എന്റെ കുഞ്ഞിന് പകരുന്ന രോഗമല്ലെന്ന് മുഖത്തു നോക്കി പലരോടും പറയേണ്ടി വന്നിട്ടുണ്ട് ; ഇതുപോലെ ഒരു സുഖം വേറെ ആർക്കും കൊടുക്കരുതേ എന്ന് പ്രാർഥന മാത്രം ; മകളുടെ അതിജീവനകഥ പങ്കുവെച്ച് സൗമ്യ

ന്റെ കുഞ്ഞിന്റെ നെറ്റിയില്‍ ചെറിയൊരു ചുവന്ന തിണര്‍പ്പ് കണ്ട് ആവലാതിപ്പെട്ട സൗമ്യയെ പലരും അന്ന് കളിയാക്കുകയാണ് ചെയ്തത്. കുഞ്ഞിന്റെ കാര്യത്തില്‍ ഓവര്‍ കെയറാണെന്ന് പറഞ്ഞ് അവളുടെ സംശയത്തെ തള്ളിക്കളഞ്ഞു. പക്ഷേ, ആ ചുവന്ന തടിപ്പ് മുതുകിലും പ്രത്യക്ഷപ്പെട്ടു. അപ്പോഴും പലരും അവളുടെ മാതൃമനസ്സിലെ ആകുലതകളോട്‌ മുഖം തിരിച്ചു. പക്ഷേ, നഴ്‌സ് കൂടിയായ സൗമ്യയ്ക്ക് അത് നിസ്സാരമായിക്കാണാന്‍ കഴിയില്ലായിരുന്നു. ചുറ്റുമുള്ള ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ നേരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് . രക്ത പരിശോധനാഫലം വന്നപ്പോള്‍ അവള്‍ സര്‍വ്വ ദൈവങ്ങളേയും പ്രാര്‍ത്ഥിച്ച് അതില്‍ കണ്ണോടിച്ചു. എച്ച്ബി പ്ലേറ്റ്‌ലെറ്റ് 19000…നഴ്‌സിങ് ക്ലാസിലെ ഓര്‍മ്മകള്‍ അവള്‍ ചികഞ്ഞെടുത്തു. ഹേയ് എന്റെ കുഞ്ഞിന് അതല്ല, അവള്‍ മനസ്സിനെ സമാധാനിപ്പിക്കാന്‍ പാടുപെടുകയായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അന്ന് തുടങ്ങിയ ആ ഓട്ടം ഇന്ന് എത്തി നില്‍ക്കുന്നത് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലാണ്. അന്തിമഫലം മറ്റൊന്നുമായിരുന്നില്ല…കാന്‍സര്‍ എന്ന ഭീതിയുടെ നാല് അക്ഷരങ്ങളായിരുന്നു.ഒന്നര വയസ്സുമാത്രം പ്രായമുള്ള ആ ഇളംമനസ്സിനെ കാന്‍സര്‍ പിടിമുറുക്കിയിരിക്കുന്നു. മകളോടൊപ്പം കാന്‍സറിന്റെ ഓരോ ഘട്ടങ്ങളിലും താങ്ങായി നിന്ന അമ്മ സൗമ്യ പോരാട്ടവീര്യത്തിന്റെ കഥകള്‍ പറയുകയാണ്.

പ്രാര്‍ത്ഥനയും 9 വയസ്സുകാരി ദക്ഷിണയും യുഎഇയില്‍ പ്ലാന്റ് ഓപ്പറേറ്ററായ ഭര്‍ത്താവ് ബിജിത്തും അടങ്ങുന്നതാണ് നഴ്‌സ് ആയ സൗമ്യയുടെ ലോകം. ദക്ഷിണ ജനിക്കുമ്പോള്‍ വെറും ഒരുകിലോ മാത്രമായിരുന്നു ഭാരം. പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് സാധാരണനിലയില്‍ അവളെ എത്തിച്ചത്. പ്രാര്‍ത്ഥന ജനിച്ചപ്പോഴേ
ആരോഗ്യവതിയായിരുന്നു. പ്രതീക്ഷകളുടെ വര്‍ഷമായിരുന്നു അവര്‍ക്ക് 2021. ഒരുപാട് പ്ലാനുകളുണ്ടായിരുന്നു. പ്രാര്‍ത്ഥനക്ക് തലയ്ക്ക് ചെറിയ ചൂടുപോലെ തോന്നിയപ്പോള്‍ പോളിയോ തുള്ളിമരുന്ന് എടുത്തതിന്റെ തൊട്ടടുത്ത ദിവസമായതിനാലാകാം എന്ന് വിചാരിച്ചു. ചൂടുകുരു ആകുമെന്ന് ആശാ വര്‍ക്കറും പറഞ്ഞു. പൗഡര്‍ ഇട്ടുകൊടുത്താല്‍ മതിയെന്ന് ആശാവര്‍ക്കര്‍ പറഞ്ഞെങ്കിലും സൗമ്യയ്ക്ക് സമാധാനം വന്നില്ല.ആശുപത്രിയില്‍ ചെന്നപ്പോഴും കുഴപ്പമൊന്നും കണ്ടില്ല. ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. റിസല്‍റ്റ് കൊണ്ട് ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ പറഞ്ഞത് ബ്ലഡ് എമര്‍ജന്‍സി ആയി കയറ്റാന്‍ സൗകര്യമുള്ള ഹോസ്പിറ്റലില്‍ കുട്ടിയെ എത്തിക്കണം എന്നാണ്. ഭര്‍ത്താവ് നാട്ടിലില്ലായിരുന്നു. നാട്ടിലെ സ്വകാര്യ ആശുപത്രിയിലൂടെ സൗമ്യ തന്റെ മകളേയും ചേര്‍ത്ത് പിടിച്ച് ഓടി. പിറ്റേന്ന് ഓങ്കോളജി ഡോക്ടര്‍ വന്നപ്പോള്‍ അവള്‍ ഭയപ്പെട്ട കാര്യം ഏതാണ്ട് ഉറപ്പായി. കുഞ്ഞിന പിടിമുറുക്കിയിരിക്കുന്നത് കാന്‍സര്‍ ആണ്‌.ബോണ്‍ മാരോ ചെയ്താലേ ബാക്കി വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് അറിയിച്ചു. അത്രമാത്രമേ ഓര്‍മ്മയുള്ളൂ. ബോധം വന്നപ്പോള്‍ കുഞ്ഞിന്റെ കട്ടിലില്‍ കിടക്കുകയാണ് സൗമ്യ. എത്രയും പെട്ടന്ന് കുഞ്ഞിനുള്ള ചികിത്സ ആരംഭിക്കാന്‍ ഡോക്ടര്‍ പറഞ്ഞു.

