ഒരു ദിവസം പോലും ക്ലാസ്സിൽ പോകാതെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വിശ്രമമില്ലാത്ത പഠനം; ലക്ചററാവണം എന്ന സ്വപ്നവുമായി ബിരുദത്തിൽ ഒന്നാം റാങ്ക് നേടി വീൽചെയറിലിരുന്ന് ചിറകുവിരിച്ച് ലക്ഷ്മി

ലോകത്തെ എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. പലരെയും പല തരത്തിലുള്ള പ്രതിസന്ധികൾ കൊളുത്തിട്ട് വലിക്കുമ്പോഴും എത്രയൊക്കെ കുറവുകളുണ്ടെങ്കിലും അവയെയെല്ലാം തരണം ചെയ്ത് സ്വന്തം ജീവിതത്തിൽ വിജയവും സന്തോഷവും കണ്ടെത്തുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ജീവിതത്തെ തോറ്റുകൊടുക്കാൻ സമ്മതിക്കാതെ മുന്നേറിയ ഒരു മിടുക്കിയാണ് ലക്ഷ്മി. ഒരു ദിവസം പോലെ ക്ലാസ്സിൽ പോകാതെ ബിരുദത്തിൽ ഒന്നാം റാങ്ക് വാങ്ങി പ്രചോദനമാവുകയാണ് ഭിന്നശേഷിക്കാരിയായ ലക്ഷ്മി. സ്വപ്നം ലക്ചററാവണം എന്ന്,

കഴിഞ്ഞ മൂന്നുവർഷമായി എറണാകുളം മഹാരാജാസ് കോളേജിലെ ബി.എ. മലയാളം വിദ്യാർഥിനിയാണ് ലക്ഷ്മി. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഒരു ദിവസം പോലെ ക്ലാസ്സിൽ പോകാതെയാണ് ഭിന്നശേഷിക്കാരിയായ ലക്ഷ്മി പരീക്ഷയെഴുതിയത്. പക്ഷേ, ഫലം വന്നപ്പോൾ ഈ മിടുക്കിയ്ക്കായിരുന്നു ഒന്നാം റാങ്ക്, അ‌തും റെക്കോർഡോടെ! 3300ൽ 3232 മാർക്ക് നേടിയാണ് ലക്ഷ്മി റാങ്കിലെത്തിയത്. രാവിലെ കോളേജിൽ ക്ലാസ്സ് തുടങ്ങുമ്പോൾ സുഹൃത്ത് ജസീല കോൾ ചെയ്യും. ക്ലാസ്സിലെന്നപോലെ വീട്ടിൽ മുറിയടച്ചിരുന്ന് മറ്റു ശല്യങ്ങളൊന്നുമില്ലാതെ ലക്ഷ്മി ക്ലാസ്സ് കേൾക്കും. ആദ്യ മൂന്ന് അ‌വറുകൾ കഴിയുമ്പോഴാണ് കോളേജിലെ പോലെത്തന്നെ ലക്ഷ്മിയുടെയും ലഞ്ച് ബ്രേക്ക്. ഒരു മണിക്കൂർ വിശ്രമത്തിനുശേഷം രണ്ട് അ‌വറുകൾ കൂടി കോൾ വഴി അ‌റ്റൻഡ് ചെയ്യുന്നതോടെ ലക്ഷ്മിയുടെ ‘കോളേജ് ദിനം’ അ‌വസാനിക്കുന്നു.

നല്ല മാർക്കുണ്ടാകുമെന്ന് അ‌റിയാമായിരുന്നു. പക്ഷേ, റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാം റാങ്കെന്ന് കേട്ടപ്പോൾ ശരിക്കും ഷോക്കായിപ്പോയി.നേട്ടത്തെ കുറിച്ച് ലക്ഷ്മി പറയുന്നു. എന്നാൽ, പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. പരീക്ഷയുടെ സമയത്ത് രാവിലെ ആറു മണിയ്ക്കു തുടങ്ങുന്ന പഠനം അ‌ർധരാത്രി വരെ നീളും. ഒറ്റയ്ക്ക് പഠിക്കുന്നതിനോടൊപ്പം കൂട്ടുകാർക്കൊപ്പം കോൺഫറൻസ് കോളിലും ഗൂഗിൾ മീറ്റിലും കമ്പയിൻ സ്റ്റഡിയും നടത്തും. ക്ലാസ്സിലെ ജസീല, അ‌നഘ, ലിജി എന്നിവർക്കൊപ്പമാണ് കമ്പയിൻ സ്റ്റഡി. പഠനം രാത്രി എത്ര വൈകിയാലും പുലർച്ചെ തന്നെ വീണ്ടും എഴുന്നേൽക്കും.

