17–ാം വിവാഹം, 28–ാം വയസ്സിൽ ഒറ്റക്കായി ; 45-ൽ തന്റെ യൗവ്വനം ആഘോഷിക്കുന്ന മഞ്ചുഷ മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്

കാഴ്ചയില്ലാത്ത കുഞ്ഞിനെ പെറ്റുപോറ്റി അവനെ കരളായി ചേര്‍ത്തുപിടിച്ച അമ്മയായ മഞ്ജുഷ അനുവിനെ സോഷ്യല്‍ മീഡിയയില്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പത്തനംതിട്ട പൂങ്കാവ് സ്വദേശിയായ മഞ്ജുഷ കുറേക്കാലം പ്രവാസിയും ആയിരുന്നു. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിട്ടിയ ആ നിധിയെ കുറിച്ച് മഞ്ജുഷ പലവട്ടം ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ വാചാലയായിട്ടുണ്ട്. ‘ജീവതത്തിന്റെ തിരിച്ചറിവുകള്‍ ഒന്നും ഇല്ലെങ്കിലും അവളുടെ കണ്ണുകളില്‍ ഒരമ്മയായതിന്റെ ആനന്ദകണ്ണുനീര്‍ ഉണ്ടായിരുന്നു ഉളളം കൈയ്യുടെ വലുപ്പമേ ഉണ്ടായിരുന്നുളളു ആ മുഖത്തിന് വെറും( ഒന്ന് എഴുന്നൂറ്) മാത്രം തൂക്കമുളള കുഞ്ഞിപൂവ്. പീന്നിടുളള ദിവസങ്ങളില്‍ അമ്മയുടെ മുഖത്തേക്ക് നോക്കി നക്ഷത്ര കണ്ണുചിമ്മിയുളള ഒരുചിരിക്ക് വേണ്ടിയുളള കാത്തിരിപ്പ്’ എന്നുപറഞ്ഞു തുടങ്ങുന്ന ഒരു പോസ്റ്റിലൂടെയാണ് മഞ്ജുഷ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

പക്വത എത്തും മുന്‍പേ അമ്മ ആയ മഞ്ജുഷയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ ആയിരുന്നു ഇരുപത്തിയെട്ടാം വയസിനും 45നും ഇടയ്ക്ക് അവര്‍ പങ്കുവച്ച രണ്ട് ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മഞ്ജുഷയുടെ ജീവിത കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുഷ മനസ് തുറന്നത്. ‘വേദനകള്‍ എനിക്കു നല്‍കിയ അകാല വാര്‍ധക്യം ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍. എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കാവുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ, ജീവിതം അത്തരക്കാരെ പലതും പഠിപ്പിക്കും. ഏതു പ്രതിസന്ധികളും അവര്‍ അതിജീവിക്കും. എന്നാല്‍ അവളുടെ ഒപ്പം പൊടികുഞ്ഞുങ്ങളുണ്ടെങ്കില്‍ അവളുടെ ജീവിതം പിന്നെ അവര്‍ക്കായി മാത്രം മാറ്റിവയ്ക്കുമെന്നും’ മഞ്ജുഷ പറയുന്നു.

സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യപ്പെട്ട ആ മാറ്റം വലിയ അത്ഭുതമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ആ മാറ്റത്തിലേക്കുള്ള യാത്ര തന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും മഞ്ജുഷ അഭിപ്രായപ്പെടുന്നു. 1993 ല്‍ എന്റെ 17-ാം വയസില്‍ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹിതയാകേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു എന്നും മഞ്ജുഷ വെളിപ്പെടുത്തി. നല്ലപാതി ജീവിതത്തില്‍ തുണയാകും എന്ന് കരുതി എങ്കിലും ജീവിതത്തില്‍ കണ്ണീര്‍ ആണ് പുള്ളി പടര്‍ത്തിയത്. മൂന്ന് കുഞ്ഞുങ്ങളെയാണ് ദൈവം എനിക്ക് സമ്മാനിച്ചത്. ഒടുവില്‍ ജീവിതം രണ്ടു വഴിക്കു പിരിയുമ്പോഴും അവര്‍ മാത്രമായിരുന്നു എനിക്ക് കൂട്ടിനുണ്ടായിരുന്നത്. അങ്ങനെ ജീവിതത്തിന്റെ നല്ല പ്രായത്തില്‍, 28-ാം വയസില്‍ ഞാന്‍ ഒറ്റയ്ക്കായി.

പക്ഷേ തോറ്റു കൊടുത്തില്ല. എനിക്കു ജീവിക്കണം, എന്റെ മക്കളെ വളര്‍ത്തണമെന്ന വാശി ഉള്ളിലുണ്ടായിരുന്നു. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയും കോഴ്‌സ് സര്‍ട്ടിഫിക്കറ്റുമായി മസ്‌കത്തിലേക്ക് വണ്ടികയറി. 9 വര്‍ഷമാണ് അവിടെ ജോലി ചെയ്തത്. ആ ജീവിതം പലതും പഠിപ്പിച്ചു. പുതിയ പ്രതീക്ഷകള്‍ ജീവിതത്തിനുണ്ടായി. മക്കളെ നല്ല രീതിയില്‍ വളര്‍ത്തുകയും മകളെ നല്ല അന്തസായി വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷം താനിപ്പോള്‍ നാട്ടില്‍ സെറ്റിലാണെന്നും ഒരു അഡ്വര്‍ട്ടൈസ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും പിന്നെ ഷോര്‍ട്ട് ഫിലിമുകളുടെ ഭാഗമാകുന്നുമുണ്ട് എന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.

Articles You May Like

x