 

സ്വകാര്യ ആശുപത്രിയിലെ ചെലവ് താങ്ങാതെ വന്നപ്പോള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിപ്പെടുകയായിരുന്നു. അവിടെ പലതവണ മനസ്സ് പതറിപ്പോയിരുന്നു. കണ്‍മുന്നില്‍ വേദനകൊണ്ട് കരയുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങള്‍…വെള്ളം ഇറക്കാന്‍ കഴിയാതെ കരയാന്‍ പോലുമാകാതെ ഒരുപാട് പേര്‍. പലതും കാണാതിരിക്കാന്‍ കണ്ണടച്ചിരുന്ന നിമിഷങ്ങള്‍…ഉറക്കമെന്തെന്ന് അറിയാത്ത ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട് കൂട്ടിനുണ്ടായിരുന്നത്. അതിനിടയില്‍ നെഞ്ചുപൊട്ടിപോകുന്ന പല നിമിഷങ്ങളും. ദൈവം എല്ലാം സഹിക്കാനുള്ള കഴിവ് കുഞ്ഞിന് കൊടുത്ത പോലെ തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. ആശുപത്രിയിലൂടെ അവളെ എടുത്ത്‌കൊണ്ടുപോയപ്പോള്‍ തളര്‍ന്നെങ്കില്‍ എന്നെ തറയിലിറക്കിക്കോ എന്ന് ആ കുഞ്ഞ് മനസ്സ് പറയുമായിരുന്നു.ഒരുമാസം കഴിഞ്ഞ് മൂത്തമോളേയും അങ്ങോട്ട് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് കൂടുതല്‍ ആക്റ്റീവ് ആയി. പതുക്കെ പിടിച്ച് നടക്കാനും എണീക്കാനും തുടങ്ങി. പതിയെ പതിയെ അവള്‍ക്ക് ആശ്വാസം ലഭിച്ചു. ഇടയ്ക്ക് നടത്തിയ ബോണ്‍ മാരോ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. പക്ഷേ, കോഴ്‌സ് കംപ്ലീറ്റ് ചെയ്യാനായി പിന്നെയും പിടിച്ചുനിന്നു. ഒടുവില്‍ റേഡിയേഷന്‍ നിര്‍ത്തുകയാണെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി.മാസത്തില്‍ ഒരിക്കല്‍ ആര്‍സിസിയില്‍ വന്ന് ഇഞ്ചക്ഷന്‍ എടുത്താല്‍ മതിയെന്ന് പറഞ്ഞു.അഗ്നിപരീക്ഷകളുടെ നീണ്ട നാളുകളിലൂടെയാണ് കടന്നുപോയത്. ഉപകാരികളേയും അവഗണിക്കുന്നവരയും തിരിച്ചറിഞ്ഞ നാളുകള്‍. കൂടെ തണലായി നിന്ന ആരേയും മറക്കില്ല. ഇപ്പോഴും പോരാട്ടം തുടരുകയാണ്. കാന്‍സറിന്റെ അവസാന വേരും അറുത്തുമാറ്റുന്നത് വരെ പോരാട്ടം തുടരും. അതുവരെ കുഞ്ഞിപ്പെണ്ണിനായി പ്രാര്‍ത്ഥനയോടെ ഞങ്ങളും; സൗമ്യ പറയുന്നു.

Articles You May Like

x