കുറ്റിക്കോടിന്റെ സ്വകാര്യ അഹങ്കാരമായ ‘സൽമാൻ’ ; കാക്കത്തൊള്ളായിരം കൂട്ടുകാരുള്ള ഒരു അപൂർവ മനുഷ്യൻ

‘സൽമാന്‍ കുറ്റിക്കോട്’ എന്ന പേര് പറഞ്ഞാൽ അറിയാത്ത മലയാളികളുണ്ടെന്ന് തോന്നുന്നില്ല. സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വലിയ രീതിയിൽ വൈറലായ സൽമാൻ ഒരു കുഞ്ഞു സെലെബ്രെറ്റി കൂടിയാണ്. സൽമാന് അരികിലായി എപ്പോഴും സൗഹൃദങ്ങളുടെ വലിയ ആരവമാണ്. തനിയ്ക്ക് അരികിൽ വന്ന് ചേർന്ന ഇന്നലെ കണ്ട മനുഷ്യനെനയും ചേർത്ത് പിടിച്ച് സൽമാൻ പറയും. ‘എന്റെ ചങ്കാണ്…’ ഈ ചങ്കുകളുടെ പിന്തുണയാലാണ് സൽമാൻ കുറ്റിക്കോട് എന്ന 34 -കാരൻ കേരളത്തിലും സോഷ്യൽമീഡിയയിലും അറിയപ്പെടുന്ന താരമായത്. നിമിഷ നേരത്തിനുളിൽ തന്നെ ഇന്‍സ്റ്റഗ്രാമിലും, ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്ന സൽമാന്റെ റീൽസും ഫോട്ടോസും മിനിറ്റുകൾക്കകമാണ് വൈറലാകുന്നത്.

‘ധ്രുവം’ സിനിമയിലെ ഡയലോഗിന് ചുവട് വെച്ച് സൽമാൻ ചെയ്ത ആദ്യ റീലിന് രണ്ടു മില്യൺ വരെ കാഴ്ചക്കാരായി. ദിവസവും രണ്ടും മൂന്നും ഉദ്ഘാടനങ്ങൾ ചെയ്യാൻ ഗൾഫിൽ നിന്ന് വരെ ആളുകൾ വിളിക്കാൻ തുടങ്ങി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കുറ്റിക്കോട് പാറപ്പുറം വീട്ടുമുറ്റത്ത് വലിയൊരു ചങ്ങാതിക്കൂട്ടം കാണും എപ്പോഴും. അതിന് നടുവിലായി അവരുടെ ക്യാപ്റ്റനുണ്ട്. ‘സൽമാൻ’. കൂട്ടുകാരാണ് സൽമാന്റെ ലോകം. ഇടയ്‌ക്കൊക്കെ കൂട്ടുകാരോട് സൽമാൻ പിണങ്ങുകയും വലിയ പരിഭവം കാണിക്കുകയും ചെയ്യാറുണ്ട്. എന്നാൽ സൗഹൃദങ്ങളുടെ സ്‌നേഹത്തിന് മുൻപിൽ സൽമാന്റെ പിണക്കത്തിന് മിനുറ്റുകളുടെ ആയുസ് മാത്രമേയുള്ളു.

ചില സമയങ്ങളിൽ കൊച്ച് കുട്ടികളെപോലെ ചില വാശികളുണ്ട് സൽമാന്. അതിനെല്ലാം അവനോടൊപ്പം കൂട്ട് നിൽക്കുന്നത് ഞങ്ങളാണെന്ന് മൂത്ത ജ്യേഷ്ഠൻ കുഞ്ഞാവു പറഞ്ഞു. ആളുകൾ കൂടുമ്പോൾ അവരുടെ അറ്റെൻഷൻ കിട്ടാൻ വേണ്ടി തലവേദന അല്ലെങ്കിൽ നെഞ്ചുവേദന പോലെയൊക്കെ ഇടയ്ക്ക് സൽമാൻ അഭിനയിക്കും. എല്ലാവരും ‘അയ്യോ സൽമാന് എന്തുപറ്റി?’ എന്ന് ഭയപ്പെട്ട് ചോദിക്കും. കുഞ്ഞുനാൾ മുതലേ കൂട്ടുകാരുടെ അടുത്ത് ഇങ്ങനെയൊരു അഭിനയമുണ്ട്. തലചുറ്റുന്ന പോലെ ഇടയ്ക്ക് നടിയ്ക്കും. സോഡ കിട്ടാനുള്ള സൽമാന്റെ തന്ത്രമാണത്. വാങ്ങി കിട്ടുമെന്ന് കണ്ടാൽ എഴുന്നേറ്റിരിക്കും. ആദ്യമായി ഇതെല്ലാം കാണുന്നവർ പേടിച്ച് പോകും. വീട്ടിൽ പെങ്ങന്മാര് വന്നിട്ടുണ്ടെങ്കിൽ ഇത്തരം കുറുമ്പുകൾ സൽമാൻ ആവർത്തിക്കും. വല്ലപ്പോഴും വരുന്ന അവർ അവനെ കൊഞ്ചിക്കും. അത് അവൻ വല്ലാതെ ആസ്വദിക്കുകയും ചെയ്യും.

