ഒരു സെൻ്റ്  ഭൂമി എനിക്കില്ല, വീട് വച്ചിട്ടില്ല, അത് ഒരു ജപ്തിയുടെ വക്കിലാണ്, സാമ്പത്തിക സഹായങ്ങൾ ചെയ്യണമെന്ന് പറഞ്ഞ് പലരും ബന്ധപ്പെടുന്നു, പക്ഷേ….; ജീവിത യാഥാർഥ്യങ്ങൾ തുറന്ന് പറഞ്ഞ് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയാണ് അഖിൽ മാരാർ. ബിഗ് ബോസ് ടൈറ്റിൽ വിജയി ആയതുകൊണ്ട് എല്ലായ്പ്പോഴും താരപരിവേഷം ഒപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും താനായിത്തന്നെ ജീവിക്കാനാണ് ആഗ്രഹമെന്നുമൊക്കെ അഖിൽ നേരത്തേ പറഞ്ഞിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരുടെ ഗ്രൂപ്പിലേക്ക് അയച്ച ഒരു വോയ്സ് നോട്ട് ലീക്ക് ആയി എന്ന മട്ടിൽ പ്രചരിക്കുന്നുവെന്ന് അഖിൽ പറഞ്ഞു. ഇതേക്കുറിച്ച് വിശദീകരിക്കാൻ ഫേസ്ബുക്ക് ലൈവിൽ എത്തിയ അഖിൽ തൻറെ ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചും പറഞ്ഞു.

“ബിഗ് ബോസിലേക്ക് ഞാൻ പോയത് ഒരു പിആർ ഏജൻസിയെയും ഏൽപ്പിച്ചിട്ടല്ല. താനേ സേർന്ത കൂട്ടമായിരുന്നു അത്. അവരിൽ പലർക്കും ഞാൻ വീഡിയോ കോൾ ചെയ്തില്ലെന്നും വിളിച്ചില്ലെന്നുമൊക്കെ പരാതി ഉണ്ട്. പലരെയും വിളിച്ചു. എന്നെ ഇഷ്ടപ്പെടുന്നവരും മറ്റ് മത്സരാർഥികളെ ഇഷ്ടപ്പെടുന്നവരും തമ്മിൽ ഷോയുടെ സമയത്ത് അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം. ഇപ്പോൾ ശോഭയോട് ഞാൻ സംസാരിക്കുന്നതും ഒപ്പം ഫോട്ടോ എടുക്കുന്നതുമൊക്കെ പലർക്കും പ്രശ്നമാവുന്നു. ബിഗ് ബോസിലെ ഫൈറ്റ് പുറത്തേക്കും അതേപോലെ കൊണ്ടുവരാൻ താൽപര്യമുള്ള ആളല്ല ഞാൻ. അത് അപ്പോഴത്തെ എൻറെ വികാരങ്ങൾക്കനുസരിച്ച് സംഭവിച്ചതാണ്. അത് പുറത്ത് അഭിനയിക്കാൻ സാധിക്കില്ല”. ബിഗ് ബോസ് വിജയിയായി പുറത്തെത്തിയ ശേഷം സാമ്പത്തിക ആവശ്യങ്ങൾക്കടക്കം പലരും തന്നെ സമീപിക്കുന്നുണ്ടെന്നും അഖിൽ പറയുന്നു.

“16 ദിവസമായി ഞാൻ വന്നിട്ട്. അതിൽ രണ്ട് ദിവസം മാത്രമാണ് ഞാൻ എൻറെ കുടുംബത്തോടൊപ്പം നിന്നത്. വീട്ടിൽ പല സ്ഥലങ്ങളിൽ നിന്ന് ഒരുപാട് ആളുകൾ കാണാൻ വരുന്നുണ്ട്. ഒരു സ്ഥലത്തെ കുടിവെള്ള പദ്ധതി ശരിയാക്കി കൊടുക്കണമെന്ന് പറഞ്ഞ് ആളുകൾ എന്നെ ബന്ധപ്പെട്ടു. സാമ്പത്തിക സഹായങ്ങൾ ചെയ്യണമെന്ന് പറഞ്ഞ് പലരും ബന്ധപ്പെടുന്നു. ഒരു ലോട്ടറി അടിക്കുമ്പോൾ സ്വാഭാവികമായി ആൾക്കാർ‌ക്ക് ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടല്ലോ. എനിക്ക് സഹായിക്കാൻ ഭയങ്കര സന്തോഷമാണ്. എൻറെ കൈയിൽ പൈസ ഉണ്ടെങ്കിൽ അർഹതപ്പെട്ട ഒരാൾക്ക് കൊടുക്കാൻ എനിക്ക് സന്തോഷമാണ്.”

