വീട്ടിലെ സ്ത്രീകള്‍ കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനുമെല്ലാം വേണ്ടിയാണ് മനസര്‍പ്പിച്ച് പൊങ്കാലയിടുന്നത്: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നടൻ സുരേഷ്‌ഗോപിയും കുടുംബവും

വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. പൊങ്കാല ചടങ്ങുകളുടെ ഭാഗമായി മൂന്ന് ദിവസമായി വീട്ടില്‍ തുടരുകയാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ സ്ത്രീകള്‍ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു

അടുത്ത തലമുറയും ഈ ചടങ്ങുകളെല്ലാം പിന്തുടരണം. മകള്‍ ഭാഗ്യ അവരുടെ ഭര്‍തൃഗൃഹത്തില്‍ പൊങ്കാലയിടും. വീട്ടിലെ സ്ത്രീകള്‍ കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനുമെല്ലാം വേണ്ടിയാണ് മനസര്‍പ്പിച്ച് പൊങ്കാലയിടുന്നത്. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ വീട്ടിലുണ്ടാകണമെന്നും അതാണ് താനും മൂന്ന് ദിവസമായി വീട്ടില്‍ തുടരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിനെയൊന്നും പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി, കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പ്രാര്‍ത്ഥനകളും ചടങ്ങുകളുമെന്നും പറഞ്ഞു.

അതേസമയം ചിപ്പി, ആനി, ജലജ, അമൃത നായര്‍, തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലെത്തിയിട്ടുണ്ട്. ഒരുപാട് വര്‍ഷമായി ആറ്റുകാലില്‍ പൊങ്കാല ഇടുന്നുണ്ടെന്ന് ചിപ്പി പറയുന്നു. ചെറുപ്പകാലം തൊട്ട് പൊങ്കാല ഇടുന്നുണ്ട്. എല്ലാ വര്‍ഷവും വരുന്നത് കൊണ്ട് ഒരുപാട് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ടെന്ന് ചിപ്പി പറയുന്നു. തടസ്സങ്ങളൊക്കെ മാറി എല്ലാം നന്നായി വരണം എന്നൊക്കെയുള്ള കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോഴുള്ള പ്രാര്‍ഥനയിലുള്ളത്. ഓരോ വര്‍ഷവും വരുമ്പോഴും ആദ്യമായി ഇടുന്നപോലെയാണ് തോന്നാറുള്ളതെന്നും ചിപ്പി പറഞ്ഞു.

Articles You May Like

x