എനിക്ക് ഒരു ഗ്ലാസ്സ് കട്ടൻ വേണം , എല്ലാവരോടും സ്‌നേഹം നന്ദി – വാവയുടെ തൊണ്ടയിടറി ; ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് നിരീക്ഷണ മുറിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമായതിനെത്തുടര്‍ന്നാണ് മാറ്റിയത്. വാവ സുരേഷ് ഇപ്പോള്‍ എഴുന്നേറ്റിരിക്കാനും തുടങ്ങിയിട്ടുണ്ട്. എഴുന്നേറ്റിരുന്ന അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് കട്ടന്‍ ചായ ആയിരുന്നു. ആര്‍ എം ഒ ഡോ. പി.ആര്‍ രഞ്ജിന്‍ മുറിയിലേക്ക് വന്നപ്പോഴായിരുന്നു അദ്ദേഹം കട്ടന്‍ ചായ ആവശ്യപ്പെട്ടത്.

ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അല്പ്പം ചായ നല്‍കാമെന്ന് ഡോക്ടര്‍ സമ്മതിച്ചു. ചായ കുടിച്ച് കഴിഞ്ഞ ശേഷം നടന്ന കാര്യങ്ങളെല്ലാം ഡോക്ടര്‍മ്മാര്‍ വാവ സുരേഷിന് വിശദമായി പറഞ്ഞു കൊടുത്തു. പറഞ്ഞതെല്ലാം തൊഴുകൈയ്യോടെയാണ് അദ്ദഹം കേട്ടിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം എല്ലാവരോടും സ്‌നേഹവും നന്ദിയും എന്ന മറുപടിയാണ് വാവ സുരേഷ് പറഞ്ഞത്. ഇടറുന്ന സ്വരത്തിലായിരുന്നു ഈ വാചകം അദ്ദേഹം പറഞ്ഞ് തീര്‍ത്തത്.അപകട സ്ഥലം മുതല്‍ കോട്ടം മെഡിക്കല്‍ കോളേജ് വരെ തന്നെ എത്തിക്കാന്‍ സഹായിച്ചവരോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും നന്ദി എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തമായി നടന്നിരുന്നു. മന്ത്രി വി എന്‍ വാസവനും വെള്ളിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. അണുബാധ ഒഴിവാക്കാനും കോവിഡ് ചട്ടം നിലനില്‍ക്കുന്നതിനാലും സന്ദര്‍ശകര്‍ക്ക് വാവ സുരേഷിനെ കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരീക്ഷണ മുറിയിലും പേ വാര്‍ഡിലും അദ്ദേഹത്തെ കാണാന്‍ ആര്‍ക്കും അനുവാദമില്ല.

വ്യാഴാഴ്ച ബോധം വന്ന ഉടനെ ദൈവമേ എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര്‍ പോര് ചോദിച്ചപ്പോഴാണ് തന്റെ പേര് കൃത്യമായി അദ്ദേഹം പറഞ്ഞത്. വ്യാഴാഴ്ച കട്ടിലില്‍ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയിരുന്നു. 24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തലാണ് ഇപ്പോള്‍ ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകള്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാമ്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് വാവ സുരേഷിന്‌ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

മൂര്‍ഖന്റെ വിഷം ശക്തമായി ഉള്ളില്‍ പ്രവേശിച്ചിട്ടും രക്ഷയായത് അതിവേഗ വൈദ്യ സഹായമാണ്. സംഭവം നടന്ന കുറിച്ചിയിലെ ഉള്‍പ്രദേശത്ത് നിന്ന് മിനിറ്റുകള്‍ക്കകം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. ജനങ്ങള്‍ക്ക് വാവ സുരേഷിനോടുള്ള സ്‌
നേഹം എത്രയെന്ന് അറിയുന്ന തരത്തിലുള്ളതായിരുന്നു മെഡിക്കല്‍ കോളേജിലേക്കെത്തിയ ഓരോ ഫോണ്‍ വിളിയും. സംഭവം നടന്ന വൈകുന്നേരം മാത്രം മെഡിക്കല്‍ കോളേജ് പി ആര്‍ ഒയുടെ മൊബൈലിലേക്ക് വന്നത് 130 കോളുകളായിരുന്നു. വാവയ്ക്ക് എങ്ങനെയുണ്ടെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

Articles You May Like

x