സുധിച്ചേട്ടാ….ഉറങ്ങിയത് മതി, സ്റ്റാർ മാജിക്കിൽ പോവേണ്ടേ; വേദന താങ്ങാനാകാതെ ഭാര്യ, കണ്ണീർക്കടലായി കോട്ടയത്തെ വീട്

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞ ഞെട്ടലിലാണ് കേരളക്കര ഇപ്പോഴും. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സുധിയുടെ വീട്ടുകാരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കൾക്ക് പോലും വിയോഗവാർത്ത ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണ്. നിരവധിപേരാണ് പ്രിയ കലാകാരന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.

ഇന്ന് രാവിലെയാണ് സുധിയെ കോട്ടയത്തെ വാടക വീട്ടിൽ എത്തിച്ചത്. സുധിയുടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാടും നാട്ടുകാരും സാക്ഷ്യം വഹിച്ചത് അതി വികാരഭരിതമായ മുഹൂർത്തങ്ങൾക്കായിരുന്നു. ഒട്ടനവധി ആളുകളാണ് സുധിയെ അവസാനമായി കാണാൻ കോട്ടയത്തെ വീട്ടിൽ എത്തിയത്. സുധിയുടെ ഭാര്യ ആദ്യം മൃതദേഹം കാണാൻ വിസമ്മതിക്കുകയായിരുന്നു. ഇങ്ങനെ എനിക്ക് സുധി ചേട്ടനെ കാണേണ്ട…. എന്നെ അങ്ങോട്ട് കൊണ്ടുപോകല്ലേ….എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു ഭാര്യ. തന്റെ മക്കളുടെ അച്ഛൻ പോയെന്ന സത്യം ഇപ്പോഴും അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വേദന താങ്ങാനാകാതെ സുധിച്ചേട്ടാ….ഉറങ്ങിയത് മതി, സ്റ്റാർ മാജിക്കിൽ ഷൂട്ടിങ് പോവേണ്ടേ എന്നെല്ലാം പറയുന്നുണ്ടായിരുന്നു. കണ്ടു നിന്നവരുടെ നെഞ്ച് പൊട്ടുന്ന കാഴ്ചയായിരുന്നു അത്.

പേരിനൊപ്പം ജന്മനാടായ കൊല്ലത്തെ കൂടെ ചേർത്തിരുന്നെങ്കിലും 5 വർഷമായി കോട്ടയം വാകത്താനം സ്വദേശിയാണു കൊല്ലം സുധി. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ വാകത്താനത്താണു സുധി താമസിച്ചത്. വാകത്താനം പഞ്ചായത്ത് ഓഫിസിനു സമീപം വാടകവീട്ടിലായിരുന്നു 2 വർഷത്തോളം. പിന്നീടു പൊങ്ങന്താനം പന്തിരുപറ കോളനിയിലെ മറ്റൊരു വാടകവീട്ടിലേക്കു താമസം മാറി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇതിനു തൊട്ടടുത്ത വീട്ടിലേക്കു കഴിഞ്ഞ മാസം വീണ്ടും മാറി. പുതുക്കാട്ടിൽ എന്നാണ് മേൽവിലാസം. വൈകുന്നേരങ്ങളിൽ റോഡിലേക്കിറങ്ങുന്ന സുധിയെ കണ്ടാൽ വഴിയാത്രക്കാരും നാട്ടിലുള്ളവരും സെൽഫി എടുക്കാൻ തിരക്കു കൂട്ടുമായിരുന്നു.

കലാരംഗത്തെയും മിമിക്രി വേദികളിലെയും സുഹൃത്തുകൾ സുധിയെത്തേടി വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ടിവിയിൽ കാണുന്ന താരങ്ങൾ വീട്ടിലെത്തിയാൽ നാട്ടുകാരും ഓടിയെത്തും. പലയിടങ്ങളിൽ നിന്നും ആളുകൾ അവർ വരച്ച സുധിയുടെ ചിത്രങ്ങളും ആശംസാകാർഡുകളുമായി വീട്ടിലേക്കു വരുമായിരുന്നു. അടുത്ത മാസം ഗൾഫിലെ ഷോയ്ക്കു ശേഷം വാകത്താനത്തു സ്വന്തമായി വീടു വാങ്ങുന്നതിനുള്ള ആലോചനയിലായിരുന്നു സുധിയെന്നു ഭാര്യാമാതാവ് കുഞ്ഞമ്മ പറയുന്നു.

സുധി എത്തിയാൽ ചിരിയും ബഹളവുമാകുന്ന വീട് ഇന്നലെ സങ്കടക്കയത്തിൽ മുങ്ങി. സുധിയുടെ സുഹൃത്തുക്കൾ രാവിലെ മുതൽ വീട്ടിലെത്തി. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) സംഘടനാ ഭാരവാഹികളും പൊങ്ങന്താനത്തെ വീട്ടിലെത്തി. പുതിയ സിനിമകളിൽ വേഷം ലഭിച്ചതിന്റെ സന്തോഷം കഴിഞ്ഞ ദിവസം നേരിട്ടു കണ്ടപ്പോൾ സുധി പറഞ്ഞിരുന്നതായി സുഹൃത്തും നടനുമായ കണ്ണൻ സാഗർ പറഞ്ഞു.

അതേസമയം, സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

Articles You May Like

x