നീ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് ജീവിതത്തിൽ സൃഷ്ടിച്ചത്…; മെസ്സിയുടെ ഓർമയ്ക്കായി കയ്യിൽ നായയുടെ മുഖം പച്ചകുത്തി മാളവിക, ഇളയമകനായിരുന്നെന്ന് പാർവതി ജയറാം

ഓമനിച്ചു വളർത്തിയ വളർത്തുനായയുടെ ചിത്രം കയ്യിൽ പച്ചകുത്തി മാളവിക ജയറാം. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് മാളവിക സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും നീണ്ട കുറിപ്പും പങ്കുവച്ചത്. ഒരിക്കലും നിന്നെ വിട്ടുപിരിഞ്ഞു പോകില്ല എന്നായിരുന്നു അന്ന് മാളവിക എഴുതിയിരുന്നത്. ഇപ്പോൾ വളർത്തുനായയെ എപ്പോഴും കൂടെ കൂട്ടാനായി നായയുടെ ചിത്രം കൂടി കയ്യിൽ പച്ചകുത്തിയിരിക്കുകയാണ് മാളവിക.

“ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാനായി എനിക്ക് കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. മെസ്സി നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല. നീ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചത്. സമാധാനമായി ഉറങ്ങൂ എന്നെങ്കിലും മറ്റൊരു ലോകത്ത് നമ്മൾ വീണ്ടും കാണുമെന്നു ഉറപ്പു നൽകുന്നു. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു. അതുവരെ എന്റെ മാലാഖ ഉറങ്ങുക”.–വളർത്തുനായ മെസ്സിയുടെ വിയോഗത്തിൽ മാളവിക കുറിച്ചത് ഇങ്ങനെയാണ്. മെസ്സിയോടൊപ്പമുള്ള നിരവധി ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു.

ഇപ്പോൾ മെസ്സിയോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് മാളവിക. വളർത്തുനായ മെസ്സിയുടെ ഓർമകൾ എപ്പോഴും തന്നോടൊപ്പം നിലനിൽക്കാനായി മെസ്സിയുടെ ചിത്രമാണ് മാളവിക സ്വന്തം കയ്യിൽ പച്ച കുത്തിയിരിക്കുന്നത്. എന്റെ പ്രിയതമ എന്നെഴുതി മെസ്സിയുടെ ജനനദിവസവും മാളവിക കയ്യിൽ കുറിച്ചിട്ടുണ്ട്. എന്നാൽ മരണദിവസത്തിനു പകരം ഇൻഫിനിറ്റിയുടെ ചിഹ്നമാണ് കയ്യിൽ പച്ചകുത്തിയത്. വീട്ടിലെ ഒരംഗത്തെപ്പോലെ വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വളർത്തുനായയുടെ വിയോഗത്തിൽ ജയറാമും പാർവതിയും കാളിദാസനും കുറിപ്പുകൾ പങ്കുവച്ചിരുന്നു.

‘‘എനിക്കെഴുതാൻ വാക്കുകൾ കിട്ടുന്നില്ല. 40 ദിവസം പ്രായമുള്ള കുഞ്ഞായിട്ടാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. നിന്റെ നിസ്വാർത്ഥമായ സ്നേഹം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. നിന്റെ കുറുമ്പും തുണയും വാശിയുമെല്ലാം എനിക്ക് നഷ്ടമാവുകയാണ്. നിന്നെ എന്റെ ഇളയ മകനായിട്ടാണ് ദൈവം തന്നത്. നീയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല. നീയില്ലാത്ത വീട് ഇനി ഒരിക്കലും പഴയതുപോലെ ആകില്ല. നക്ഷത്രങ്ങൾക്കിടയിൽ മറഞ്ഞ നീ ഏറ്റവും തിളക്കമുള്ള നക്ഷത്രമാകട്ടെ. എവിടെയായിരുന്നാലും കുറുമ്പ് കാട്ടി സന്തോഷമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനമായി വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒരായിരം ഉമ്മകൾ.’’ വളർത്തുനായയുടെ വിയോഗത്തിൽ പാർവതി കുറിച്ചതിങ്ങനെയാണ്.

Articles You May Like

x