റോബിൻ്റെ വാദം പച്ചക്കള്ളം, ബിഗ് ബോസ് ആടിനെ പട്ടിയാക്കുന്ന ഷോ അല്ല; ആഞ്ഞടിച്ച് രജിത് കുമാർ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായത് വലിയ ചർച്ചയായിരുന്നു. ഒപ്പം റോബിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശനങ്ങളും ട്രോളുകളും വന്നിരുന്നു. അച്ചടക്ക ലംഘനം കാരണമാണ് ബിഗ് ബോസിൻറെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിൽ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. ഇതിനിടെ അഖിൽ തോൾ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനാണ് പുറത്താക്കൽ.

അതിന് പിന്നാലെ പുറത്തിറങ്ങിയ റോബിൻ ബിഗ്ബോസ് ഷോയ്ക്കെതിരെ അടക്കം മോശമായാണ് പ്രതികരിച്ചത്. അതേ സമയം റോബിനൊപ്പം ബിഗ്ബോസ് ഷോയിൽ അതിഥിയായി എത്തിയ മറ്റൊരു പഴയ മത്സരാർത്ഥി രജിത്ത് കുമാർ റോബിൻറെ നിലപാടുകളെ തുറന്നെതിർത്ത് രംഗത്ത് എത്തി. കഴിഞ്ഞ ദിവസം പുറത്ത് എത്തിയ രജിത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബിഗ്ബോസ് ഷോ പറ്റിക്കുന്നതാണ് സ്ക്രിപ്റ്റഡ് ആണെന്നൊക്കെ പറഞ്ഞ റോബിൻറെ വാദം നൂറുശതമാനം കള്ളമാണെന്ന് രജിത്ത് കുമാർ പ്രതികരിച്ചു. തെറ്റായ സന്ദേശങ്ങൾ ജനങ്ങൾക്ക് കൊടുത്ത് അവരെ പറ്റിക്കരുത്. ഞാനാണോ റോബിനാണോ പറയുന്നത് സത്യം എന്ന് ജനത്തിന് അറിയാം. ബിഗ്ബോസ് 2 ൽ നിന്നും ഞാൻ പുറത്തായിട്ടും ഞാൻ ഒരിക്കലും ബിഗ്ബോസ് ഷോയെ എന്തെങ്കിലും പറഞ്ഞിട്ടില്ല. സീസൺ 5ൽ ഉള്ളത് കിടിലം മത്സരാർത്ഥികളാണ് ഉള്ളതെന്ന് രജിത്ത് കുമാർ പറയുന്നു. അവർക്ക് സ്വാർത്ഥതയില്ല. അതുകൊണ്ട് തന്നെ ടാസ്‌കും ഗെയിമും കഴിഞ്ഞാൽ അവർ നല്ല സൗഹൃദത്തിലാണ്. നമ്മുക്ക് വേണ്ടത് അടിയൊക്കെ അല്ലേ. അവിടെയുള്ളവർ മനസാക്ഷി ഉള്ളവരാണെന്ന് പറയാം. റോബിൻ ഇഷ്യൂ പറയാൻ എനിക്ക് അത് ഒന്നുകൂടി കണ്ട് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. ഞാൻ എന്ത് ചെയ്തു എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ നാളെ ലൈവിൽ അറിയാൻ കഴിയും.

എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെ ആവണം. അത് കൃത്യമായിട്ട് അറിയില്ല. എന്തായാലും ഞങ്ങൾ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എന്തായാലും ഞാൻ ഹാപ്പിയാണ്.

ഒരു വീട്ടിൽ വിരുന്ന് വന്നിട്ട് അവിടെയുള്ളവരെ ദ്രോഹിച്ചാൽ അവരെ ചവുട്ടി പുറത്താക്കും. എന്നെയാരും പുറത്താക്കിയിട്ടില്ല. എപ്പിസോഡുകൾ കണ്ട ശേഷം റോബിൻ വിഷയത്തിൽ പ്രതികരിക്കാമെന്നും രജിത് കുമാർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Articles You May Like

x