‘പോകുന്നെങ്കിൽ ഞാനും മാരാരും ഒരുമിച്ച് പോകും, ഇല്ലെങ്കിൽ ഇവിടെ ഒരുത്തനും പോകില്ല, കുളമാക്കും’, അലറി റോബിൻ, പിന്നാലെ ഹൗസിൽ നിന്നും റോബിനെ പുറത്താക്കി ബിഗ് ബോസ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി മുൻ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും എത്തിയത്. എന്നാൽ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്ന് ബിഗ്‌ബോസ് വീണ്ടും പുറത്താക്കിയിരിക്കുകയാണ്. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിൻറെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. ഇതിനിടെ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് പുറത്താക്കൽ.

അഖിലിനും ജുനൈസിനുമിടയിൽ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാൻ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നൽകി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഏതാനും ദിവസം മുൻപാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്ര ദിവസം ശാന്തനായി കഴിഞ്ഞ റോബിൻ പൊടുന്നനെയാണ് സീസൺ 4 നെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്.

“പോകുന്നെങ്കിൽ ഞാനും മാരാരും ഒരുമിച്ച് പോകും. ഇല്ലെങ്കിൽ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്കും നടക്കില്ല. ഞാൻ നടത്താൻ സമ്മതിക്കില്ല”, റോബിൻ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു. എന്നാൽ ഏറെ താമസിയാതെ ബിഗ് ബോസ് റോബിനെ കൺഫറെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിൻറെ പ്രശ്നം എന്നായിരുന്നു ബിഗ് ബോസിൻറെ ആദ്യ ചോദ്യം. “എൻറെ കൺമുന്നിൽ കുറച്ച് കാര്യങ്ങൾ നടന്നു. പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. എൻറെ കൺമുന്നിൽ ഒരു കാര്യം നടന്നപ്പോൾ എനിക്കത് പറയണമെന്ന് തോന്നി. തെറ്റാണോ ബി​ഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാൻ പോവാനല്ലേ വന്നത്? അപ്പോൾ ഇങ്ങനെ ഒരു സംഭവം എൻറെ കൺമുന്നിൽ നടക്കുമ്പോൾ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല”, റോബിൻ പറഞ്ഞു.

ഇങ്ങനെയാണോ റോബിൻ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിൻറെ അടുത്ത ചോദ്യം. തുടർന്ന് സോറി പറഞ്ഞ റോബിനോട് ഒരു സോറി പറഞ്ഞാൽ ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് തുടർന്ന് ചോദിച്ചു. “ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഇത്രനേരം ചെയ്തതിൻറെ ഉദ്ദേശ്യം എന്താണ്”? ബിഗ് ബോസിന് വിടാൻ ഭാവമില്ലായിരുന്നു. “റോബിൻ വരുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് അത് ഉറ്റുനോക്കിയത്. ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉൾപ്പെടെ നിങ്ങൾ ഇന്ന് ചെയ്ത മോശം പ്രവർത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോൾത്തന്നെ നിങ്ങളെ ഈ വീട്ടിൽ നിന്ന് നീക്കം ചെയ്യുകയാണ്. നിങ്ങളെ കൊണ്ടുപോകുന്നതിന് ഞങ്ങളുടെ ആൾക്കാർ വരും”, ബിഗ് ബോസ് തീരുമാനം അറിയിച്ചു. തുടർന്ന് കണ്ണ് കെട്ടി കൺഫെഷൻ റൂമിൽ നിന്ന് റോബിനെ നേരെ പുറത്തേക്ക് എത്തിക്കുകയും ചെയ്തു. പിന്നാലെ ഹൗസിൽ ഉള്ളവരോട് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചു.

“ഇത് ബി​ഗ് ബോസിൻറെ കർശന താക്കീത് ആണ്. ഇത്തരത്തിലുള്ള മോശമായ പെരുമാറ്റമോ വെല്ലുവിളിയോ ഇനിയും നിങ്ങളുടെ ഭാ​ഗത്തുനിന്ന് സംഭവിച്ചാൽ തീർച്ഛയായും കർശന നടപടി എടുക്കുന്നതാണ്. നടപടി ആവശ്യമായ കാര്യങ്ങളിൽ തീർച്ഛയായും ഞങ്ങൾ ഇടപെടുന്നതാണ്. കാരണം 24 മണിക്കൂറും ഞങ്ങൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഷോയ്ക്ക് എതിരായ രീതിയിൽ പ്രവർത്തിച്ചതുകൊണ്ടും പെരുമാറിയതുകൊണ്ടും റോബിൻ രാധാകൃഷ്ണനെ ഈ വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നു. എല്ലാവർക്കും പിരിഞ്ഞുപോകാം”, ബിഗ് ബോസ് തീരുമാനം അവരെ അറിയിച്ചു.

Articles You May Like

x