“പക്ഷേ നിങ്ങൾ ഒരു യാഥാർഥ്യം മനസിലാക്കണം. ഇതുവരെ എൻറെ ജീവിതത്തിൽ‌ ഒരു സെൻറ് ഭൂമി എനിക്കില്ല. ഞാൻ ഒരു വീട് ഇതുവരെ വച്ചിട്ടില്ല. ബിഗ് ബോസ് ഹൌസിൽ വച്ച് ഞാൻ നിങ്ങളോട് പറഞ്ഞ ഒരു കഥയുണ്ട്. ഷെയർ മാർക്കറ്റിൽ എനിക്കൊരു നഷ്ടം സംഭവിച്ച കാര്യം. അതെൻറെ കൂട്ടുകാരൻറെ കൈയിൽ നിന്ന് വാങ്ങിയ കടമായിരുന്നു. ആ കടം വീട്ടാൻ വേണ്ടി ഞാനന്ന് രണ്ടര ലക്ഷം രൂപ കാനറ ബാങ്കിൽ നിന്ന് വായ്പ എടുത്തു. അതിൽ ഒരു രൂപ പോലും ഞാൻ അടച്ചിട്ടില്ല. കാർഷിക വായ്പ ആയതുകൊണ്ട് 4 ശതമാനം പലിശ വച്ച് വർഷം 10,000 രൂപ അടച്ചാൽ മതി. അന്നെനിക്ക് 10,000 രൂപ വലുതായിരുന്നു. ഞാൻ ഒരിക്കലും രക്ഷപെടില്ലെന്നായിരുന്നു അന്നത്തെ എൻറെ ചിന്ത. നശിച്ച് 2020 ഒക്കെ ആവുമ്പോഴേക്കും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാൻ എന്തിന് 10,000 രൂപ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് മനപ്പൂർവ്വം അടച്ചില്ല.”

“അത് ഒരു ജപ്തിയുടെ വക്കിലാണ്. അമ്മയുടെ പേരിലുള്ള ഒരു അഞ്ച് സെൻറ് ഭൂമി ഉണ്ടായിരുന്നത് ബാങ്കിൽ വച്ചിരുന്നു. അത് ജപ്തി ആയിട്ട് കുറേ നാളായിട്ട് വരുന്നുണ്ട്. അത് അഞ്ച് ലക്ഷം രൂപയ്ക്കുമേൽ അടയ്ക്കാനുണ്ട്. പിന്നെ ഞാൻ ബിഗ് ബോസിലേക്ക് വന്നപ്പോൾ എൻറെ സുഹൃത്തുക്കൾ ഒരുപാട് പൈസ ചിലവാക്കിയിട്ടുണ്ട്. ഇങ്ങനെ സാമ്പത്തികമായി ഒരുപാട് കാര്യങ്ങൾ ഉണ്ട്. സുഹൃത്തിൻറെ പേരിലുള്ള ലോണിലാണ് വണ്ടി എടുത്തത്. കിട്ടുന്ന പൈസ എടുത്ത് മാസാമാസം അടയ്ക്കുകയാണ്. ജീവിതം ആർഭാടപൂർവ്വം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. രണ്ട് പെൺകുട്ടികളാണ് എനിക്ക്. അവരുടെ വളർച്ചയും പഠനവുമൊക്കെയുണ്ട്. സഹായം ചോദിച്ച് വന്നിട്ട് പെരുമാറിയത് കണ്ടോ എന്ന് ആരെങ്കിലും പറഞ്ഞാൽ ഇക്കാര്യങ്ങൾ അറിയണം. ഇന്നത്തെ സാഹചര്യത്തിൽ ഒരു മാസം കൊച്ചിയിൽ ജീവിക്കണമെങ്കിൽ എത്ര രൂപ ചെലവ് വരും?”

ആര് വിചാരിച്ചാലും എന്നെ തകർക്കാൻ കഴിയില്ലെന്ന് പറയുന്നു അഖിൽ. “ഈ വോയ്സിൻറെ പേരിൽ അനാവശ്യമായ ചർച്ചകളിലേക്ക് പോകരുത്. എനിക്ക് സമാധാനമായി ഒരു കഥയെഴുതാൻ സമയം തരിക”, അഖിൽ പറഞ്ഞ് അവസാനിപ്പിക്കുന്നു.

Articles You May Like

x