തിലകനെ സുരേഷ്ഗോപി കണ്ടിരുന്നത് സ്വന്തം അച്ഛനെ പോലെ: ഷോബി തിലകന്
അഭിനേതാവ് എന്ന നിലയില്‍ ഏറെ ആരാധകരുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ ഇപ്പോള്‍ മനുഷ്യത്വമുള്ള വ്യക്തിത്വത്തിന് ഉടമ എന്ന നിലയിലും ഏറെ പേര് സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നുണ്ട്. സമീപകാലത്തായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി താരം പണം ചെലവഴിച്ച വാര്‍ത്തകള്‍ നമ്മള് കേട്ടു. കോവിഡ്19 കാലത്ത് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്ക്ക് സുരേഷ് ഗോപി സഹായം ചെയ്തത് അത്തരത്തിലൊന്നായിരുന്നു. കോവിഡ്19 രൂക്ഷമായതോടെ സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ പല മിമിക്രി ആര്‍ട്ടിസ്റ്റുകളും ദുരിതത്തിലായി. ഇതേ തുടര്‍ന്ന് താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ സംഘടനയ്ക്ക് നല്‍കുമെന്നാണ് താരം അറിയിച്ചത്. ഈ തുക ഇപ്പോള്‍ നല്‍കുന്നുണ്ട് സുരേഷ് ഗോപി. ഇതിനു പുറമെ രാജ്യസഭാംഗം എന്ന നിലയില്‍ എത്രയോ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തിരിക്കുന്നു.
ഇപ്പോഴിതാ താരത്തിന്റെ മാനുഷിക മുഖം വെളിപ്പെടുത്തിയ മറ്റൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന് തിലകന്റെ മകന് ഷോബി തിലകന്. സീ മലയാളവുമായുള്ള അഭിമുഖത്തിലാണ് ഷോബി തിലകന് സുരേഷ് ഗോപിയെ കുറിച്ച് വാചാലനായത്. അന്തരിച്ച നടന് തിലകനെ സുരേഷ് ഗോപി സ്വന്തം അച്ഛനെ പോലെയാണ് കണ്ടിരുന്നതെന്നാണ് ഷോബി തിലകന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിലകന് കാര്‍ അപകടത്തില്‍ പരിക്ക് പറ്റി എറണാകുളം സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കുമ്പോള്‍ സുരേഷ് ഗോപി ആശുപത്രിയിലെത്തിയെന്നും വളരെ സ്നേഹത്തോടെയാണു പെരുമാറിയതെന്നും ഷോബി തിലകന് പറഞ്ഞു. അന്നാണ് താന്‍ ആദ്യമായി സുരേഷ് ഗോപിയെ കണ്ടതെന്നും ഷോബി പറഞ്ഞു. ഈയടുത്ത കാലത്ത് താന്‍ അഭിനയിച്ച പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാന്‍ സുരേഷ് ഗോപിയെ വിളിച്ചപ്പോഴുണ്ടായ അനുഭവവും ഷോബി വിവരിച്ചു.’ സുരേഷ് ഗോപി സ്വന്തം പടത്തിന്റെ പ്രൊമോഷനുമായി തിരക്കിലായിരുന്നു.
അപ്പോഴാണ് ഞാന്‍ എന്റെ ആവശ്യം അറിയിച്ചത്. അദ്ദേഹം തിരക്കിലായതിനാല്‍ വരില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു. ‘ തിലകന് ചേട്ടന്റെ മോന് പറഞ്ഞാല്‍ എനിക്ക് ചെയ്യാതിരിക്കാന്‍ സാധിക്കില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത് ‘ -ഷോബി തിലകന് പറഞ്ഞു. ഒരിക്കല്‍ തിലകന്റെ മകന് ഷമ്മി തിലകനും സുരേഷ് ഗോപിയെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും പറഞ്ഞ വാക്കിന് വില നല്കുന്ന നടനാണ് സുരേഷ് ഗോപിയെന്നായിരുന്നു ഷമ്മി തിലകന് പറഞ്ഞത്. രാജ്യസഭാംഗമെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച സുരേഷ് ഗോപി ഒരിടവേളയ്ക്കു ശേഷം ഈയടുത്ത കാലത്ത് സിനിമയിലും ശക്തമായ വേഷങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പാപ്പന്, മേം ഹൂ മൂസ എന്നിവയായിരുന്നു താരത്തിന്റെ റിലീസായ പുതിയ ചിത്രങ്ങള്‍.