മയക്കുമരുന്ന് ആരും വായിൽ കുത്തിക്കയറ്റി തരില്ല, മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ല, ടിനി ടോമിൻ്റെ പരാമർശത്തിനെതിരെ ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും ഈയിടെ സിനിമ സംഘടനകൾ വിലക്കിയിരുന്നു. ഇതുനു പിന്നാലെ ഒട്ടനവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.

ഒരു പ്രമുഖ നടൻ്റെ മകനായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും തൻ്റെ മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്ന് ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാൻ വിടാത്തതെന്ന് ടിനി വ്യക്തമാക്കിയിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

ഇപ്പോഴിതാ ടിനി ടോമിൻ്റെ ഈ പരാമർശത്തിനെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ലഹരി മോശം സാധനമാണെന്ന കാര്യം അറിയാവല്ലോ, മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ല. അല്ലാതെ മയക്കുമരുന്ന് ആരും വായിൽ കുത്തിക്കയറ്റി തരില്ലല്ലോ. ബോധം കഥയും ഉള്ള ഒരാളാണെങ്കിൽ അവനത് ഉപയോഗിക്കില്ല അത്രയൊള്ളൂ, ധ്യാൻ പറഞ്ഞു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെ. ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണെന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Articles You May Like

x