ജനിച്ചപ്പോ മുതലേ അവനിതുതന്നെ പണി ; ആദ്യം നീർക്കോലിയെ പിടിച്ചു തുടങ്ങിയതാ ഇപ്പൊ രാജവെമ്പാല വരെ എത്തി നിൽക്കുന്നു – വാവയുടെ ‘അമ്മ

വാവ സുരേഷ് ഏഴോ എട്ടോ വയസ്സ് മുതല്‍ തന്നെ പാമ്പ് പിടിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മ കൃഷ്ണമ്മ പറയുന്നു. ഒരു കൊച്ചുകുടിലിലാണ് വാവ സുരേഷും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. പലരും സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി സമീപിച്ചപ്പോഴും അതെല്ലാം നിരാകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് തവണയും പാമ്പ് കടിയേറ്റ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വാവ ജീവിതത്തിലേക്ക് തിരികെ വന്നതുപോലെ ഇത്തവണയും വരുമെന്ന നിറഞ്ഞ പ്രതീക്ഷയായിരുന്നു ആ അമ്മയുടെ വാക്കുകളില്‍ ജ്വലിച്ചു നിന്നിരുന്നത്.

പാമ്പിനെ കണ്ടെന്ന് പറഞ്ഞ് ആര് വിളിച്ചാലും മുന്നും പിന്നും നോക്കാതെ ഉടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുമായിരുന്നു അദ്ദേഹം. തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി പ്രതിഫലം വാങ്ങിക്കാതെ തിരികെ തന്റെ കുടിലിലേക്ക് മടങ്ങും. ചാക്കുകളിലും കുപ്പികളിലുമാക്കി പിടിക്കുന്ന ഉഗ്രസര്‍പ്പങ്ങളെ കൊടും കാടുകളിലേക്ക് തുറന്ന് വിടും. കാല്ലുപണിക്കായിരുന്നു ആദ്യം പോയിരുന്നത്. പിന്നീടാണ് പാമ്പ് പിടിത്തതോടുള്ള താല്പര്യം വര്‍ധിച്ചത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും താല്പര്യം കൂടിവരുകയായിരുന്നു. പാമ്പ് പിടിക്കാന്‍ പോകരുതെന്ന് വീട്ടുകാര്‍ പറയുമ്പോഴും അനുസരിക്കാന്‍ വാവ തയ്യാറായിരുന്നില്ല. പാമ്പിനെ പിടിക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ വീട്ടില്‍ കള്ളം പറഞ്ഞ് പോകുക പതിവായി. സുഖമില്ലാതിരിക്കുമ്പോഴും പാമ്പിനെ കണ്ടെന്ന് പറഞ്ഞ് ആര് വിളിച്ചാലും ശാരീരിര അവശതകള്‍ മറന്ന് പോകുമായിരുന്നു.

ശാസ്ത്രീയമായ രീതിയിലല്ല അദ്ദേഹം പാമ്പിനെ പിടിക്കുന്നതെന്നും വാവയുടെ പാമ്പ് പിടിത്ത രീതിയെക്കുറിച്ചും പാമ്പുകളെ ദ്രോഹിക്കുന്നു എന്ന തരത്തിലും നിരവധി വിമര്‍ശനങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നിരുന്നു.35 വര്‍ഷങ്ങളായി സ്വന്തം ചെലവില്‍ തന്റെ വാഹനത്തില്‍സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും പാമ്പുപിടിക്കാന്‍ ഓടിയെത്തുന്ന വാവ സുരേഷിനെക്കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് അമ്പരപ്പാണ്. അവരെല്ലാം പറയുന്നത് ഒന്ന് മാത്രമാണ് – വാവ നന്മയുടെ ഉറവ വറ്റാത്ത മനുഷ്യനാണ്്. പിടിച്ച പാമ്പിനെ കൊല്ലാതെ വളര്‍ത്തുകയാണ് വാവ ചെയ്യുന്നത്. പാമ്പിന് നിശ്ചിത പ്രായമായാല്‍ കാട്ടില്‍ കൊണ്ടുപോയി വിടുമായിരുന്നു. പാമ്പ് പിടിത്തത്തിന് ആരെങ്കിലും പണം കൊടുത്താല്‍ അത് സ്വീകരിക്കില്ലായിരുന്നു. ആരെങ്കിലും നിര്‍ബന്ധിച്ച് കൊടുത്താല്‍ അത് വാങ്ങി പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറായിരുന്നു പതിവ്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വാവ ചെലവഴിച്ച പണത്തിന്റെ ഒരു ശതമാനം മാത്രം മതിയായിരുന്നു ആ കൊച്ചു കുടില്‍ മാറ്റി നല്ലൊരു വീട് പണിയാന്‍ എന്ന് വാവയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ആളുകളെ സഹായിച്ച് സഹായിച്ച് താന്‍ കടത്തിലായിട്ടുണ്ടെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. 3000ത്തിലധികം തവണ അദ്ദേഹത്തിന് പാമ്പ് കടിയേറ്റിട്ടുണ്ട്. ഇതില്‍ 257 തവണയും ഉഗ്ര വിഷമുള്ളവയായിരുന്നു. ഒരു വിരല്‍ മുറിച്ചു മാറ്റേണ്ടിയും വന്നു. മറ്റൊരു വിരല്‍ മടങ്ങിപ്പോയി. എന്നിട്ടും ആകാശം മുട്ടുന്ന ആത്മവിശ്വാസത്തോടെതന്റെ ഇഷ്ടതൊഴില്‍ ഇപ്പോഴും പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവില്‍ കോട്ടയം കുറിചചിയില്‍ വെച്ചാണ് വാവയ്ക്ക് പാമ്പ് കടിയേറ്റത്. എന്നാല്‍ ഇത്തവണ എപ്പോഴത്തേയും പോലെയായിരുന്നില്ല കാര്യങ്ങള്‍. പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് അദ്ദേഹം. ചുറ്റും ഒരായിരം ജനതയുടെ പ്രാര്‍ത്ഥനകളും.

Articles You May Like

x