എട്ടുമാസങ്ങൾക്ക് മുൻപാണ് സൽമാൻ്റെ സുഹൃത്തുക്കളായ കബീറും കൂട്ടുകാരും ചേർന്നു ചെർപ്പുളശ്ശേരിയിൽ ‘ഡ്രൈഫ്രൂട്സ് കട’ ആരംഭിക്കുന്നത്. അതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് സൽമാനായിരുന്നു. സൽമാന് സന്തോഷമാകട്ടെ എന്ന് കരുതി കൂട്ടുകാർ ആ കർമ്മം അവനെ ഏൽപ്പിച്ചതാണ്. ഉദ്ഘാടനത്തെ അത്ര വലിയ സംഭവമായി സൽമാനും കണക്കിലെടുത്തിരുന്നില്ല. 18 വയസ്സായപ്പോൾ മുതൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കാശ് സൽമാന് ലഭിക്കുന്നുണ്ട്. അതെല്ലാം സൂക്ഷിച്ച് വെച്ച് വീട്ടുമുറ്റത്ത് പെട്ടിക്കട തുറക്കും. കയർ വലിച്ചു കെട്ടി കത്രിക വച്ചു മുറിച്ചു കടയുടെ ഉദ്ഘാടനവും സൽമാനും കൂട്ടുകാരും നടത്തും. അങ്ങനെ നാട മുറിച്ചു നല്ല പരിചയമുണ്ട് സൽമാന്. പരിപാടിക്കെല്ലാം പോകുമ്പോൾ ആളിനൊരൽപ്പം ജാഡ ഉണ്ടത്രേ. ആളുകളെ നോക്കി പെരുമാറുവാനും, അവരെ ആകർഷിക്കുവാനും സൽമാന് നന്നായിട്ടറിയാം. കുഞ്ഞുകുട്ടികളുണ്ടെങ്കിൽ ഗ്ലാസ് വെച്ച് ഡാൻസ് കളിക്കലാണ് സൽമാന്റെ ഗ്ലാമർ ഐറ്റം.

മുഹമ്മദ്കുട്ടിയുടെയും, ഫാത്തിമയുടെയും പത്തുമക്കളിൽ ഒൻപതാമനാണ് സൽമാൻ. ഉമ്മയുടെയും സഹോദരങ്ങളുടെയും പ്രിയപ്പെട്ടവൻ. പന്ത്രണ്ടാമത്തെ വയസിലാണ് സൽമാൻ ആദ്യമായി നടന്നു തുടങ്ങിയത്. ജനിച്ച സമയത്ത് സൽമാനിലെ പ്രശ്നങ്ങൾ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ആറുമാസമായിട്ടും കമിഴ്ന്നു വീഴുകയോ കരയുകയോ ചെയ്യാതെ വന്ന സാഹചര്യത്തിൽ ഡോക്ടറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് ശാരീരികമായും, മാനസികമായും മറ്റു കുട്ടികളിൽ നിന്നും അൽപ്പം വ്യത്യസ്തനാണ് സൽമാണെന്ന് എല്ലാവർക്കും മനസിലാകുന്നത്. പിന്നീട് അവനെ മാറ്റി നിർത്താതെ ഉമ്മയും, സഹോദരങ്ങളും, സുഹൃത്തുക്കളും കൂടുതൽ സ്നേഹം നൽകി ചേർത്ത് നിർത്തുകയായിരുന്നു.

എന്തിനും, ഏതിനും താങ്ങും, തണലുമായി കൂടെ നിൽക്കുന്ന കൂട്ടുകാരെ കിട്ടിയതാണ് ഒന്റെ ഭാഗ്യമെന്ന് സൽമാന്റെ ഉമ്മയും, കൂടപ്പിറപ്പുകളും പറയുന്നു. കുറ്റിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെ ഒന്നാകെ അഭിമാനമാണ് സൽമാൻ. ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും സൽമാനെ ആളുകൾ തിരിച്ചറിയും. ഫുട്‌ബോൾ എന്ന് വെച്ചാൽ ജീവനാണ് സൽമാന്. സ്വദേശത്തും, വിദേശത്തുമായി പരിപാടികളുടെ തിരക്കിലാണ് സൽമാൻ. അവൻ ഇനിയും ഉയരങ്ങളിലെത്തണം അവന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളെല്ലാം നടക്കണം. അതാണ് സൽമാന്റെ കൂട്ടുകാരുടെ ആഗ്രഹം. ഏറ്റവും വിശ്വാസമുള്ള കൂട്ടുകാരൻ സാബിറാണ്. ജീവിതത്തിലെ ഓരോ കുഞ്ഞു സ്വപ്നങ്ങളും പൂർത്തിയാക്കി നടന്ന് നീങ്ങുന്ന സൽമാന്റെ ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹം ഒരു കാർ സ്വന്തമായി വാങ്ങിക്കുക എന്നതാണ്. തനിയ്ക്ക് കിട്ടുന്ന പൈസയെല്ലാം സൂക്ഷിച്ച് വെച്ച് ബാങ്കിൽ നിക്ഷേപിക്കുന്നത് ആ ലക്ഷ്യം സഫലമാക്കുന്നതിന് വേണ്ടിയാണ്. സൽമാന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടം എന്തിനെയാണെന്ന് ചോദിച്ചാൽ നിഷ്‍കളങ്കമായി ചിരിച്ചുക്കൊണ്ട് എന്റെ ചെങ്ങായിമാരാണെന്ന് പറയും. കാക്കത്തൊള്ളായിരം ചെങ്ങായിമാരുണ്ട്‌ സൽമാന് സ്വന്തമായി.

Articles You May Like

x