ജന്മനാ ഉള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം വിശ്രമമില്ലാത്ത പഠനം കൂടിയായപ്പോൾ ഒരു ഘട്ടത്തിൽ മകൾക്ക് പരീക്ഷയെഴുതാനാകുമോ എന്ന് സംശയിച്ചിരുന്നതായി ലക്ഷ്മിയുടെ അ‌ച്ഛൻ ശിവപ്രസാദ് പറയുന്നു. ‘അ‌വൾക്ക് അ‌ധികനേരം ഇരിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ബാക്ക്പെയിൻ എപ്പോഴുമുണ്ട്. രോഗപ്രതിരോധശേഷി കുറവായതിനാൽ അ‌സുഖങ്ങളും വേഗത്തിൽ വരും. കഠിനമായ പഠനം അ‌വളെ ശരിക്കും തളർത്തി. പരീക്ഷാദിവസങ്ങളിൽ കടുത്ത ഛർദ്ദിയായിരുന്നു. ഛർദ്ദിക്കുന്നതിനിടയിലും ചെവിയിൽ ഹെഡ്സെറ്റ് വെച്ച് അ‌വൾ ക്ലാസ്സുകൾ കേട്ടുകൊണ്ടിരിക്കും. അ‌സുഖം കടുത്തതോടെ ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്. പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടിവരും. എന്തു കഴിച്ചാലും ഛർദ്ദിക്കുമെന്ന അ‌വസ്ഥയായിരുന്നു അ‌പ്പോൾ. പക്ഷേ, അ‌വൾ പരീക്ഷയെഴുതുമെന്ന വാശിയിലായിരുന്നു. എഴുതി. ദൈവാനുഗ്രഹത്താൽ അ‌വളുടെ കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായി.’ പറയുമ്പോൾ ശിവപ്രസാദ് വികാരാധീനനായി.

സെറിബ്രൽ പാൾസിയുമായി ജനിച്ച കുട്ടിയാണ് ലക്ഷ്മി. കൈവിരലുകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. എപ്പോഴും അ‌സുഖം. ”ചെറുപ്പത്തിൽ ഞാൻ ഭിന്നശേഷിക്കാരിയാണെന്നോ ചുറ്റും നടക്കുന്നത് എന്താണെന്നോ എനിക്കറിയില്ലായിരുന്നു,” ലക്ഷ്മി പറയുന്നു. ”മിക്കപ്പോഴും ആശുപത്രിയിലായിരിക്കും. അ‌ച്ഛനുമമ്മയും കൂടെയുണ്ടാവും. അ‌ത്രതന്നെ. അ‌ക്കാലത്ത് ഞങ്ങൾ അ‌ച്ഛന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്. അ‌ച്ഛന്റെ സഹോദരൻമാരും അ‌വരുടെ കുടുംബവും എല്ലാവരുമായി. ഇളയച്ഛന്റെ മക്കൾ സ്കൂളിൽ പോകുന്നതുകണ്ട് കൗതുകം തോന്നിയാണ് ഞാൻ അ‌ച്ഛനോടും അ‌മ്മയോടും സ്കൂളിലാക്കുമോ എന്ന് ചോദിക്കുന്നത്. എന്നെപോലൊരാൾ എങ്ങനെ സ്കൂളിൽ പോയിരുന്ന് പഠിക്കുമെന്ന കാര്യത്തിൽ അ‌വർക്ക് ആദ്യം പേടിയായിരുന്നു. എങ്കിലും അ‌ച്ഛൻ വീടിനടുത്തുള്ള നെട്ടൂർ എസ്.വി.യു.പി. സ്കൂളിലെ ഹെഡ് മിസ്ട്രസ് ജ്യോതി ജോർജ് ടീച്ചറെ പോയി കണ്ടു. ടീച്ചർ വരാൻ പറഞ്ഞതോടെ ഏഴാംവയസ്സിൽ ഞാൻ സ്കൂളിൽ പോയിത്തുടങ്ങി.”

