സ്ത്രീകളെ ഉപദ്രവിക്കുന്നു, തെറി വിളിക്കുന്നു, ഒരു മെയിൽ ഷോവനിസ്റ്റിനെ ബിഗ് ബോസ് വിന്നറാക്കി എന്ത് മാതൃകയാണ് സമൂഹത്തിന് നൽകുന്നത് ? അഖിൽ മാരാർക്ക് കിരീടം നൽകിയതിനെതിരെ സോഷ്യൽ മീഡിയ

നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിലാണ് മോഹൻലാൽ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയിയായി അഖിൽ മാരാരെ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയുടെ ക്യാം ഷ് പ്രൈസാണ് അഖിലിന് ലഭിച്ചത്. തുടക്കം മുതൽ തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് അഖിലിന് ലഭിച്ചിരുന്നത്. വോട്ടിങ്ങിലും അഖിൽ ബഹുദൂരം മുന്നിലായിരുന്നു. അഖിൽ മാരാറിന്റെ ചുറ്റിപ്പറ്റിയായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് ഷോ. പുറത്തുപോയ മത്സരാർഥികളുടെയും പിന്തുണ ലഭിച്ചത് അഖിലിനാണ്.

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഖിൽ മാരാർ. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു.പേരറിയാത്തവർ എന്ന സിനിമയിൽ സഹ സംവിധായകനായും അഖിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖിൽ ബിഎസ്സി മാത്ത്‌സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്തു. അതുപേക്ഷിച്ച്‌ കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് പിഎസ്‌സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. പിന്നീടാണ് സിനിമയിൽ എത്തിയത്.

അതേസമയം അഖിലിന് ബിഗ് ബോസ് കിരീടം നൽകിയതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. സമൂഹത്തിനു മാതൃകയാക്കാൻ കഴിയുന്ന ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ആൾക്കാണ് ബിഗ് ബോസ് വിജയകിരീടം നൽകിയതെന്നാണ് ആരോപണം. സ്ത്രീകൾക്കെതിരെ ബിഗ് ബോസ് ഷോയിൽ ഉടനീളം മോശം പെരുമാറ്റം നടത്തിയ മത്സരാർഥിയാണ് അഖിൽ. മാത്രമല്ല അഖിൽ നടത്തിയ പല പരാമർശങ്ങളും വിവാദങ്ങളായിരുന്നു. സഹമത്സരാർഥികളായ സ്ത്രീകളോട് മോശമായി പെരുമാറിയ അഖിലിന് ബിഗ് ബോസ് വിന്നറാകാൻ യാതൊരു അർഹതയും ഇല്ലെന്നാണ് ചില പ്രേക്ഷകരുടെ വാദം.

ബിഗ് ബോസ് ഷോയ്ക്കിടയിൽ വെച്ച് സഹമത്സരാർഥികളായ സ്ത്രീകളെ അടിക്കാൻ പലതവണ അഖിൽ കയ്യോങ്ങിയിരുന്നു. അഖിലിനെ പോലൊരു മെയിൽ ഷോവനിസ്റ്റിനെ ബിഗ് ബോസ് വിന്നറാക്കി എന്ത് മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം. സ്ത്രീകളെ അടിക്കാൻ കയ്യോങ്ങുന്നു, സ്ത്രീകളെ ഉപദ്രവിക്കുന്നു, അവരെ തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു മത്സരാർഥിക്ക് കൂടുതൽ വിസിബിലിറ്റി കൊടുക്കുന്നത് ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിൽ ഒഴിവാക്കുകയാണ് വേണ്ടത്. എന്ത് സന്ദേശമാണ് ഇതുകൊണ്ട് നൽകുന്നതെന്നും ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നു.

ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും വളരെ കൂളായി അഖിൽ പറയുന്നു. മലയാളമല്ല മറ്റേതെങ്കിലും ഭാഷയിൽ ആണെങ്കിൽ പോലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. സ്ത്രീകൾക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിച്ചതിന് ആ മത്സരാർഥിയെ പുറത്താക്കാനും മടിക്കില്ല. എന്നാൽ മലയാളത്തിൽ അങ്ങനെയൊരു നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

Articles You May Like

x