ഞാൻ പറഞ്ഞത് നിങ്ങൾ വളച്ചൊടിച്ചു, നിങ്ങളാണ് വിവാദമുണ്ടാക്കിയത്, വിശദീകരണത്തിനില്ല ; നിഖില വിമൽ

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. നല്ല വേഷങ്ങളിലൂടെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ പല അഭിപ്രായങ്ങളും വാദങ്ങളും സോഷ്യൽ മീഡിയയിൽ വിവാദമാകാറുണ്ട്. ഇപ്പോഴിതാ അതിനെല്ലാം പ്രതികരണവുമായി എത്തിയിയിരിക്കുകയാണ് നിഖില.

താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. താൻ ഒരു പ്രത്യേകതയാണ് പറഞ്ഞതെന്നും വിഷയത്തിൽ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും നിഖില പറഞ്ഞു. ഒരു സംഭാഷണത്തിനിടക്കാണ് താൻ സംസാരിച്ചതെന്നും എന്നാൽ മാധ്യമങ്ങൾ അത് പ്രസ്താവനയാക്കി മാറ്റിയെന്നും കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ മാധ്യമപ്രവർത്തകരോട് നിഖില പറഞ്ഞു. കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളെ കുറിച്ച് നിഖില പറഞ്ഞതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

‘ഞാൻ പറഞ്ഞത് ഒരു വലിയ പാരാഗ്രാഫിലുള്ള കാര്യങ്ങളാണ്. ഞാൻ പറഞ്ഞത് പ്രത്യേകതയാണ്. എന്തോ വിവാദമുണ്ടാക്കാനായിട്ട് ഞാൻ അത് ചെയ്തു എന്ന് രീതിയിലാണ് നിങ്ങൾ ആ പറഞ്ഞത് കൊടുത്തത്. എല്ലാ മീഡിയയേയുമാണ് ഞാൻ പറയുന്നത്, ഒരാളെ മാത്രമല്ല. ഞാൻ എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്ന് നിങ്ങൾക്ക് അറിയാമോ എന്ന് പോലും എനിക്ക് അറിയില്ല. കിട്ടിയ ഒരു ന്യൂസ് നിങ്ങളെല്ലാവരും ഷെയർ ചെയ്തു പോകുന്നു എന്നതല്ലാതെ അതിന്റെ വാസ്തവമെന്താണെന്നോ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നോ അത് കൊടുക്കുന്നതിന് മുമ്പ് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നു. നിങ്ങളാണ് വിവാദമുണ്ടാക്കിയത്. നിങ്ങളാണ് ഈ പറഞ്ഞ ചർച്ചകളൊക്കെ നടത്തിയത്. അപ്പോൾ അതിന്റെ ബാക്കി നിങ്ങൾ തന്നെ ചെയ്‌തോ.

എന്നോടിപ്പോൾ അതിനെ പറ്റി ചോദിക്കുകയേ വേണ്ട. ഞാൻ പറഞ്ഞ സാധനമേയല്ല അത്. നിങ്ങളാണ് അതിനെ വളച്ചൊടിച്ചത്. മാധ്യമങ്ങൾ മാത്രമാണ് അതിനെ വളച്ചൊടിച്ചതും അത് പ്രസ്താവനയായി ഇറക്കിയതും. അത് പ്രസ്താവനയല്ല. ഒരു കോൺവർസേഷനിൽ പറഞ്ഞ കാര്യമാണ്. അത് എങ്ങനെയാണ് എന്റെ പ്രസ്താവനയാകുന്നത്. ഇവിടെയിരുന്ന് ഇങ്ങനെ ചെയ്യുന്നു, അല്ലെങ്കിൽ ഇങ്ങനെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ പറയുന്നതല്ലേ പ്രസ്താവന. അങ്ങനെയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്പോൾ ഞാൻ ഒരു കോൺവർസേഷനിൽ പറഞ്ഞ കാര്യം പ്രസ്താവനയല്ല. അത് നിങ്ങൾ പ്രസ്താവനയായി ഇറക്കുന്നതിനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല.

ഞാൻ പറയുന്നത് നിങ്ങൾ വളച്ചൊടിക്കുന്നത് വളരെ മോശമായ കാര്യമായാണ് എനിക്ക് തോന്നുന്നത് എന്ന നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. അതിനെ പറ്റി ഞാൻ ഇനി അഭിപ്രായം പറയില്ല. അതെന്തിനാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്ന പരിപാടി അതല്ല. ഇവിടെ വന്നിരുന്ന് അതിനെ പറ്റി അഭിപ്രായം പറയേണ്ട കാര്യവുമില്ല. ഒരു പ്രസ്താവനയായി ഞാൻ പറഞ്ഞ കാര്യങ്ങൾക്കായിരിക്കണം ക്ലാരിഫിക്കേഷൻ നൽകേണ്ടത്. ഞാൻ പറഞ്ഞ കാര്യമെന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. നിഖില വ്യക്തമാക്കി.

 

Articles You May Like

x