സുരേഷ് ഗോപി ചേട്ടൻ സർജറിക്കുള്ള എല്ലാ സഹായവും ചെയ്ത് തന്നു, എൻ്റെ രോഗം സുരേഷേട്ടൻ എങ്ങനെ അറിഞ്ഞു എന്നു പോലും എനിക്കറിയില്ല, ഒരിക്കൽ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല: നടൻ സുധീർ സുകുമാരൻ

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതനാണ് നടൻ സുധീർ സുകുമാരൻ. പ്രതിനായകനായി മോളിവുഡിൽ തിളങ്ങിയ നടന് മറ്റ് ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങൾ ചെയ്‌ത്‌ ഫലിപ്പിക്കാനായി. അർബുധ രോഗത്തെ അതിജീവിച്ച സുധീർ താൻ ചികിത്സയിലായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

രോഗ ബാധിതനായിരുന്ന സമയത്ത് തന്നെ സഹായിച്ച നടൻ സുരേഷ്‌ ഗോപിയെ കുറിച്ച് മനസുതുറന്നാണ് സുധീർ എത്തിയത്. ‘അമ്മ സംഘടനയിൽ നിന്ന് ഇൻഷുറൻസ്‌ അടക്കമുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന് നടൻ പറയുന്നു. പക്ഷേ എനിക്ക് എടുത്ത് പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്‌. എനിക്ക് എന്ത് സഹായവും ചെയ്‌തു കൊടുക്കണം, എന്ത് കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട്‌ ചോദിക്കരുത്‌, എന്ത്‌ ആവശ്യമുണ്ടെങ്കിലും എന്നോട്‌ ചോദിക്കണം എന്ന് ആശുപത്രി അധികൃതരോട്‌ പറഞ്ഞ ഒരു നടനുണ്ട്‌. പേര്‌ സുരേഷ്‌ ഗോപി’.

‘സുരേഷേട്ടൻറെ നമ്പർ പോലും ആ സമയത്ത് എൻറെ കൈയിൽ ഇല്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്‌തിട്ടുള്ളു. ഫോണിൽ കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ചിട്ട് എനിക്ക് എന്തു സഹായം വേണമെങ്കിലും ചെയ്‌തു കൊടുക്കണമെന്ന് പറയുകയാണ്. എൻറെ രോഗം സുരേഷേട്ടൻ എങ്ങനെ അറിഞ്ഞു എന്നു പോലും എനിക്കറിയില്ല.

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോൾ നന്ദി പറയാൻ അടുത്തേയ്‌ക്ക്‌ ചെന്നപ്പോഴേക്കും എന്നെ മൈൻഡ്‌ ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ്‌ പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്ത് മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്.

സർജറിക്കുള്ള എല്ലാ സഹായവും സുരേഷ് ഗോപി ചേട്ടൻ എനിക്കായി ചെയ്ത് തന്നു. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല. ഇനിയും രോഗം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കാറില്ല അങ്ങനെ തന്നെയാണ് സുരേഷേട്ടനും. നിന്റെ അസുഖം മാറി ഇനി എന്തിനാണ് അതിനെക്കുറിച്ച്‌ ചോദിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Articles You May Like

x