ഞാന്‍ സുരേഷ്, വാവ സുരേഷ് കണ്ണ് തുറന്ന് തൻറെ പേര് പറഞ്ഞു സംസാരശേഷിയും ഓർമ്മയും വീണ്ടെടുത്തു ; ഒരായിരം പേരുടെ പ്രാര്‍ത്ഥനയ്ക്ക് കരുത്തേകിയ നിമിഷം

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി. കെ. ജയകുമാര്‍ അദ്ദേഹത്തോട് പേര് ചോദിച്ചപ്പോള്‍ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ എന്നുള്ള മറുപടി വന്നു. ഇത് ഒരായിരം പേരുടെ പ്രാര്‍ത്ഥനയ്ക്ക് കരുത്തേകിയ നിമിഷം കൂടിയായിരുന്നു. ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തതായി ഡോടര്‍മാര്‍ അറിയിച്ചു.

ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാമ്പ് കടിച്ചതിനെക്കുറിച്ച് വാവ സുരേഷിനോട് ഡോക്ടര്‍മ്മാര്‍ ഒന്നും ചോദിച്ചിട്ടില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരുന്നത്.വ്യാഴാഴ്ച ബോധം വന്ന ഉടനെ ദൈവമേ എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര്‍ പോര് ചോദിച്ചപ്പോഴാണ് തന്റെ പേര് കൃത്യമായി അദ്ദേഹം പറഞ്ഞത്. വ്യാഴാഴ്ച കട്ടിലില്‍ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയിരുന്നു. ഇന്ന് കൂടി ഐസിയുവില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷം സ്റ്റപ്പ് ഡൗണ്‍ ഐസിയു മുറിയിലേക്ക് വാവ സുരേഷിനെ മാറ്റും.24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്തത്.

പാമ്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് വാവ സുരേഷിന്‌ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. തൊഴുത്തിന്റെ കരിങ്കല്ലിനിടയില്‍ നിന്ന് പിടികൂടിയ പാമ്പിന്റെ വാല്‍ പിടിച്ച് ചാക്കിലേക്കാന്‍ ശ്രമിച്ചപ്പോഴാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ മൂര്‍ഖന്റെ കടിയേറ്റത്.കടിച്ച പാമ്പുമായി ആശുപത്രിയിലേക്ക് പോകും മധ്യേ സുരേഷിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. നാഡിമിടിപ്പ് 20ലേക്ക് താഴ്ന്നു.തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം കട്ട പിടിക്കുന്ന അവസ്ഥ തുടര്‍ന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു.ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തലാണ് ഇപ്പോള്‍ ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നാഴ്ച മുമ്പായിരുന്നു വാവ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുകയും പാമ്പ് പിടിത്തത്തില്‍ വീണ്ടും സജീവമാവുകയുമായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.അതേസമയം കുറിച്ചിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം പാമ്പുകള്‍ പെരുകിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവിടെ പാമ്പുകളെ പിടിക്കുന്നത്.പെരുമ്പാമ്പിനെയും മൂര്‍ഖന്‍ കുഞ്ഞുങ്ങളേയും വരെ പലപ്പോഴായി ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Articles You May Like

x