ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് നല്‍കി മാതൃകയായി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ മലപ്പുറം കോട്ടപ്പടി സ്വദേശി എന്‍വി റഫീക്കും താമരശ്ശേരി സ്വദേശി എഎം റഫീക്കും ചേര്‍ന്ന് കണ്ടെത്തി തിരിച്ചുനല്‍കിയത്.

താമരശ്ശേരി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ തിങ്കളാഴ്ച രാത്രി എട്ടേമുക്കാലിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് ഉണ്ണിമായയും ഭര്‍ത്താവ് ഷിജുവും കയറിയത്. തിരൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങിയതായിരുന്നു ദമ്പതിമാര്‍.

പാരിപ്പള്ളിയില്‍ ബസിറങ്ങി, വീട്ടിലെത്തുമ്പോഴാണ് മാല നഷ്ടമായത് അറിഞ്ഞത്. ഷിജുവിന്റെ സുഹൃത്ത് സന്തോഷ് ഉടന്‍ തന്നെ താമരശ്ശേരി ഡിപ്പോയില്‍ ബന്ധപ്പെട്ട് ഡ്രൈവറുടെയും കണ്ടക്ടറുടെയും നമ്പര്‍ കണ്ടെത്തി അവരെ ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ബസില്‍നിന്ന് ജീവനക്കാര്‍ പുറത്തെത്തിയിരുന്നു. ഉടന്‍ തന്നെ ബസില്‍ പരിശോധന നടത്തി മാല കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഷിജുവും ഉണ്ണിമായയും ഡിപ്പോയിലെത്തി റഫീക്കുമാരില്‍നിന്ന് മാല ഏറ്റുവാങ്ങി. ഇരുവര്‍ക്കും നന്ദിയറിയിച്ചശേഷമാണ് പള്ളിക്കലിലേ വീട്ടിലേക്ക് മടങ്ങിയത്.

Articles You May Like

x