അവർ. കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്. റിലീസിനൊരുങ്ങുന്ന ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്.

Articles You May Like

x