എന്നെയും ഒന്ന് ഇതുപോലെ ആക്കി തരാമോ….; 95–ാം വയസ്സിൽ മേക്കോവർ ചെയ്യണം എന്ന മേരിയുടെ ആഗ്രഹം സഫലമാക്കി കൊച്ചുമക്കൾ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രായമെത്രയായാലും മേക്കപ്പ് ചെയ്ത് നന്നായി ഒന്ന് ഒരുങ്ങി നടക്കാനായി ആഗ്രഹമില്ലാത്തവരായി ലോകത്ത് ആരെങ്കിലും ഉണ്ടാകുമോ? മേക്കപ്പിടാനും ഒരുങ്ങി നടക്കാനുമെല്ലാം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് 95കാരി മേരി. ചുമ്മാ ഒരു ദിവസം ഒരു മേക്കോവർ വിഡിയോ കണ്ട് കൊച്ചുമകളോട് പറഞ്ഞതാണ് മേരി, എന്നെയും ഒന്ന് ഇതുപോലെ ആക്കി തരാമോ എന്ന്. വല്യമ്മച്ചിയുടെ ആഗ്രഹത്തിന് കൊച്ചുമകൾ പ്രിൻസിയും മറ്റുള്ളവരും ഓകെ പറഞ്ഞതോടെ ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി മേരി.

കൊച്ചുമകളായ പ്രിൻസിയുടെ പാർലറിൽ നിന്നാണ് മേരി സൂപ്പർ മേരിയായി ഒരുങ്ങിയത്. ലിപ്സ്റ്റിക്കും ഐഷാഡോയും ബ്ലെഷും, നല്ല ബ്രൗൺ നിറത്തിലുള്ള മുടിയുമെല്ലാമായി നല്ല അസ്സലൊരു വെസ്റ്റേൺ മേരി. ചുവപ്പും നീലയും നിറത്തിലുള്ള ഫ്രോക്കാണ് ധരിച്ചത്. മേരിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് മേരിക്കും, ഈ പ്രായത്തിലും വല്യമ്മച്ചിയുടെ ആഗ്രഹത്തിന് ഒപ്പം നിന്ന കൊച്ചുമക്കൾക്കും അഭിനന്ദം അറിയിച്ചത്.

ഒരാഗ്രഹത്തിന് പറഞ്ഞപ്പോഴേക്കും കൊച്ചുമക്കൾ അത് സാധിച്ച് നൽകിയെങ്കിലും ഇങ്ങനെയൊക്കെ സംഭവം വൈറലാകുമെന്ന് മേരി ചിന്തിച്ചതേ ഇല്ല. ഒരുപാട് സന്തോഷത്തിലാണിപ്പോൾ മേരി. മേക്കോവർ എന്ന സ്വപ്നം നടന്നതും അതൊരുപാട് പേർ കണ്ടതും മേരിക്ക് ഏറെ സന്തോഷമാണ്. ‘എന്നെപ്പോലെ ഇതുപോലത്തെ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കും അവരുടെ കൊച്ചുമക്കൾ ഇതുപോലൊക്കെ ചെയ്ത് കൊടുത്താൽ നന്നായിരിക്കും. സ്വപ്നങ്ങൾ എല്ലാവർക്കുമുണ്ടല്ലോ’– മേരി പറഞ്ഞു.

‘ഞാനൊരു മേക്കപ്പ് ആർട്ടിസ്റ്റാണ്. പലപ്പോഴും എന്റെ അടുത്ത് വരുമ്പോൾ വല്യമ്മച്ചി കിട്ടുന്ന സാധനങ്ങളെല്ലാം വച്ച് ഒരുങ്ങാറുണ്ട്. ലിപ്സ്റ്റിക്കിടാനും കണ്ണെഴുതാനും മസ്കാര ഇടാനുമെല്ലാം ഈ പ്രായത്തിലും വല്യമ്മച്ചിക്ക് ഒരുപാട് ആഗ്രഹമാണ്. ഒരിക്കലെങ്കിലും അത് നടത്തി കൊടുക്കണമെന്ന് കരുതിയിരുന്നു. അങ്ങനെയിരിക്കെയാണ് വല്യമ്മച്ചി തന്നെ ഇങ്ങനൊരാഗ്രഹം പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല, അങ്ങ് നടത്തി കൊടുത്തു’ – പ്രിൻസി പറഞ്ഞു.

https://www.instagram.com/reel/CuAOgWhuGVc/?utm_source=ig_web_copy_link

Articles You May Like

x