അച്ഛനെ കണ്ട് ഹൃദയം പൊട്ടി കരയുന്ന സുധിയുടെ മകൻ, ആശ്വസിപ്പിക്കാനാകാതെ താരങ്ങൾ; നൊമ്പര കാഴ്ച,

സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മിനിസ്ക്രീൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ കലാകാരനാണ് കൊല്ലം സുധി. ജീവിതം കരുപിടിപ്പിച്ച് വരുന്നതിനിടയിലുണ്ടായ അപ്രതീക്ഷിത വാഹനാപകടത്തിൽ കൊല്ലം സുധി ഇന്ന് ഈ ലോകത്ത് നിന്നും പോയി. അപ്രതീക്ഷിതമായി സംഭവിച്ച വിയോ​ഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും ആരാധകരും. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോയിൽ സ്ഥിരം സാന്നിധ്യമാണ് സുധി. അതുകൊണ്ട് തന്നെ ദിവസേന പ്രേക്ഷകർ സുധിയുടെ മുഖവും ചിരിയും കണ്ടുകൊണ്ടിരിക്കുന്നതാണ്. വീട്ടിലെ അം​ഗത്തെപ്പോലെയായിരുന്നു ആരാധകർക്ക് സുധി.

പലരും വിയോ​ഗ വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്റ്റാർ മാജിക്ക് കലാകാരന്മാരുടെയെല്ലാം സോഷ്യൽമീഡിയ കുറിപ്പുകളിൽ നിന്ന് അവർക്കെല്ലാം സുധിയോടുണ്ടായിരുന്ന സൗഹൃദവും സ്നേഹവും എത്രത്തോളമായിരുന്നുവെന്നത് വ്യക്തമാണ്. സ്റ്റാർ മാജിക്ക് താരങ്ങളും ബന്ധുക്കളും മറ്റു സുഹൃത്തുക്കളും സുധിയെ കാണാനായി ആശുപത്രിയിലെത്തി. കൂടെ സുധിയുടെ മകനും തന്റെ അച്ഛനെ കാണാൻ വന്നു. വികാരഭരിതനായ മകൻ അച്ഛനെ കണ്ട് പൊട്ടിക്കരയുകയായിരുന്നു. സുധിയുടെ സഹപ്രവർത്തകർക്ക് പോലും അവനെ ആശ്വസിപ്പിക്കാനായില്ല. ഉള്ളുലയ്ക്കുന്ന നൊമ്പര കാഴ്ചയാണ് ആശുപത്രിയിൽ നിന്നും കാണാൻ സാധിക്കുന്നത്. കലാ രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി ആളുകളാണ് കൊല്ലം സുധിക്ക് അനുശോചനം അർപ്പിച്ചു രംഗത്തെത്തിയത്.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ ആളാണ് കൊല്ലം സുധി. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്‌സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.

Articles You May Like

x