വാവ സുരേഷിനെ ഫോണില്‍ വിളിച്ച് നടൻ സുരേഷ്‌ഗോപി; ”എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ” എന്ന് വാവ സുരേഷ്

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ഇന്നലെയാണ് ആശുപത്രിവിട്ടത്.കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്.നടന്‍ സുരേഷ് ഗോപിയും വാവ സുരേഷുമായുള്ള ഫോണ്‍ സംഭാഷണ ശകലങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാവ സുരേഷിന് ഫോണ്‍ വിളിച്ച സുരേഷ് ഗോപി അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ തന്നെ സാബ്ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ കാരണവും സുരേഷ് ഗോപി ഫോണില്‍ പറയുന്നുണ്ട്. വാവ സുരേഷ് സാബ്ജി എന്നാണ് സുേഷ് ഗോപിയെ വിളിക്കാറ്. അതുകൊണ്ടാണ് തിരിച്ചും അങ്ങനെയൊരു അഭിസംബോധന അദ്ദേഹം നല്‍കിയത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ; ”വിമര്‍ശനങ്ങളെല്ലാം ഒരു വശത്ത് നില്‍ക്കട്ടെ. നിങ്ങളുടെ കരളുപോലും നിങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് കേരളത്തിലെ നിങ്ങള്‍ക്കോടിയെത്താന്‍ കഴിഞ്ഞ സമൂഹത്തിനാണ്. നിങ്ങളുടെ ലിവര്‍ കണ്ടീഷന്‍ എനിക്കറിയാം. ആറോ ഏഴോ വര്‍ഷം മുമ്പ് ഇതിന് എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ എന്ന് പറഞ്ഞ മനുഷ്യനാണ് നിങ്ങള്‍. ആ നിങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ എനിക്ക് സഹിച്ചില്ല. പക്ഷേ, സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് അത്ര വില കല്‍പ്പിച്ചാല്‍ മതി. അമ്മയെ ചവിട്ടിയാല്‍പ്പോലും രണ്ടും മൂന്നും പക്ഷങ്ങളുണ്ടാകും.

ഒരുപാട് പേരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ഒരു അമ്മയായി നിങ്ങള്‍ നിന്നിട്ടുണ്ട്. എനിക്കെന്നും വാവ സുരേഷ് എന്ന് പറഞ്ഞാല്‍ ഒരു പാമ്പുപിടിത്തക്കാരനോ പാമ്പിനെ ഓര്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സില്‍ വരുന്ന ഒരു പോരോ അല്ല. മറിച്ച്, നിങ്ങളൊരു പ്രധാനമന്ത്രിയെപ്പോലെയോ പ്രസിഡന്റിനെപ്പോലെയോ മുഖ്യമന്ത്രിയെപ്പോലെയോ ഉള്ള ഒരു നിര്‍വഹണ കേന്ദ്രമാണ്. ആരോഗ്യം ശ്രദ്ധിക്കാത്തതില്‍ നിങ്ങളോടെനിക്ക് പരിഭവമുണ്ട്. കഴിവതും ഉരഗങ്ങളെ പിടിച്ച് കഴിഞ്ഞാല്‍ പിന്നെ അതുമായി പ്രദര്‍ശനത്തിന് നില്‍ക്കാതെ ഉടന്‍ തന്നെഅതിനെ വളരെ സുരക്ഷിതമായി അതിന് വിഹരിക്കാനുള്ള കേന്ദ്രത്തിലേക്ക് എത്തിക്കുന്ന രീതിയിലേക്ക് എത്തിക്കാനുള്ള തരത്തിലുള്ള മനസ്ഥിതി മാറ്റണമെന്നാണ് എനിക്ക് പറയാനുള്ളത്.
നിങ്ങള്‍ ഒരുപാട് വര്‍ഷം ജീവിക്കേണ്ടയായാളാണ്.നിങ്ങളെ മാതൃകയാക്കി വെച്ചിട്ടുള്ള എത്രയോ പേര്‍ ഇനി ഈ ഉരഗങ്ങളോട് ശത്രുതയല്ല, അതിനെ കൈകാര്യം ചെയ്ത് അവയുടെ ഗേഹങ്ങള്‍ കണ്ടുപിടിച്ചെത്തിച്ചു കൊടുക്കണമെന്ന് പറയുന്ന പ്രവണത വളര്‍ത്തേണ്ട ആളാണ് നിങ്ങള്‍. അങ്ങനെയുള്ള നിങ്ങള്‍ ആരോഗ്യത്തോടെ നിലനില്‍ക്കണം.”സുരേഷ്‌ഗോപി പറയുന്നു.

തനിക്ക് രണ്ടാം ജന്മമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് ആശുപത്രിവിട്ട ശേഷം വാവ സുരേഷ് പ്രതികരിച്ചിരുന്നു. തന്നെ പാമ്പുകടിയേറ്റപ്പോള്‍ പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട മന്ത്രി വി എന്‍ വാസവനും വാവ സുരേഷ് നന്ദി അറിയിക്കുകയുണ്ടായി. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധരണക്കാരന് പൈലറ്റ് പോകുന്നതെന്നും വാവ സുരേഷ് പറഞ്ഞു.

Articles You May Like

x