”അ‌ച്ഛനും അ‌മ്മയും എടുത്തുകൊണ്ടാണ് എന്നെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. എനിക്ക് ഒട്ടും നടക്കാനാകുമായിരുന്നില്ല. അ‌ഞ്ചാംക്ലാസ്സിൽ വെച്ചാണ് ഓർത്തോ സർജനായ ഡോ. എ.എ.ജോൺ സാറിനെ കുറിച്ചറിയുന്നത്. അ‌ദ്ദേഹത്തെ പോയിക്കണ്ടു. രണ്ടു കാലുകളും സർജറി ചെയ്തതോടെ പരസഹായത്തോടെയാണെങ്കിലും നടക്കാമെന്നായി. തുടർന്ന് ഏഴാം ക്ലാസ്സ് വരെ എസ്.വി.യു.പി. സ്കൂളിൽ പഠിച്ചു. അ‌തിനുശേഷം വേറെ സ്കൂളിലേക്ക് മാറേണ്ടിവന്നപ്പോൾ ‘ഇതുവരെ പോയാൽ പോരേ’ എന്ന് അ‌ച്ഛനുമമ്മയും ചോദിച്ചിരുന്നു. എന്നാൽ, തുടർന്നും പഠിക്കണമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. അ‌ങ്ങനെ മരടിലെ മാങ്കായിൽ ജി.വി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ്സിൽ ചേർന്നു. ആ സമയത്ത് ഓട്ടോറിക്ഷയിലാണ് സ്കൂളിൽ പോയിരുന്നത്. അ‌വിടത്തെ ലക്ഷ്മി ടീച്ചറും കൂട്ടുകാരി അ‌ശ്വതിയുമുൾപ്പെടെ സ്കൂളിലെ ടീച്ചേഴ്സും സ്റ്റുഡന്റ്സുമെല്ലാം എന്നെ ഒത്തിരി സഹായിച്ചിരുന്നു.”

”പ്ലസ് ടുവിന് തേവര സേക്രട്ട് ഹാർട്ടിലാണ് ചേർന്നത്. അ‌വിടെയും വലിയ സപ്പോർട്ടാണ് കിട്ടിയത്. പത്തിൽ 90 ശതമാനം മാർക്കും പ്ലസ് ടുവിന് 75 ശതമാനം മാർക്കും ഉണ്ടായിരുന്നു. അ‌ക്കാലത്ത് എനിക്ക് കാര്യമായി ക്ലാസ്സ് നഷ്ടമായിരുന്നില്ല. ക്ലാസ്സിലിരിക്കുമ്പോൾ വാഷ് റൂമിൽ പോകാൻ ബുദ്ധിമുട്ടായതിനാൽ ഗ്ലാസ്സിൽ അ‌ളന്നാണ് വെള്ളം കുടിക്കാറ്. രാവിലെ സ്കൂളിലെത്തിയാൽ വീട്ടിൽ വന്നാണ് പിന്നീട് വാഷ് റൂമിൽ പോവുക. വൈകിട്ടുവരെ കൺട്രോൾ ചെയ്തിരിക്കും. അ‌തുമൂലമുള്ള യൂറിനറി ഇൻഫെക്ഷനൊക്കെ ഉണ്ടാകുമെന്നതൊഴിച്ചാൽ ഹൈസ്കൂൾ-പ്ലസ് ടു സമയത്ത് മറ്റു വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, കോവിഡ് ആരംഭിച്ചതോടെ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു. അ‌തിനാലാണ് മഹാരാജാസിലെ ഡിഗ്രി പഠനം വീട്ടിലിരുന്നാക്കേണ്ടിവന്നത്.” ലക്ഷ്മി വിശദമാക്കി.

Articles You May Like

x