ഇത് നിതാര ശ്രീനിഷ്; മകളുടെ നൂലുകെട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പേളി

രണ്ടാമത്തെ കുഞ്ഞിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

‘‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.’’ പേളി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ജനുവരി 13നാണ് പേളി മാണിക്കും ബി​ഗ് ബോസ് താരം ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷവും പേളി ആരാധകർക്കായി പങ്കുവച്ചിരുന്നു.

‘‘ഒൻപത് മാസങ്ങൾക്ക് ശേഷം ഒടുവിൽ ഞങ്ങൾ പരസ്പരം കണ്ടു. ഇത് ഞാൻ അവളെ ആദ്യമായി കയ്യിലെടുക്കുന്ന ചിത്രമാണിത്. അവളുടെ മൃദുലമായ ചർമവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓർമിക്കപ്പെടും. ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയായി എന്നോർക്കുമ്പോൾ അഭിമാനം കൊണ്ട് ആനന്ദക്കണ്ണീർ വരുന്നു.

നിങ്ങളെല്ലാവരും ആശംസകൾ അറിയിച്ചെന്നും പ്രാർഥനകൾ നേർന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേർത്തു പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവർക്കും നന്ദി.’’–കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി കുറിച്ചു.

2019ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. 2021 മെയ് 21ന് ഇവർക്ക് നില ജനിച്ചു.

Articles You May Like

x