ഞാൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ചെഗുവേരയാണ് എൻ്റെ ഹീറോ, പേര് മാറ്റി രഘുവേര എന്നാക്കും…; ട്രോളുകളിൽ നിറഞ്ഞ് ഭീമൻ രഘു, തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയില്‍ പൊറുതിമുട്ടി അണികള്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന്‍ രഘു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ നില്‍ക്കുന്ന അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേയ്ക്ക് എത്തിയപ്പോഴും ട്രോളുകള്‍ക്ക് കുറവൊന്നും തന്നെയുണ്ടായിരുന്നില്ല.

ഇപ്പോഴിതാ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പറയുന്നത് പ്രകാരം, ഭീമന്‍ രഘുവിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുകയാണ്.

രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്തുതന്നെയാണ് രഘുവിന്റെ പേരില്‍ പാര്‍ട്ടി പരിഹസിക്കപ്പെടുന്നതെന്നതും അണികളെ പ്രയാസപ്പെടുത്തുന്നുവെന്നാണ് വിവരം.

സിപിഎമ്മില്‍ ചേര്‍ന്നതിനുപിന്നാലെ ചുവന്ന ഷര്‍ട്ട് ധരിച്ച് എകെജി സെന്ററിനുമുന്നില്‍ ചെങ്കൊടി വീശിനിന്ന രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍സമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു.

ഇടതുസഹയാത്രികരില്‍പലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി. ഇപ്പോള്‍ പാര്‍ട്ടിസെക്രട്ടറി നേരിട്ടു സ്വീകരിച്ചയാളെന്നതിനാല്‍ രഘുവിനെ തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയിലാണ് അണികള്‍.

സിനിമാപ്രചാരണത്തിന് ചെങ്കൊടിയും പിടിച്ചെത്തിയതോടെ ചിലരെങ്കിലും പരസ്യമായി വിമര്‍ശനമുന്നയിച്ചുതുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രധാന ചാനല്‍മുഖമായ റെജി ലൂക്കോസ് രഘുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്.

ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും നിലവില്‍ പാര്‍ട്ടി നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ അജീഷ് കൈതക്കല്‍ തന്റെ പോസ്റ്റില്‍ ‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍നിന്ന് വാങ്ങിവെക്കണമെന്ന്’ പറയുന്നു. ഈ തുറന്ന നിലപാടിന് പാര്‍ട്ടി അനുഭാവികളായ ഒട്ടേറെപ്പേര്‍ കമന്റിലൂടെ പിന്തുണയറിയിച്ചിട്ടുമുണ്ട്.

Articles You May Like

x