
ചില മാഷന്മാർ പിടി പിരീഡ് ക്ലാസെടുക്കുന്നുണ്ട്, അത് പൂർണമായും തെറ്റാണ്, അതിവിടെ നടക്കൂല്ല, ബുധനാഴ്ച കുട്ടികൾക്ക് പുറമേ മാഷന്മാരും യൂണിഫോം കർശനമായി ഇടണം; വൈറലായി 7-ാംക്ലാസുകാരിയുടെ ഉശിരൻ പ്രസംഗം
തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ നടത്തുന്ന പ്രസംഗങ്ങളെ വെല്ലുന്ന ഏഴാം ക്ലാസുകാരിയുടെ ഉശിരൻ പ്രകടനം വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ. സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങൾക്കും കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ചിരിയോടൊപ്പം ചിന്തയും പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്
താൻ സ്‌കൂൾ ലീഡറായാൽ പി.ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നും അധ്യാപകർക്ക് ഡ്രസ്‌കോഡ് നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് കുട്ടി പറയുന്നത്. കൈയടികളോടെ വൻപിന്തുണയാണ് സ്ഥാനാർഥിക്ക് നൽകുന്നത്. കണ്ണംകോട് ടി.പി.ജി മെമ്മോറിയൽ യു.പി സ്‌കൂൾ എന്ന് കാണുന്ന വീഡിയോയിൽ തന്റെ ചിഹ്നം പെൻ ആണെന്നും പറയുന്നുണ്ട്. പേര് അറിയില്ലെങ്കിലും മിടുക്കിയെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റായി നൽകിയത്. വിദ്യാർഥിയുടെ നിരീക്ഷപാടവത്തിനും പ്രസംഗവൈഭവത്തിനും കൈയടിക്കുകയാണ് സോഷ്യൽമീഡിയ.
https://www.facebook.com/watch/?v=269663212482178
‘ഞാനിവിടെ സ്‌കൂൾ ലീഡറായി വന്നാൽ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടുത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാൻ പറയുന്നു. കാരണം നമ്മുടെ സ്‌കൂൾ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാർ പി.ടി പിരീഡ് കേറി ക്ലാസെടുക്കാൻ ശ്രമിക്കുന്നുണ്ട്. അത് പൂർണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല. ഫുട്‌ബോൾ, ക്രിക്കറ്റ്, ഷട്ടിലൊക്കെ നൽകേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന്, ബുധനാഴ്ച കുട്ടികൾക്ക് പുറമേ മാഷന്മാരും യൂണിഫോം കർശനമായി ഇടണം. കാരണം ചില ടീച്ചർമാർ പച്ച ചുരിദാറാണെങ്കിൽ പച്ച, ചെരിപ്പ്, പച്ച ക്യൂട്ടെക്‌സ്, പച്ചക്കമ്മല്, പച്ചക്ലിപ്പ് എന്നെല്ലാം ധരിക്കുന്നുണ്ട്. മാഷന്മാരാണെങ്കിൽ ബ്രാൻഡഡ് ഷർട്ട്, ജീൻസ് എന്നിവയും ധരിക്കുന്നു’ എന്നാണ് വീഡിയോയിൽ പറയുന്നത്