അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലല്ലോ; 52-കാരിയായ ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25-കാരിയായി മാറി, ആ ചേച്ചിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരുങ്ങി സുന്ദരിയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. വിവാഹപ്പെണ്ണിനെപ്പോലെ നന്നായി മേക്കപ്പ് ചെയ്ത്, നല്ല സാരിയുടുത്ത്, ആഭരണങ്ങൾ അണിഞ്ഞ് ഒരു തവണയെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അധികപേരും സ്വപ്‌നം കണ്ടിട്ടുണ്ടാകും. എന്നാൽ ജീവിത പ്രാരാബ്ധത്തിനിടയിൽ അതിനൊന്നും നേരമുണ്ടാകില്ല. ചിലർക്ക് ഒന്ന് മുടി ചീകികെട്ടിവെയ്ക്കാൻ പോലും സമയം കിട്ടില്ല.

അത്തരത്തിലുള്ള ഒരു വീട്ടുജോലിക്കാരിയുടെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ ജിൻസി രഞ്ജു. വീട്ടിൽ ജോലിക്ക് വരുന്ന ചന്ദ്രികയെന്ന സ്ത്രീയെ അണിയിച്ചൊരുക്കി ഒരു സുന്ദരിയായ മണവാട്ടിയാക്കിയിരിക്കുകയാണ് ജിൻസി. 52 വയസുള്ള ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25-കാരിയായ കല്ല്യാണപ്പെണ്ണായി മാറി.

‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പി ആയി.’ ജിൻസി പറയുന്നു.’ചേച്ചിയെ ഒരുക്കിയെടുക്കാൻ ഏകദേശം നാല് മണിക്കൂറെടുത്തു. വളരെ ഡ്രൈ ആയ സ്‌കിൻ ആയിരുന്നു. പുതിയ സ്റ്റൈലിൽ ഹെയറും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന്റെ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. ഞങ്ങൾ ആഭരണങ്ങൾ കല്ല്യാണാവശ്യത്തിനായി വാടകയ്ക്ക് നൽകാറുണ്ട്. ആ ആഭരണങ്ങൾ ചേച്ചിയെ അണിയിപ്പിച്ചു. തലയിൽ പൂവും ചൂടിയതോടെ ചേച്ചി ആളാകെ മാറി.

ഫോട്ടോഷൂട്ടിനായി കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എല്ലാവരും അദ്ഭുതത്തോടെ നോക്കി. അത് ചന്ദ്രിക ചേച്ചിയാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോട്ടോയിലെ പോസുകളൊന്നും ഞങ്ങൾ പറഞ്ഞുകൊടുത്തതല്ല. എല്ലാം ചേച്ചി തന്നെ കൈയിൽ നിന്ന് ഇട്ടതാണ്.’ ജിൻസി പറയുന്നു.

ഈ മേക്കോവർ വീഡിയോ തന്റെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടികെയറിന്റെ ഇൻസ്റ്റഗ്രാം പേജിൽ ജിൻസി പങ്കുവെച്ചതോടെ ചന്ദ്രിക ചേച്ചി വൈറലായി. നാലര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇത് ആ ചേച്ചിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മനസിനെ സന്തോഷിപ്പിച്ച വീഡിയോ ആണിതെന്നും ആളുകൾ പ്രതികരിച്ചു. രണ്ട് വർഷം മുമ്പാണ് ജിൻസി ആലക്കോട് ബ്യൂട്ടികെയർ സ്ഥാപനം തുടങ്ങിയത്.

Articles You May Like

x