പത്താം ക്ലാസ് പാസ്സാകാനുള്ള 35 മാർക്ക് കഷ്ടിച്ച് നേടി; ഒട്ടും നിരുത്സാഹപ്പെടുത്താതെ മകൻ്റെ വിജയം ആഘോഷമാക്കിമാറ്റി മാതാപിതാക്കൾ, മാതൃകയെന്ന് സോഷ്യൽ മീഡിയ

എല്ലായ്പ്പോഴും ഫുൾ എ പ്ലസുകളും ഫുൾ മാർക്കുകളുമാണ് എല്ലാവർക്കുമിടയിൽ ആഘോഷിക്കപ്പെടാറുള്ളത്. എന്നാൽ ജയിച്ച എല്ലാ വിദ്യാർത്ഥികളും അർഹിക്കുന്നതാണ് മികച്ച അഭിനന്ദനങ്ങൾ. അത്തരത്തിൽ ഒരു മികച്ച മാതൃകയാണ് ഒരു മാതാപിതാക്കൾ കാണിക്കുന്നത്.

ഇപ്പോൾ അത്തരത്തിൽ കഷ്ടിച്ച് പരീക്ഷയിൽ വിജയിച്ച മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളാണ് ശ്രദ്ധേയമാകുന്നത്. മുംബൈ സ്വദേശികളായ മാതാപിതാക്കളാണ് പത്താം ക്ലാസ് പരീക്ഷയിൽ 35% മാർക്ക് വാങ്ങി വിജയിച്ച മകനെ അഭിനന്ദിക്കുകയും എല്ലാവരും ചേർന്ന് ആഘോഷമാക്കി മാറ്റുകയും ചെയ്തത്.

മറാഠി മീഡിയം സ്‌കൂളിലെ വിദ്യാർഥിയായ വിശാൽ കരാഡ് ആണ് 35 ശതമാനം മാർക്ക് നേടി പരീക്ഷയിൽ വിജയിച്ചത്. പരീക്ഷയിൽ ജയിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. എന്നാൽ, വിശാലിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മകൻ നേടിയ മാർക്ക് അല്ല അവന്റെ വിജയമാണ് അവർക്ക് പ്രധാനം. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും ചേർന്ന് തങ്ങളാൽ കഴിയും വിധം മകന്റെ വിജയം ആഘോഷമാക്കാൻ തീരുമാനിക്കുകയായിരുന്നു.

‘പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയർന്ന സ്‌കോറുകൾ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാർക്ക് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവൻ എസ്എസ്സി പരീക്ഷയിൽ വിജയിച്ചു എന്നതിലാണ് ഞങ്ങൾ അഭിമാനിക്കുന്നത്’-മകന്റെ വിജയത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ പറയുന്നു.

ഐഎഎസ് ഓഫീസർ ആയ അവനീഷ് ശരൺ ആണ് ഈ കുടുംബത്തിന്റെ വിവരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. മുംബൈ താനെയിലെ ഉത്ൽസറിലാണ് ഈ കുടുംബം താമസിക്കുന്നത്. വിഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഈ കുടുംബത്തിന് ആശംസ അറിയിച്ച് രംഗത്ത് വന്നത്.

 

Articles You May Like

x